സ്‌കൂൾ ക്ലാസ് മുറിയിൽ പാമ്പ് കടിയേറ്റ് മരണപ്പെട്ട ഷഹ്‌ല ഷെറിന്റെ ഓർമ്മകൾക്ക് ആറ് വർഷം ; ഒപ്പം അഡ്വ. കുളത്തൂർ ജയ്‌സിങിന്റെ ആറുവർഷം നീണ്ട പോരാട്ടത്തിൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കിയ ഹൈക്കോടതി വിധി
വയനാട് : ഷഹ്‌ല ഷെറിൻ ഓർമ്മയായിട്ട് ആറ് വർഷം, ഒപ്പം അഡ്വ. കുളത്തൂർ ജയ്‌സിങിന്റെ ഫലം കണ്ട നിയമ പോരാട്ടം മാതൃക. സർക്കാർ സ്‌കൂളിലെ ക്ലാസ് റൂമിൽ വച്ച് പാമ്പ് കടിയേറ്റതുമായി ബന്ധപ്പെട്ട ഒൻപത് വയസ്സുകാരിക്ക് ജീവൻ ബലി കൊടുക്കേണ്ടി വന്ന ഓർമ്മകൾക്ക് ആറ് വർഷം തികയുന്നു. ഇതിനോടൊപ്പം മറ്റൊരു കുട്ടിക്ക് ഇത് ഉണ്ടാകരുതെന്ന് ഉറപ്പാക്കാൻ ആവിശ്യമായ നടപടികൾക്കായി ആറു വർഷം നീണ്ട നിയമ പോരാട്ടമാണ് പൊതു പ്രവർത്തകനായ യുവ അഭിഭാഷകൻ അഡ്വ. കുളത്തൂർ ജയ്‌സിങിന് നടത്തേണ്ടി വന്നത്. വയനാട് സുൽത്താൻ ബത്തേരി ഗവണ്മെന്റ് സർവ്വജന വൊക്കേഷൻ ഹയർ സെക്കൻഡറി സ്‌കൂളിലെ അഞ്ചാം ക്‌ളാസ് വിദ്യാർത്ഥിനിഷഹ്‌ല ഷെറിൻ ക്‌ളാസ് റൂമിൽ പാമ്പ് കടിയേറ്റ് മരിച്ചിട്ട് ആറ് വർഷം പൂർത്തിയാകുന്നു. 2019 നവംബർ 20 നാണ് ഷഹ്‌ല ഷെറിൻ മരണപ്പെടുന്നത്. സംഭവ സമയം കുട്ടിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചില്ലെന്നും മതിയായ ചികിത്സ ലഭിച്ചില്ലെന്നും പ്രതിഷേധം ഉണ്ടായി. ഇത് സംസ്ഥാന തലത്തിൽ ഏറെ ചർച്ച ചെയ്യപ്പെടുകയും ചെയ്തു. സ്‌കൂളിലെ പ്രഥമ അധ്യാപകനെയും സർക്കാർ ഡോക്ടറെയും പ്രതി ചേർത്ത് പോലീസ് കേസ് എടുത്തു. ഇതോടെ ഇതിന്മേലുള്ള നടപടികൾ സർക്കാർ അവസാനിപ്പിച്ചു.
