ശ്രുതിസ്പർശം പദ്ധതിയിലൂടെ ശബ്ദലോകത്തേക്ക് പന്ത്രണ്ടുകാരി : ഉത്തര മലബാറിലെ ആദ്യ കോക്ലിയർ ഇംപ്ലാന്റേഷൻ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി കണ്ണൂർ ആസ്റ്റർ മിംസ്

12-year-old enters the world of sound through the 'Shruthisparsham' project: Kannur Aster MIMS successfully completes the first cochlear implantation surgery in North Malabar.

 കണ്ണൂർ: ഉത്തര മലബാറിലെ ആദ്യ അഡ്വാൻസ്ഡ് കോക്ലിയർ ഇംപ്ലാന്റേഷൻ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി കണ്ണൂർ ആസ്റ്റർ മിംസിലെ ഇ എൻ ടി വിഭാഗം. ജന്മനാ കേൾവിശക്തിയില്ലാതിരുന്ന കണ്ണൂർ സ്വദേശിയായ പന്ത്രണ്ടുകാരിയെയാണ് ഈ സങ്കീർണ്ണ ശസ്ത്രക്രിയയിലൂടെ ശബ്ദലോകത്തേക്ക് തിരികെയെത്തിച്ചത്. ശ്രവണവൈകല്യം നേരിടുന്നവർക്ക് കൈത്താങ്ങാകാൻ ആശുപത്രി ആവിഷ്കരിച്ച ശ്രുതിസ്പർശം പദ്ധതിയുടെ ഭാഗമായായിരുന്നു ശസ്ത്രക്രിയ. ഇ.എൻ.ടി വിഭാഗം മേധാവിയും അഡ്വാൻസ്ഡ് ഹിയറിങ് ആൻഡ് കോക്ലിയർ ഇംപ്ലാന്റേഷൻ സർജനുമായ ഡോ. രാമകൃഷ്ണനും അനസ്തേഷ്യ വിഭാഗം മേധാവി ഡോ. സുപ്രിയ രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘമാണ് ശസ്ത്രക്രിയ പൂർത്തിയാക്കിയത്.

ജനിതകപരമായ കാരണങ്ങളാൽ ജന്മനാ തന്നെ കുട്ടിക്ക് കേൾവിക്കുറവുണ്ടായിരുന്നു. തൊണ്ണൂറ് ശതമാനത്തോളം കേൾവിശക്തി നഷ്ടപ്പെട്ടതിനാൽ സംസാരശേഷി ആർജ്ജിക്കുന്നതിനും പന്ത്രണ്ടുകാരി വലിയ വെല്ലുവിളി നേരിട്ടിരുന്നു. സാധാരണ ശ്രവണസഹായികൾ  ഉപയോഗിച്ചിട്ടും ഫലമുണ്ടാകാതിരുന്ന സാഹചര്യത്തിലാണ് വിദഗ്ധ പരിശോധനകൾക്കൊടുവിൽ കോക്ലിയർ ഇംപ്ലാന്റേഷൻ ശസ്ത്രക്രിയ നിർദ്ദേശിച്ചത്. കണ്ണൂർ ആസ്റ്റർ മിംസും ആസ്റ്റർ വോളന്റിയേഴ്‌സും സംയുക്തമായി നടപ്പാക്കുന്ന ശ്രുതിസ്പർശം പദ്ധതിയിലൂടെ മേഖലയിലെ നിർധനരായ നിരവധി കേൾവിപരിമിതർക്ക് ഇതിനോടകം സഹായം ലഭ്യമാക്കിയിട്ടുണ്ട്. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്ത ശ്രുതിസ്പർശം പദ്ധതിയുടെ ആദ്യഘട്ടത്തിന്റെ ഭാഗമായി ഈ പന്ത്രണ്ടുകാരിക്ക് സൗജന്യനിരക്കിൽ കോക്ലിയർ ഇംപ്ലാന്റേഷൻ ശസ്ത്രക്രിയ പ്രഖ്യാപിച്ചത്. 

ആന്തരിക കർണ്ണത്തിലെ തകരാറിലായ ഭാഗങ്ങളെ മറികടന്ന് ശബ്ദതരംഗങ്ങളെ വൈദ്യുത സിഗ്നലുകളാക്കി നേരിട്ട് ശ്രവണ സംബന്ധമായ നാഡികളിലേക്ക് എത്തിക്കുന്ന അത്യാധുനിക ഇലക്ട്രോണിക് ഉപകരണമാണ് കോക്ലിയർ ഇംപ്ലാന്റ്. അതീവ സൂക്ഷ്മത ആവശ്യമുള്ള ഈ ശസ്ത്രക്രിയയിലൂടെ ഉപകരണം കുട്ടിയുടെ കർണ്ണപടത്തിന് പിന്നിൽ വിജയകരമായി സ്ഥാപിച്ച ശേഷം ഇംപ്ലാന്റ് മികച്ച രീതിയിൽ പ്രവർത്തിക്കുന്നുണ്ടെന്നും തുടർന്നുള്ള ഓഡിയോളജി-സ്പീച്ച് തെറാപ്പിയിലൂടെ കുട്ടിക്ക് സംസാരശേഷി പൂർണ്ണമായി ലഭിക്കുമെന്നും ഇ.എൻ.ടി വിഭാഗം മേധാവി ഡോ. രാമകൃഷ്ണൻ വ്യക്തമാക്കി. 

കോക്ലിയർ ഇംപ്ലാന്റേഷൻ പോലുള്ള  അത്യാധുനിക ചികിത്സാ സംവിധാനങ്ങളും വിദഗ്ധ ഡോക്ടർമാരുടെ സേവനവും സംയോജിപ്പിച്ചുകൊണ്ടാണ് കണ്ണൂർ ആസ്റ്റർ മിംസ് ഉത്തര മലബാറിന്റെ സമ്പൂർണ്ണ ആരോഗ്യപരിപാലന കേന്ദ്രമായി മാറിയത്. മേഖലയിലെ ആദ്യ കോക്ലിയർ ഇംപ്ലാന്റേഷൻ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കാൻ സാധിച്ചത് ആശുപത്രിയുടെ ചികിത്സാ മികവിന്റെ നേട്ടമാണ്.  കേൾവിശക്തി തിരികെ നൽകുക എന്നതിലുപരി കുട്ടിക്ക് ശോഭനമായൊരു ഭാവിയൊരുക്കാൻ ആശുപത്രിയുടെ ശ്രുതിസ്പർശം പദ്ധതിയിലൂടെ കഴിഞ്ഞുവെന്നതാണ് ഏറെ സന്തോഷകരം എന്ന് കണ്ണൂർ ആസ്റ്റർ മിംസ് സി.ഒ.ഒ. ഡോ. അനൂപ് നമ്പ്യാർ പറഞ്ഞു.

Tags