കൊച്ചിയിൽ നടുക്കുന്ന സംഭവം; വൈദ്യപരിശോധനയ്ക്കിടെ പൊലീസുകാരന്റെ കൈ കടിച്ചുമുറിച്ച് പ്രതിയുടെ പരാക്രമം

Shocking incident in Kochi; Accused bites off policeman's hand during medical examination

കൊച്ചി: കൊച്ചിയിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയതിന് പിടിയിലായ പ്രതി പൊലീസുകാരന്റെ കൈ കടിച്ചുമുറിച്ചു. കൊല്ലം ശാസ്താംകോട്ട സ്വദേശി മുഹമ്മദ് ഇഖ്ബാലാണ് എറണാകുളം നോർത്ത് സ്റ്റേഷനിലെ സി.പി.ഒ അജിത് പോളിനെ ആക്രമിച്ചത്. തിങ്കളാഴ്ച രാത്രി പട്രോളിങ്ങിനിടെയായിരുന്നു സംഭവം.നോർത്ത് പാലത്തിന് സമീപം മദ്യപിച്ച് ബഹളമുണ്ടാക്കിയതിനെ തുടർന്ന് കസ്റ്റഡിയിലെടുത്ത ഇയാളെ നോർത്ത് സ്റ്റേഷനിൽ എത്തിച്ചപ്പോഴേക്കും അക്രമാസക്തനാകുകയായിരുന്നു. "ധൈര്യമുണ്ടെങ്കിൽ എനിക്കെതിരെ കേസെടുക്ക് സാറേ... കാക്കിയിട്ടവന്മാർക്ക് ആർക്കെങ്കിലും ധൈര്യമുണ്ടോ?" എന്ന് ചോദിച്ച് ഇയാൾ പൊലീസിനെ വെല്ലുവിളിക്കുകയും അസഭ്യം പറയുകയും ചെയ്തു. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

തുടർന്ന് വൈദ്യപരിശോധനയ്ക്കായി എറണാകുളം ജനറൽ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടയിലാണ് പൊലീസുകാരനായ അജിത് പോളിന്റെ കൈത്തണ്ട ഇയാൾ കടിച്ചുമുറിച്ചത്. മറ്റ് ഉദ്യോഗസ്ഥർ ചേർന്ന് ഉടൻതന്നെ ഇയാളെ കീഴ്പ്പെടുത്തുകയായിരുന്നു. പരിക്കേറ്റ പൊലീസുകാരൻ ചികിത്സ തേടി. പ്രതി ലഹരി വല്ലതും ഉപയോഗിച്ചിട്ടുണ്ടോ എന്ന് സ്ഥിരീകരിക്കുന്നതിനായി രാസപരിശോധനയ്ക്കുള്ള സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. പൊലീസിനെ കയ്യേറ്റം ചെയ്തതിനും ഔദ്യോഗിക കൃത്യതടസ്സം വരുത്തിയതിനും ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്. രാത്രികാലങ്ങളിൽ കൊച്ചിയിൽ ലഹരി ഉപയോഗിച്ചുള്ള അതിക്രമങ്ങൾ വർധിച്ചുവരുന്നതിന്റെ മറ്റൊരു ഞെട്ടിക്കുന്ന ഉദാഹരണമാണിത്.

Tags