tRootC1469263">സ്‌കൂളിൽ കുട്ടികൾക്ക് അത്യാഹിതം ഉണ്ടായാൽ അടിയന്തിര ഇടപെടലുകളും പരിചരണവും ഉറപ്പാക്കാൻ നടപടികൾ ആവശ്യപ്പെട്ടും സർക്കാർ ആശുപത്രികളിൽ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കണമെന്നും ഷഹ്‌ല ഷെറിന്റെ മരണത്തിന്റെ പശ്ചാത്തലത്തിൽ അഡ്വ. കുളത്തൂർ ജയ്‌സിങ് സർക്കാരിനെതിരെ ഹൈക്കോടതിയിൽ പൊതു താല്പര്യ ഹർജി നൽകി പോരാട്ടം തുടർന്നു. സംസ്ഥാനത്ത് അറിയപ്പെടുന്ന യുവ അഭിഭാഷകരിൽ ഒരാളായ അഡ്വ. കുളത്തൂർ ജയ്‌സിങിന്റെ ആറ് വർഷത്തെ തുടർച്ചയായ സർക്കാരിനെതിരെയുള്ള മാതൃകാപരമായ നിയമ പോരാട്ടം ഒടുവിൽ ഫലം കാണുമ്പോൾ സ്‌കൂൾ വിദ്യാർത്ഥികളുടെ സുരക്ഷക്ക് നിരവധി കർശന മാർഗ്ഗ രേഖയാണ് കഴിഞ്ഞയാഴ്ച സർക്കാർ പുറപ്പെടുവിച്ചത്.
പീഡിയാട്രിക് വെന്റിലേറ്റർ അടക്കം ആവിശ്യമായ എല്ലാ അടിയന്തിര സൗകര്യങ്ങളും ഉണ്ടെന്ന സർക്കാർ അഫിഡവിറ്റിലെ വാദത്തെ പരിശോധിക്കുവാൻ വയനാട് ജില്ലാ ജഡ്ജിയെ ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബഞ്ച് ചുമതലപ്പെടുത്തിയത് അഡ്വ. കുളത്തൂർ ജയ്‌സിങിന്റെ കോടതിയിലെ നിലപാടിനെ തുടർന്നായിരുന്നു. ഷഹ്‌ല ഷെറിന്റെ മരണത്തിൽ കോടതി സ്വമേധയാ എടുത്ത കേസിനോടൊപ്പം അഡ്വ. കുളത്തൂർ ജയ്‌സിങിന്റെ ഹർജിയും ഹൈക്കോടതി സംയുക്തമായി പരിഗണിക്കുവാൻ തീരുമാനമെടുത്തു. ക്‌ളാസ് റൂമിലെ സുരക്ഷിതത്വമില്ലായ്മ ഒൻപത് വയസ്സുകാരി ഷഹ്‌ല ഷെറിന്റെ ജീവൻ അപഹരിച്ചിട്ട് ആറ് വര്ഷം പൂർത്തിയാകുമ്പോൾ ഇതിനോടൊപ്പം അഡ്വ. കുളത്തൂർ ജയ്‌സിങിന്റെ നിശ്ചയ ദാർഢ്യത്തോടുള്ള നിയമ പോരാട്ടമാണ് വിജയം കണ്ടത്.
ആറ് വർഷം സർക്കാരിനെതിരെ നിയമ പോരാട്ടം ഹൈക്കോടതി മുഖേന നടത്തിയതിനെ തുടർന്ന് സംസ്ഥാനത്തെ മുഴുവൻ സ്‌കൂൾ വിദ്യാർത്ഥികളുടെയും സുരക്ഷയുമായി ബന്ധപ്പെട്ടും പാമ്പ് കടിയിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിനും ആവിശ്യമായ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കുവാനും പാമ്പിൻ വിഷബാധ രോഗമായി സർക്കാർ പ്രഖ്യാപിക്കുവാനും ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചു. ഇതേ തുടർന്നാണ് സ്‌കൂൾ വിദ്യാർത്ഥി സുരക്ഷയുമായി ബന്ധപ്പെട്ട നിരവധി കർശന മാർഗ്ഗ നിർദ്ദേശങ്ങൾ ഉൾക്കൊള്ളുന്ന ഉത്തരവ് കഴിഞ്ഞയാഴ്ച സർക്കാർ ഔദ്യോഗികമായി പുറപ്പെടുവിച്ചത്.
സ്‌കൂൾ വിദ്യാർത്ഥികളുടെ കാര്യത്തിൽ സ്‌കൂൾ അധികൃതരും വിവിധ വകുപ്പുകളും ഉദ്യോഗസ്ഥരും അനുവർത്തിക്കേണ്ട കാര്യങ്ങൾ സംബന്ധിച്ച് വിശദമായ കർശന മാർഗ്ഗ രേഖകളാണ് അഡ്വ. കുളത്തൂർ ജയ്‌സിങിന്റെ നിയമ പോരാട്ടത്തിനൊടുവിൽ പുറത്ത് വന്നിട്ടുള്ളത്. സ്‌കൂളിലെ മുഴുവൻ അടിസ്ഥാന സൗകര്യങ്ങളുടെയും സമഗ്ര സുരക്ഷാ ഓഡിറ്റിംഗ് നിർബന്ധമായി നടത്തണം. സ്‌കൂൾ കെട്ടിടങ്ങളുടെ അവസ്ഥ, ശുചിത്വ സൗകര്യങ്ങൾ, ചുറ്റളവ്, വേലി എന്നിവയുടെ പരിശോധന നടത്തണം. തുറന്ന കുഴികൾ, തകർന്ന കെട്ടിടങ്ങൾ, തുറന്ന വയറിങ്, സുരക്ഷിതമല്ലാത്ത വാതിലോ ജനലോ അടക്കമുള്ള എല്ലാ ഭൗതിക അപകടങ്ങളും ഉടൻ നന്നാക്കണം. സ്‌കൂൾ പരിസരത്തെ കാടുകൾ വെട്ടി നീക്കുകയും കെട്ടികിടക്കുന്ന വെള്ളം ഒഴിവാക്കുകയും വേണം.
സ്‌കൂളുകളിൽ പ്രഥമ ശുശ്രൂഷ കിറ്റും അതിനുള്ള മുറിയും ഉറപ്പാക്കണം. അടിയന്തിര സാഹചര്യങ്ങൾ നേരിടാൻ അടുത്തുള്ള ആശുപത്രിയുമായി സഹകരിച്ച് കുറഞ്ഞത് 2 ജീവനക്കാർക്കെങ്കിലും സിപിആർ, മുറിവ് ശുശ്രൂഷ പരിശീലനം നൽകണം. സമീപത്തെ ആശുപത്രികൾ, പൊതുജനാരോഗ്യ ഉദ്യോഗസ്ഥർ, ആംബുലൻസുകൾ, എന്നിവയുമായി ബന്ധപ്പെടാനുള്ള വിശദാംശങ്ങൾ സ്‌കൂളിലും പ്രിൻസിപ്പലിന്റെ മുറിയിലും പ്രദർശിപ്പിക്കണം. പാമ്പ് വിഷ ചികിത്സ ലഭ്യമാകുന്ന ആശുപത്രികളുടെ വിവരങ്ങളും വേണം. കുട്ടികൾക്കുള്ള മെഡിക്കൽ പരിചരണം വേഗത്തിൽ ലഭിക്കുന്നതിന് അടുത്തുള്ള താലൂക്ക് ആശുപത്രിയുമായോ, ആരോഗ്യ കേന്ദ്രവുമായോ ധാരണയുണ്ടാക്കണം.
പുതുക്കിയ വിഷ വിരുദ്ധ ആശുപത്രികളുടെ പട്ടിക പ്രദർശിപ്പിക്കണം. അംഗീകൃത പാമ്പ് പിടുത്തക്കാരെ നിയോഗിക്കുന്നതിന് വനം വകുപ്പുമായി ധാരണയുണ്ടാക്കണം. അവരുടെ വിവരങ്ങൾ പ്രദർശിപ്പിക്കണം. പാമ്പുകൾ , പ്രാണികൾ, മറ്റ് ഉരഗങ്ങൾ എന്നിവയുടെ പ്രവേശന കവാടങ്ങൾ തിരിച്ചറിയുന്നതിനും മുദ്ര വയ്ക്കുന്നതിനും സ്‌കൂൾ അധികൃതർ സമഗ്രമായ പരിശോധന നടത്തണം. മതിലുകൾ സംഭാരണ സ്ഥലങ്ങൾ , പൂന്തോട്ടങ്ങൾ, വിടവുകൾ, ദ്വാരങ്ങൾ എന്നിവയെല്ലാം അതിൽ ഉൾപ്പെടുന്നു. വൃത്തിയുള്ളതും നന്നായി പരിപാലിക്കുന്നതുമായ ശൂചി മുറികളാണ് ഉള്ളതെന്ന് ഉറപ്പ് വരുത്തണം.
അടിയന്തിര ചികിത്സ വിജയകരമാക്കാൻ ആദ്യ മണിക്കൂറിൽ തന്നെ ഉറപ്പാക്കണം.
പാമ്പുകടി, തീപിടുത്തം, വെള്ളപ്പൊക്കം, ഭൂകമ്പം എന്നിവയുണ്ടായാലുള്ള തയ്യാറെടുപ്പുകൾ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുമായി തദ്ദേശ വകുപ്പുമായും ആലോചിച്ച് സ്‌കൂളിൽ മോക് ഡ്രില്ലുകളും നടത്തണം. പാമ്പുകൾക്ക് സ്‌കൂൾ പരിസരത്ത് കൂടൊരുക്കുവാൻ അവസരം നൽകാതെ പരിസരം കൃത്യമായി വൃത്തിയാക്കണം. മാലിന്യങ്ങളും അടിഞ്ഞുകൂടാൻ ഇടയാകരുത്. എലികൾ വരുന്നതോടെ പാമ്പും വരുമെന്നതിനാൽ മാസം തോറും സ്‌കൂൾ പരിസരം വൃത്തിയാക്കണം. തദ്ദേശ സ്ഥാപനങ്ങൾ അത് ഉറപ്പാക്കണം. പാമ്പുകൾക്ക് ഒളിക്കാനുള്ള ദ്വാരങ്ങളും വിടവുകളും പ്ലാസ്റ്റർ ചെയ്ത് അടക്കണം. വിറക്, ഇഷ്ടിക, നിർമ്മാണ വസ്തുക്കൾ കൂട്ടിയിടരുത്. കുറ്റിക്കാടുകൾ വെട്ടി നീക്കണം. കുട്ടികളെ നിശ്ചിത പദ്ധതികളിലൂടെ മാത്രം നടക്കാൻ അനുവദിക്കണം.
നഗ്നപാദരായി പുല്ലിലും കുറ്റിക്കാട്ടിലും ഇറക്കി വിടരുത്. ശുചിത്വം പാലിക്കണം. സ്‌കൂൾ സമയം കഴിഞ്ഞാൽ ഉടൻ വാതിലുകളും ജനലുകളും അടച്ചിടണം. പാമ്പ് കയറാൻ സാധ്യതയുള്ള കുട്ടികളുടെ ഷൂകളും ബാഗുകളും ക്ലാസ്സിന് പുറത്ത് ശ്രദ്ധയില്ലാതെ സൂക്ഷിക്കരുത്. ബോധവൽക്കരണ പരിപാടികൾ, മോക് ഡ്രില്ലുകൾ, ഡിജിറ്റൽ സാങ്കേതിക വിദ്യകളിലൂടെ പരിശീലനം എന്നിവ നൽകണം. എൻ സി സി കേഡറ്റുകളുടെ കൈപുസ്തകത്തിൽ ഉൾപ്പെടെ പാഠ്യപദ്ധതിയിൽ പാമ്പ് കടിയേറ്റാലുള്ള പ്രതിരോധ മാർഗ്ഗങ്ങൾ ഉൾപ്പെടുത്തണം. സ്‌കൂൾ തുറക്കുമ്പോൾ സർപ്പ സുരക്ഷ എന്ന പേരിൽ സർപ്പ വോളന്റിയർമാർ ബോധവൽക്കരണ പരിപാടി നടത്തണം. തദ്ദേശ സ്ഥാപനങ്ങൾ, വനം വകുപ്പ്, ആരോഗ്യ വിദ്യാഭ്യാസ വകുപ്പുകൾ സംയുക്തമായി മോക് ഡ്രില്ലുകൾ നടത്തണം. സർപ്പ ആപ്പും സ്‌നേക്ക് പീഡിയ ആപ്പും എല്ലാ അധ്യാപകർക്കും പരിചിതമാക്കുന്നതിന് പരിശീലനം ഉറപ്പാക്കണം. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് സ്‌കൂൾ തലത്തിൽ സുരക്ഷാ നിരീക്ഷണ സമിതി രൂപീകരിക്കണം.
