ഉരുളുന്ന പന്തിനെ ചക്രം കൊണ്ട് തടയും; വീൽചെയർ ക്രിക്കറ്റുമായി ഷാനിൽ

google news
Shanil
മലപ്പുറം: ഒന്നര വയസ്സിൽ പോളിയോ ബാധിച്ച് അരയ്ക്ക് താഴെ തളർന്ന ശരീരമാണ് 34കാരനായ മലപ്പുറം പാങ്ങ് സ്വദേശി മുഹമ്മദ് ഷാനിലിന്റേത്. ശാരീരിക പരിമിതികളോട് പൊരുതി കേരള വീൽചെയർ ക്രിക്കറ്റ് അസോസിയേഷൻ ഒഫ് ഇന്ത്യയുടെ സി.ഇ.ഒയും തമിഴ്‌നാട് വീൽചെയർ ക്രിക്കറ്റ് അസോസിയേഷൻ ഒഫ് ഇന്ത്യയുടെ സ്ഥാപകനുമാണ് ഇന്ന് അദ്ദേഹം. തമിഴ്‌നാട് വീൽചെയർ ക്രിക്കറ്റ് ടീമിനു വേണ്ടി കളിച്ചിട്ടുള്ള അദ്ദേഹം ഇപ്പോൾ കേരള ടീമിന്റെ പരിശീലകന്റെ റോളിലാണ്.
സ്‌കൂൾ പഠനകാലത്ത് കൂട്ടുകാർ ക്രിക്കറ്റ് കളിക്കുമ്പോൾ കാണിയാകാറുള്ള ഷാനിൽ ഒരിക്കൽ വീൽചെയറിലിരുന്ന് കൂട്ടുകാർക്കൊപ്പം ഗ്രൗണ്ടിലിറങ്ങി. നന്നായി ബാറ്റ് ചെയ്തത് കണ്ട് ചുറ്റുമുള്ളവർ കൈയ്യടിച്ചു. പിന്നീട്, വീൽചെയറിലിരുന്നുള്ള ക്രിക്കറ്റ് പതിവാക്കി. അരയ്ക്ക് താഴെ ചലനശേഷി നഷ്ടപ്പെട്ടവരേയും ക്രിക്കറ്റിലേക്ക് അടുപ്പിക്കണമെന്നത് വലിയ ആഗ്രഹമായി. പഠന ശേഷം വീൽചെയർ ക്രിക്കറ്റ് ടീം ഉണ്ടാക്കാനുള്ള സാദ്ധ്യതകളെക്കുറിച്ച് അന്വേഷിച്ചപ്പോഴാണ് ഫിസിക്കലി ചലഞ്ച്ഡ് ക്രിക്കറ്റ് ടീമിന്റെ ഇന്ത്യയിലെ ഏറ്റവും വലിയ ഭരണസ്ഥാപനമായ ദിവ്യാംഗ് ക്രിക്കറ്റ് കൺട്രോൾ ബോർഡ് ഒഫ് ഇന്ത്യയെക്കുറിച്ച് അറിയാനിടയായത്. മികച്ച ടീം രൂപീകരിക്കാനായി അടുത്ത ശ്രമം.
ആ സമയത്ത് തമിഴ്‌നാട്ടിലെ റീഹാബിലിറ്റേഷൻ സെന്ററിൽ അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫീസറായി ജോലി ചെയ്യുകയായിരുന്നു. അവിടെയെത്തുന്ന സ്‌പൈനൽ കോഡ് ഇഞ്ചുറിയും പോളിയോയും ബാധിച്ച് അരയ്ക്ക് താഴെ ചലനശേഷി നഷ്ടപ്പെട്ടവരിൽ നിന്നും കാലുകൾ മുറിച്ച് കളയേണ്ടി വന്നവരിൽ നിന്നും ക്രിക്കറ്റിനോട് താല്പര്യമുള്ളവരെ കണ്ടെത്തി താൻ ഉൾപ്പെടുന്ന തമിഴ്‌നാട് വീൽചെയർ ക്രിക്കറ്റ് അസോസിയേഷൻ ടീമുണ്ടാക്കി. പാരാ സ്‌പോർട്‌സ് ട്രെയ്‌നർ പളനിസ്വാമിയുടെ നേതൃത്വത്തിൽ പരിശീലനം നൽകി മികച്ച ടീമാക്കി മാറ്റി. അഞ്ച് വർഷം മുമ്പാണ് അഫിലിയേഷൻ നേടിയത്. രാജ്യത്തെ വിവിധ ടൂർണ്ണമെന്റുകളിൽ ടീം മാറ്റുരച്ചു. പിന്നീട് കേരളത്തിലേക്ക് താമസം മാറ്റിയപ്പോൾ അവിടെയും ടീം രൂപീകരിക്കണമെന്ന ചിന്ത വന്നു. പുളിക്കൽ എബിലിറ്റി ഫൗണ്ടേഷന്റെ സഹായത്തോടെ പ്രതിഭ വീൽചെയർ ക്രിക്കറ്റ് അസോസിയേഷൻ ടീം രൂപീകരിച്ച് പാരാ ട്രെയിനർ അഖിലിന്റെ നേതൃത്വത്തിൽ പരിശീലനം നൽകി. ഒൻപത് മാസം മുമ്പ് അഫിലിയേഷൻ നേടി.
ഒരുപാട് പേരുടെ പുഞ്ചിരിയ്ക്ക് കാരണം താനാണെന്നതിന്റെ സന്തോഷത്തിലാണ് മുഹമ്മദ് ഷാനിൽ ഇന്ന്. കൈകളെ ചിറകുകളാക്കി പറന്നുയർന്നാൽ പ്രതിസന്ധികൾ മറികടക്കാമെന്ന് മുഹമ്മദ് ഷാനിൽ പറയുന്നു.

Tags