ശാന്തൻപാറ കൊലപാതകം: കടം വാങ്ങിയ 10,000 രൂപ തിരികെ ചോദിച്ചതിൽ തർക്കം; പശ്ചിമ ബംഗാൾ സ്വദേശി അറസ്റ്റിൽ
ഇടുക്കി: ശാന്തൻപാറ ചേരിയാറിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന റാണിയെ കൊലപ്പെടുത്തിയ കേസിൽ പ്രതി അറസ്റ്റിലായി. പശ്ചിമ ബംഗാൾ ബർദ്വാൻ റായ്ഗ്രാം സ്വദേശിയായ നായ്ക് ദഫേദാർ മുഹമ്മദിനെയാണ് പൊലീസ് പിടികൂടിയത്. കടം വാങ്ങിയ പണം തിരികെ നൽകാത്തതിനെ തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് വ്യക്തമാക്കി.
കഴിഞ്ഞ എട്ടാം തീയതിയാണ് റാണി കൊല്ലപ്പെട്ടത്. പ്രതിയുടെ പക്കൽ നിന്ന് റാണി 10,000 രൂപ കടം വാങ്ങിയിരുന്നു. ഈ പണം തിരികെ ചോദിച്ചെങ്കിലും ലഭിക്കാത്തതിനെ തുടർന്നുണ്ടായ വാക്കേറ്റവും കയ്യാങ്കളിയുമാണ് കൊലപാതകത്തിൽ കലാശിച്ചത്. വീടിന്റെ അടുക്കള ഭാഗത്ത് വെച്ച് പ്രതി കല്ലുകൊണ്ട് റാണിയുടെ തലയിൽ ഇടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
എട്ടാം തീയതി കൊല്ലപ്പെട്ട റാണിയുടെ മൃതദേഹം പത്താം തീയതിയാണ് അയൽവാസി കണ്ടെത്തിയത്. മുഖം വികൃതമായും കൈ വേർപെട്ട നിലയിലും കാണപ്പെട്ടതിനാൽ വന്യമൃഗങ്ങളുടെ ആക്രമണമാകാമെന്നായിരുന്നു ആദ്യ നിഗമനം. എന്നാൽ പൊലീസിന്റെ പ്രാഥമിക പരിശോധനയിലാണ് ഇത് കൊലപാതകമാണെന്ന് സ്ഥിരീകരിച്ചത്.കൃത്യത്തിന് ശേഷം ട്രെയിൻ മാർഗം നാട്ടിലേക്ക് രക്ഷപ്പെട്ട പ്രതിയെ, വിവിധ റെയിൽവേ സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് നടത്തിയ നിരീക്ഷണത്തിനൊടുവിൽ പശ്ചിമ ബംഗാളിലെ സിയാൽദയിൽ നിന്നാണ് അന്വേഷണ സംഘം പിടികൂടിയത്.
.jpg)

