പത്തനംതിട്ടയിൽ പത്തുവയസുകാരിക്ക് ഷിഗെല്ല സ്ഥിരീകരിച്ചു
കേരളത്തിൽ ആശങ്ക പരത്തി ഷിഗെല്ല രോഗബാധ പത്തനംതിട്ട ജില്ലയിലേക്കും വ്യാപിക്കുന്നു. എഴിക്കാട് ഉന്നതി സ്വദേശിയായ പത്തുവയസുകാരിക്കാണ് ജില്ലയിൽ ആദ്യമായി ഷിഗെല്ല സ്ഥിരീകരിച്ചത്. രോഗബാധയെത്തുടർന്ന് കുട്ടിയെ കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ കുട്ടി അവിടെ ചികിത്സയിലാണ്. പത്തനംതിട്ടയ്ക്ക് പുറമേ കഴിഞ്ഞ ദിവസം കോഴിക്കോട് നാല് പേർക്കും പാലക്കാട് ഒരാൾക്കും കൂടി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കൂടുതൽ ജില്ലകളിലേക്ക് രോഗം പടരുന്നത് ആരോഗ്യവകുപ്പിനെ വലിയ രീതിയിൽ ആശങ്കപ്പെടുത്തുന്നുണ്ട്.
മുൻ വർഷങ്ങളെ അപേക്ഷിച്ച് സംസ്ഥാനത്ത് ഇത്തവണ ഷിഗെല്ല രോഗബാധയിൽ വൻ വർധനവാണ് രേഖപ്പെടുത്തുന്നത്. ഈ വർഷം ഇതുവരെ 294 പേർക്ക് രോഗം സ്ഥിരീകരിച്ചപ്പോൾ, ജൂൺ മാസം മുതൽ മാത്രം 216 പേർക്കാണ് രോഗബാധയുണ്ടായത്. ഇതിനോടകം ആറ് മരണങ്ങളും സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മലിനമായ വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയും പകരുന്ന ഈ ബാക്ടീരിയ രോഗത്തിനെതിരെ ജനങ്ങൾ കടുത്ത ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
.jpg)

