ഷുഹൈബ് വധക്കേസ്: പ്രതികളുടെ ജാമ്യം റദ്ദാക്കിയ ഉത്തരവിന് ഹൈക്കോടതി സ്റ്റേ
വിചാരണ നടപടികളുമായി സഹകരിക്കാത്തതിനെ തുടർന്നാണ് ജഡ്ജ് റൂബി കെ ജോസ് പ്രതികളുടെ ജാമ്യം റദ്ദാക്കിയിരുന്നത്. ഈ ഉത്തരവാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്.
കൊച്ചി: ഷുഹൈബ് വധക്കേസില്‍ പ്രതികളുടെ ജാമ്യം റദ്ദാക്കിയ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു.ആകാശ് തില്ലങ്കേരി അടക്കം 17 പ്രതികളുടെ ജാമ്യം ആയിരുന്നു ഇന്നലെ റദ്ദാക്കിയത്.
തലശ്ശേരി അഡിഷണല്‍ സെഷൻസ് കോടതി ഉത്തരവ് ആണ് റദ്ദാക്കിയത്. വിചാരണ നടപടികളുമായി സഹകരിക്കാത്തതിനെ തുടർന്നാണ് ജഡ്ജ് റൂബി കെ ജോസ് പ്രതികളുടെ ജാമ്യം റദ്ദാക്കിയിരുന്നത്. ഈ ഉത്തരവാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്.
കഴിഞ്ഞ 18നാണ് കേസില്‍ വിചാരണ തുടങ്ങിയത്. ഒന്നാം സാക്ഷി റിയാസിനെ വിസ്തരിച്ചത് നിയമപരമായി നിലനില്‍ക്കില്ലെന്ന് പ്രതിഭാഗം കോടതിയില്‍ വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല. ഇതിനെതിരെ പ്രതികള്‍ അപ്പീല്‍ നല്‍കിയിരുന്നു. ഇതോടൊപ്പം കേസ് പരിഗണിക്കുന്ന കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രതികള്‍ ഹൈക്കോടതിയെയും സമീപിച്ചു.
ഈ സാഹചര്യത്തില്‍ വിചാരണയുമായി സഹകരിക്കില്ലെന്ന് പ്രതിഭാഗം കോടതിയില്‍ നിലപാട് സ്വീകരിച്ചതിനു പിന്നാലെയാണ് ജാമ്യം റദ്ദാക്കിയത്. യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് സെക്രട്ടറിയായിരുന്ന ഷുഹൈബ് 2018 ഫെബ്രുവരി 12നാണ് കൊല്ലപ്പെടുന്നത്.
രാത്രി ചായക്കടയിൽ സുഹൃത്തുക്കളോടൊപ്പം ഇരിക്കുമ്പോഴായിരുന്നു ആക്രമണം. സുഹൃത്തുക്കളായ കീഴൂർ റിയാസ് മൻസിലിൽ റിയാസ്, നൗഷാദ്, ഇസ്മയിൽ, മൊയ്തീൻ എന്നിവർക്കും പരിക്കേറ്റു. മൂന്നുതവണ ബോംബെറിഞ്ഞാണ് അക്രമം നടത്തിയത്.
ബോംബെറിഞ്ഞ് വെട്ടിക്കൊലപ്പെടുത്തിയെന്ന കേസിൽ സി.പി.എം.- ഡി.വൈ.എഫ്.ഐ. പ്രവർത്തകരായ തില്ലങ്കേരി ലക്ഷ്മി നിലയത്തിൽ എം.വി.ആകാശ് എന്ന ആകാശ് തില്ലങ്കേരി (34), പഴയപുരയിൽ രജിൽ രാജ് (32), കൃഷ്ണ നിവാസിൽ ദീപ്ചന്ദ് (33), തയ്യുള്ളതിൽ ടി.കെ.അസ്കർ (34), മുട്ടിൽവീട്ടിൽ കെ.അഖിൽ (30), പുതിയപുരയിൽ പി.പി.അൻവർ സാദത്ത് (30), നിലാവിൽ സി.നിജിൽ (30), പി.കെ.അഭിനാഷ് (32), എ.ജിതിൻ (30), സാജ് നിവാസിൽ കെ.സഞ്ജയ് (31), രജത് നിവാസിൽ കെ.രജത്ത് (29), കെ.വി.സംഗീത് (29), കെ.ബൈജു (43), കെ.പി.പ്രശാന്ത് (52), എ.പി.സനീഷ് (35), മുട്ടിൽ എ.കെ.സുബിൻ (34), കേളോത്ത് വി.പ്രജിത്ത് (33) എന്നിവരാണ് പ്രതികൾ.
.jpg)