സ്‌കൂൾ മാനേജർ പ്രഥമ അദ്ധ്യാപകൻ, വാർഡ് പ്രതിനിധി, വനം വകുപ്പ് ഉദ്യോഗസ്ഥർ, പിടിഎ, ആരോഗ്യ, വൈദ്യുതി ബോർഡ് പ്രതിനിധികളെ അംഗങ്ങളാക്കണം. അധ്യയന വർഷത്തിന്റെ തുടക്കത്തിൽ സ്‌കൂളുകൾ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നേടിയിരിക്കണം. സുരക്ഷ പരിശോധിക്കുവാൻ സ്‌കൂൾ തലത്തിൽ ഉപസമിതി രൂപീകരിക്കണം. അനിഷ്ട സംഭവം , ഉണ്ടായാൽ ഉപ സമിതികൾ അറിയിക്കണം. എല്ലാ സ്‌കൂളുകളിലും അഗ്നിശമന ഉപകരണങ്ങൾ സ്ഥാപിക്കണം.
സ്‌കൂൾ കവാടങ്ങൾ ബാരിയർ ഫ്രീ ആക്കണം. സ്‌കൂൾ വാഹനങ്ങളുടെ ഫിറ്റ്നസ് നിർബന്ധമാണ്. തദ്ദേശ വകുപ്പിലെ എഞ്ചിനീയർ സ്‌കൂളിൽ എത്തി ഘടന പരമായ സ്ഥിരത ഉറപ്പാക്കണം. അപകടാവസ്ഥയിലുള്ള മരങ്ങൾ , മതിലുകൾ , മൺകൂനകൾ, കെട്ടിടങ്ങൾ, വൈദ്യുത കാലുകൾ, കമാനങ്ങൾ, ഹോർഡിങ്ങുകൾ, ടവറുകൾ, ഇല്ലെന്ന് ഉറപ്പാക്കണം. കിണറുകൾക്ക് പാരപറ്റ് ഉറപ്പ് വരുത്തണം. തുറന്ന കിണറുകൾ മൂടുക, തേനീച്ച, കടന്നാൽ കൂട് നീക്കണം. ഉത്തരവിലെ നിർദ്ദേശങ്ങൾ നടപ്പിൽ വരുത്തുന്നുണ്ടോയെന്ന് ഉറപ്പാക്കാൻ ജില്ലാതല ഉദ്യോഗസ്ഥർ ഇടയ്ക്കിടെ പരിശോധന നടത്തണമെന്നും സർക്കാർ നിർദ്ദേശനത്തിലുണ്ട്.
അധികാരികളുടെ അനാസ്ഥയാണ് 2019 നവംബറിൽ ബത്തേരിയിൽ സ്‌കൂളിൽ പഠിച്ച് കൊണ്ടിരുന്ന ഒൻപത് വയസ്സുകാരിക്ക് മരിക്കുവാൻ ഇടയായതെന്നും ഇത്തരം അവസ്ഥ ഉണ്ടാകാൻ പാടില്ല എന്നതാണ് നിയമ പോരാട്ടത്തിന് പ്രചോദനമെന്നും അഡ്വ. കുളത്തൂർ ജയ്‌സിങ് പറഞ്ഞു.
.jpg)


