' ഉയിർ' സിനിമയ്ക്കാസ്പദമായ ശോഭ കൊലക്കേസ്; രണ്ടാം ഭർത്താവ് കുറ്റക്കാരൻ, ശിക്ഷ വിധി നവംബർ 27 ന്

Shobha murder case, which inspired the film 'Uyir': Second husband found guilty; sentencing set for November 27.

തലശ്ശേരി: ഇരിട്ടിയിൽ യുവതിയുടെ ദേഹത്ത് കയറിയിരുന്ന് കഴുത്തു ഞെരുക്കി ബോധം കെടുത്തിയ ശേഷം കിണറ്റിൽ തള്ളിയിട്ടു കൊലപ്പെടുത്തിയെന്ന കേസിൽ പ്രതിയെ കുറ്റക്കാരനാണെന്നു കണ്ടെത്തി. കൊല്ലപ്പെട്ട ശോഭയുടെ രണ്ടാം ഭർത്താവ് മഞ്ചുനാഥി (44) നെയാണ് തലശ്ശേരി അഡീഷണൽ സെഷൻസ് കോടതി (ഒന്ന്) കുറ്റക്കാരാണെന്നു കണ്ടെത്തിയത്. 

പ്രതിക്കുള്ള ശിക്ഷ നാളെ (നവംബർ 27 ന്) പ്രസ്താവിക്കും. 2017 ജനുവരി 21നാണ് കേസിനാസ്‌പദമായ സംഭവം. പോസ്റ്റുമോർട്ടത്തിലാണ് കർണാടക സ്വദേശിനിയായ ശോഭയെ കൊലപ്പെടുത്തിയതാണെന്നു വ്യക്തമായത്. കൊലപാതകത്തിനു ശേഷം ശോഭയുടെ ആദ്യ വിവാഹത്തിലുള്ള രണ്ടു മക്കളുമായി മഞ്ജുനാഥ് ട്രെയിനിൽ കയറി മുംബൈയിലേയ്ക്ക് തിരിച്ചു. യാത്രാമധ്യേ അഞ്ച് വയസ്സുള്ള ആൺകുട്ടിയേയും അനുജത്തിയേയും ഉപേക്ഷിച്ചു.

പോലീസെത്തിയാണ് കുട്ടികളെ ആശുപത്രിയിലെത്തിച്ചത്. കുട്ടി നൽകിയ മൊഴി പ്രകാരമാണ് പിന്നീട് രണ്ടാനച്ഛനായ മഞ്ചുനാഥിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ശോഭയുടെ ആദ്യ ഭർത്താവായ രാജുവിൻ്റേതു കൊലപാതകമായിരുന്നു. ശോഭയും മഞ്ചുനാഥും ചേർന്ന് രാജുവിനെ കൊലപ്പെടുത്തി മൃതദേഹം വനത്തിലെത്തിച്ച് കത്തിച്ചു കളഞ്ഞ ശേഷം രക്ഷപ്പെടുകയായിരുന്നു. 

പിന്നീടാണ് കർണാടക സ്വദേശികളായ ഇരുവരും ഇരിട്ടിയിൽ എത്തിയത്. ആദ്യ ഭർത്താവിൻ്റെ കൊലപാതക വിവരം പോലീസിനോട് വെളിപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതിനെ തുടർന്നാണ് ശോഭയെ കൊലപ്പെടുത്തിയത്. 

ശോഭയുടെ കൊലപാതകവും കുട്ടികളെ ട്രെയിനിൽ ഉപേക്ഷിച്ചു കടന്നു കളഞ്ഞതുമായ സംഭവമാണ് 2026 ജൂണിൽ പുറത്തിറങ്ങിയ 'ഉയിർ' എന്ന ചിത്രത്തിൻ്റെ ഇതിവൃത്തം. ശോഭയുടെ രണ്ട് കുഞ്ഞുങ്ങൾ അന്നത്തെ കേസ് അന്വേഷണം നടത്തിയ പൊലിസ് ഉദ്യോഗസ്ഥനും ഇപ്പോഴത്തെ തിരൂർ സി ഐ യുമായ അൻഷാദിൻ്റെ സംരക്ഷണയിലാണ്. ശോഭ വധക്കേസിൽ അന്നത്തെ ഇരിട്ടി എസ് ഐയായ അൻഷാദ് നടത്തിയ സാഹസിക അന്വേഷണമാണ് നിർണായകമായത്. ഇതാണ് പിന്നീട് സിനിമ തിരക്കഥയായി മാറിയത്.

Tags