ഷാരോൺ വധക്കേസ് : പ്രതി ഗ്രീഷ്മ കസ്റ്റഡിയിൽ തുടരും

നെയ്യാറ്റിൻകര: പാറശാല ഷാരോൺരാജ് വധക്കേസിൽ ഒന്നാം പ്രതി ഗ്രീഷ്മയെ കസ്റ്റഡിയിൽ തന്നെ വിചാരണ നടത്താൻ പ്രോസിക്യൂഷൻ അനുമതി. തിരുവനന്തപുരം റൂറൽ ക്രൈം ബ്രാഞ്ച് ഡെപ്യൂട്ടി സൂപ്രണ്ട് രാസിത്ത് നൽകിയ ഹർജി പരിഗണിച്ചാണ് നെയ്യാറ്റിൻകര അഡീഷനൽ സെഷൻസ് കോടതി പ്രോസിക്യൂഷന് അനുമതി നൽകിയത്.
ഒന്നാം പ്രതിക്ക് ജാമ്യം ലഭിച്ചാൽ സാക്ഷികളെ സ്വാധീനിക്കാനും തെളിവുകൾ നഷ്ടപ്പെടാനും ഇടയുണ്ടെന്നം ആത്മഹത്യാ പ്രവണതയുള്ളയാൾ ജാമ്യത്തിൽ ഇറങ്ങുന്നത് അപകടമാണെന്നുമുള്ള സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ വി.എസ് വിനീത് കുമാറിന്റെ വാദം അംഗീകരിച്ചാണ് കസ്റ്റഡി വിചാരണ കോടതി അനുവദിച്ചത്.
പ്രതിക്കുവേണ്ടി ജാമ്യ അപേക്ഷ ഫയൽ ചെയ്തിരുന്നുവെങ്കിലും അപ്രതീക്ഷിതമായി പ്രതിഭാഗം അഭിഭാഷകൻ ഹരജി പിൻവലിച്ചു. കസ്റ്റഡി വിചാരണ ഹരജി തീർപ്പായശേഷം വീണ്ടും ജാമ്യ അപേക്ഷ നൽകാൻ അനുവദിക്കണമെന്ന പ്രതിഭാഗത്തിന്റെ വാദം കോടതി അംഗീകരിച്ചു. പ്രാരംഭ വാദത്തിനായി കോടതി കേസ് മാറ്റി. ഷാരോൺ രാജിന്റെ മാതാവിനും സഹോദരനും വേണ്ടി അഡ്വ. എയ്ഞ്ചൽ ആൽബർട്ട് കോടതിയിൽ ഹാജരായി.