'എന്റെ കുറിപ്പ് അടിച്ചുമാറ്റി ഷാഫി നിയമസഭയില്‍ പ്രസംഗിച്ചു'; ആത്മകഥയില്‍ വെളിപ്പെടുത്തലുമായി കെ എന്‍ എ ഖാദര്‍
കെഎന്‍എ ഖാദര്‍ ആഭ്യന്തര വകുപ്പിനെ കുറിച്ച് പ്രസംഗിക്കാനായി തയ്യാറാക്കി വെച്ച കുറിപ്പാണ് ഷാഫി പറമ്പില്‍ വായിച്ചത്.
തന്റെ കുറിപ്പ് അടിച്ചുമാറ്റി ഷാഫി പറമ്പില്‍ എംപി പ്രസംഗിച്ചെന്ന വെളിപ്പെടുത്തലുമായി മുസ്ലിം ലീഗ് നേതാവ് കെ എന്‍ എ ഖാദര്‍. നിയമസഭയില്‍ താന്‍ തയ്യാറാക്കിയ കുറിപ്പ് ഷാഫി അടിച്ചുമാറ്റിയെന്നാണ് 'വ്യാകരണമില്ലാത്ത ജീവിതം' എന്ന തന്റെ ആത്മകഥയില്‍ കെ എന്‍ എ ഖാദര്‍ തമാശരൂപേണ കുറിച്ചത്. കെഎന്‍എ ഖാദര്‍ ആഭ്യന്തര വകുപ്പിനെ കുറിച്ച് പ്രസംഗിക്കാനായി തയ്യാറാക്കി വെച്ച കുറിപ്പാണ് ഷാഫി പറമ്പില്‍ വായിച്ചത്.
സ്പീക്കര്‍ പുറത്ത് പോയപ്പോള്‍ നിയമസഭാ ചെയര്‍മാന്‍മാരുടെ പാനലില്‍ അംഗമായിരുന്ന തനിക്ക് സ്പീക്കര്‍ സ്ഥാനത്ത് ഇരിക്കേണ്ടി വന്നെന്നും അപ്പോഴാണ് ഷാഫി താന്‍ തയ്യാറാക്കിയ പ്രസംഗത്തിലെ വരികള്‍ പറയുന്നത് ശ്രദ്ധില്‍പ്പെട്ടതെന്നുമാണ് ആത്മകഥയില്‍ പറയുന്നത്. 'അത് ഷാഫി പറമ്പില്‍ അടിച്ചുമാറ്റി' എന്ന അധ്യായത്തിലാണ് പ്രസ്തുത ഭാഗത്തെ കുറിച്ച് സൂചിപ്പിച്ചിരിക്കുന്നത്.
'സ്പീക്കര്‍ നിയമസഭയിലില്ല. ഞാനാണ് സ്പീക്കര്‍ കസേരയില്‍. അന്ന് എനിക്ക് പ്രസംഗമുണ്ടായിരുന്നു. ആഭ്യന്തര വകുപ്പിനെക്കുറിച്ചാണ് നിയമസഭയില്‍ സംസാരിക്കാനുള്ളത്. ഇടതുപക്ഷ സര്‍ക്കാര്‍ വന്നതിന് ശേഷമുള്ള പൊലീസ് അതിക്രമങ്ങളും വീഴ്ചകളും എണ്ണിപ്പറയണം. അതിന് വേണ്ടി തയ്യാറാക്കിയ കുറിപ്പ് സീറ്റിലെ മേശയുടെ അകത്തേക്കായി വെച്ചു. അതിനിടെയാണ് സ്പീക്കര്‍ പുറത്ത് പോയതും അവിടെ ഇരിക്കേണ്ടി വന്നതും. ഷാഫി പ്രസംഗിച്ച് തുടങ്ങിയപ്പോള്‍ പല പോയിന്റുകളും ഞാന്‍ കുറിച്ചതാണല്ലോ എന്ന് തോന്നി. എന്റെ സീറ്റിന് കുറച്ചപ്പുറത്തായിരുന്നു ഷാഫിയുടെ ഇരിപ്പിടം. സ്പീക്കര്‍ വന്നപ്പോള്‍ ഞാന്‍ സീറ്റിലേക്ക് മടങ്ങി. അപ്പോഴേക്കും ഷാഫി ഓടി വന്ന് 'ഇതാ സാറിന്റെ കുറിപ്പ്, ഇനി എനിക്കിത് വേണ്ട' എന്ന് പറഞ്ഞു. എന്തു പണിയാണ് കാണിച്ചതെന്ന് ചോദിച്ചപ്പോള്‍ സാറിന് വേറെയും പറയാമല്ലോ അതിനുള്ള മരുന്നുണ്ടല്ലോ എന്ന് ഷാഫി ചിരിച്ചു കൊണ്ട് പറഞ്ഞു.' എന്നാണ് ആത്മകഥയില്‍ പറയുന്നത്.
.jpg)

