ഷാജി അലക്‌സ് സ്മാരക ദൃശ്യമാധ്യമ പുരസ്‌കാരം ശ്രാവണ്‍ കൃഷ്ണയ്ക്ക്

Shaji Alex Memorial Visual Media Award goes to Shravan Krishna

പത്തനംതിട്ട: പ്രസ്‌ക്ലബ് മുന്‍ സെക്രട്ടറിയും ട്രഷറാറും സൂര്യ ടിവി ചീഫ് റിപ്പോര്‍ട്ടറുമായിരുന്ന അന്തരിച്ച ഷാജി അലക്‌സിന്റെ സ്മരണയ്ക്കായി ഏര്‍പ്പെടുത്തിയ പ്രഥമ ദൃശ്യമാധ്യമ പുരസ്‌കാരം ഏഷ്യാനെറ്റ് ന്യൂസ് ചീഫ് റിപ്പോര്‍ട്ടര്‍ ശ്രാവണ്‍ കൃഷ്ണയ്ക്ക്. പത്തനംതിട്ട പ്രസ്‌ക്ലബും ഷാജി അലക്‌സിന്റെ കുടുംബാംഗങ്ങളും ചേര്‍ന്ന് ഏര്‍പ്പെടുത്തിയിട്ടുള്ള പുരസ്‌കാരം 15000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ്. 2026 ഒക്ടോബര്‍ 11 ഞായറാഴ്ച പത്തനംതിട്ട പ്രസ് ക്ലബിന്റെ നവീകരിച്ച ലൈബ്രറി ഹാളില്‍ ഷാജി അലക്‌സിന്റെ 17 ാമത് അനുസ്മരണത്തോടനുബന്ധിച്ചു  ചേരുന്ന യോഗത്തില്‍ ഗവ. ചീഫ് വിപ്പ് അപു ജോണ്‍ ജോസഫ് അവാര്‍ഡുദാനം നിര്‍വഹിക്കും. പ്രസ്‌ക്ലബ് പ്രസിഡന്റ് ബിജു കുര്യന്‍ അധ്യക്ഷത വഹിക്കും.

സാമൂഹിക പ്രതിബദ്ധത ലക്ഷ്യമിട്ടു തയാറാക്കിയ വാര്‍ത്തകളാണ് അവാര്‍ഡിനായി പരിഗണിച്ചത്. പ്രമുഖ മാധ്യമ പ്രവര്‍ത്തകരായ ബൈജു ചന്ദ്രന്‍, ജോര്‍ജ് പുളിക്കല്‍ എന്നിവരടങ്ങുന്ന സമിതിയാണ് അവാര്‍ഡ് ജേതാവിനെ കണ്ടെത്തിയത്. പ്രസ്‌ക്ലബ് വൈസ് പ്രസിഡന്റ് സി.കെ. അഭിലാല്‍ കോ ഓര്‍ഡിനേറ്ററായിരുന്നു. ശ്രാവണ്‍ കൃഷ്ണ തയാറാക്കിയ കെണിയായി മാറുന്ന വായ്പ ആപ്പുകളെ സംബന്ധിച്ച റിപ്പോര്‍ട്ടാണ് അവാര്‍ഡിനായി തെരഞ്ഞെടുത്തത്. ദൃശ്യമാധ്യമ വാര്‍ത്തകളുടെ പരിമിതികളും സാധ്യതയും ഉപയോഗിച്ച് സമൂഹത്തെ ഗ്രസിക്കുന്ന ഒരു ദുരന്തത്തെ ചൂണ്ടിക്കാണിക്കാനും  കഴിഞ്ഞ ഒരു റിപ്പോര്‍ട്ടാണ് ശ്രാവണ്‍ കൃഷ്ണയുടേതെന്ന് അവാര്‍ഡ് നിര്‍ണയ സമിതി അഭിപ്രായപ്പെട്ടു.
വയനാട് കല്പറ്റ തെക്കുംതറ സ്വദേശിയാണ് ശ്രാവണ്‍ കൃഷ്ണ. 2014ല്‍ മീഡിയ വണ്‍ ചാനലിലൂടെ മാധ്യമ പ്രവര്‍ത്തനം ആരംഭിച്ചു. 2015 മുതല്‍ ഏഷ്യാനെറ്റ് ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ തിരുവനന്തപുരം ബ്യൂറോയില്‍ ചീഫ് റിപ്പോര്‍ട്ടറാണ്.

Tags