വെറുപ്പിന്റെ രാഷ്ട്രീയത്തിന് പരിധിയുണ്ടെന്ന് തെളിഞ്ഞു : ശശി തരൂർ

google news
shashi

തിരുവനന്തപുരം: വെറുപ്പിന്റെ രാഷ്ട്രീയത്തിന് പരിധിയുണ്ടെന്ന് തെളിഞ്ഞുവെന്ന് ശശി തരൂർ. കർണാടകയിലെ കോൺ‌​ഗ്രസ് വിജയത്തിന്റെ പശ്ചാത്തലത്തിലായിരുന്നു തരൂരിന്റെ വാക്കുകൾ. പ്രതിപക്ഷത്തിന്റെ ഐക്യത്തിന്റെ സമയമാണിത്. വലിയ സന്തോഷം നിറഞ്ഞ നിമിഷം കൂടിയാണ്. പ്രാദേശിക നേതൃത്വത്തിന്റെ ശക്തിയാണ് വിജയത്തിന് പിന്നിൽ പ്രവർത്തിച്ചത്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് വലിയ നേട്ടമുണ്ടാക്കുമെന്നും ശശി തരൂർ വ്യക്തമാക്കി.

അതേ സമയം, കർണാടകയിലെ കോൺഗ്രസിന്റെ മിന്നും വിജയത്തിൽ പ്രതികരിച്ച് സിപിഎം. ദക്ഷിണേന്ത്യയെ ബിജെപി വിമുക്തമാക്കാനായത് സന്തോഷകരമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാധ്യമങ്ങളോട് പ്രതികരിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പെടെ വന്ന് കർണാടകയിൽ ക്യാമ്പ് ചെയ്ത് പ്രചാരണം നടത്തിയിട്ടും ബിജെപിക്ക് കാര്യമുണ്ടായില്ല.  വർഗ്ഗീയതയോടുളള ശക്തമായ വിയോജിപ്പും ഭരണവിരുദ്ധ വികാരവും കർണാടകയിൽ പ്രതിഫലിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എന്നാൽ കർണാടകയിലെ കോൺഗ്രസ് വിജയത്തെ ദേശീയ തലത്തിൽ കോൺഗ്രസിന്റെ തിരിച്ചുവരവെന്ന് പറയാൻ കഴിയില്ലെന്നും ഗോവിന്ദൻ അഭിപ്രായപ്പെട്ടു. ലോക്സഭ തിരഞ്ഞെടുപ്പിൽ ഓരോ സംസ്ഥാനത്തെയും ഓരോ യൂണിറ്റായി കാണണം. ബി ജെ പി വിരുദ്ധ വോട്ടുകൾ ഏകോപിപ്പിച്ച് രാജ്യത്ത് നിന്നും ബിജെപിയെ പുറത്താക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags