പ്രതിസന്ധികൾ തരണം ചെയ്യാൻ വിശ്വാസികൾ ഖുർആൻ മുറുകെപിടിക്കണം : കാന്തപുരം


കോഴിക്കോട്: സാമൂഹിക പ്രശ്നങ്ങളും ജീവിത പ്രതിസന്ധികളും തരണം വിശ്വാസികൾ വിശുദ്ധ ഖുർആൻ മുറുകെ പിടിക്കണമെന്നും ഖുർആൻ സന്ദേശങ്ങൾ ജീവിതത്തിൽ സമാധാനവും സ്വസ്ഥതയും സാധ്യമാകുമെന്നും കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ. മർകസ് ഖുർആൻ സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ജനങ്ങൾ തമ്മിലുള്ള സൗഹൃദ ജീവിതവും സാഹോദര്യവും വിളംബരം ചെയ്യുന്ന ഒട്ടേറെ ഖുർആൻ സൂക്തങ്ങൾ ഉണ്ട്.
സ്നേഹം, കരുണ, പ്രത്യാശ, സമാധാനം തുടങ്ങിയ മാനവിക മൂല്യങ്ങളാണ് ഖുർആൻ പഠിപ്പിക്കുന്നത്. ഖുർആൻ ജീവിതശൈലിയായി മുറുകെപിടിച്ച വിശ്വാസിക്ക് സമൂഹത്തിലെ ആരെയും ദ്രോഹിക്കാൻ ആവില്ലെന്നും സാമൂഹിക-മാനസിക പ്രശ്നങ്ങളെ അതിജയിക്കാനുള്ള ആത്മധൈര്യം ചരിത്ര പാഠങ്ങളുടെ പിൻബലത്തോടെ ഖുർആൻ പകരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ദേശീയ-അന്തർദേശീയ വേദികളിൽ കഴിഞ്ഞ 60 വർഷമായി ഖുർആൻ പ്രഭാഷണങ്ങൾ നടത്തിവരുന്ന ഗ്രാൻഡ് മുഫ്തിയുടെ പ്രഭാഷണം ശ്രവിക്കാൻ നിരവധിപേരാണ് ഇന്നലെ മർകസിൽ എത്തിയത്.
