ഷാഫി പറമ്പിലുമായുള്ളത് സഹോദരസ്നേഹം, ഗുരു-ശിഷ്യ ബന്ധമല്ല; സൈബർ ആക്രമണം നടത്തിയിട്ടില്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ

Shafi Parampil's relationship with his brother is not a guru-disciple relationship; Rahul says he did not carry out a cyber attack

പത്തനംതിട്ട: ഷാഫി പറമ്പിൽ എം.പിയുമായി തനിക്കുള്ളത് സഹോദരസ്നേഹമാണെന്നും അതൊരിക്കലും ഗുരു-ശിഷ്യ ബന്ധമല്ലെന്നും പാലക്കാട് മുൻ എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിൽ. താൻ ആർക്കെതിരെയും സൈബർ ആക്രമണം നടത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഷാഫി പറമ്പിലും രാഹുൽ മാങ്കൂട്ടത്തിലും ചേർന്ന് തനിക്കെതിരെ സൈബർ ആക്രമണം നടത്തുന്നുവെന്ന രാജ്‌മോഹൻ ഉണ്ണിത്താൻ എം.പിയുടെ പരോക്ഷ ആരോപണങ്ങളോട് പ്രതികരിക്കുകയായിരുന്നു രാഹുൽ. തന്റെ പേര് പരാമർശിച്ചിട്ടില്ലാത്ത വിഷയങ്ങളിൽ പോലും വിവാദങ്ങളുണ്ടാകുമ്പോൾ തന്നെ വലിച്ചിഴയ്ക്കുന്ന പ്രവണത ചിലർക്കുണ്ടെന്ന് രാഹുൽ പറഞ്ഞു. കോൺഗ്രസ് പാർട്ടിക്കകത്തുള്ളവർക്കെതിരെയും പുറത്തുള്ളവർക്കെതിരെയും സൈബർ ആക്രമണം നടത്തിയിട്ടില്ല. സ്വന്തം പ്രൊഫൈലിലൂടെ അഭിപ്രായങ്ങൾ പറയാറുണ്ടെങ്കിലും 'വൺ ടു ത്രീ അറ്റാക്ക്' എന്ന പേരിൽ ഒരു സേനയെയും വിന്യസിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സൈബർ ആക്രമണത്തിന് പിന്നിൽ ഞാനും ഷാഫിയുമാണെന്ന് രാജ്‌മോഹൻ ഉണ്ണിത്താനോ അദ്ദേഹത്തെ സ്നേഹിക്കുന്നവർക്കോ സംശയമുണ്ടെങ്കിൽ പരാതി നൽകാവുന്നതാണ്. പരാതി നൽകിയാൽ കൃത്യമായി അന്വേഷിച്ച് സത്യം പുറത്തുകൊണ്ടുവരാൻ കഴിയും. കൂടെയുള്ള ഒരാൾക്ക് പ്രതിസന്ധി വരുമ്പോൾ ചേർത്തുനിർത്തുന്നതിനെ പൊതുപ്രവർത്തന ജീവിതത്തിലെ പോസിറ്റീവ് വശമായാണ് കാണുന്നത്. സാമൂഹിക മാധ്യമങ്ങളിൽ വരുന്ന അഭിപ്രായ പ്രകടനങ്ങളെ സൈബർ അറ്റാക്ക് എന്ന് വിളിക്കാമെങ്കിൽ താനും അതിന്റെ ഇരയാണെന്ന് രാഹുൽ കൂട്ടിച്ചേർത്തു. നിലമ്പൂർ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പി.വി അൻവറിനെ കാണാൻ പോയ സമയത്ത് കോൺഗ്രസിന്റെ ഉന്നത നേതാക്കൾ വരെ തന്നെ വിമർശിച്ചിരുന്നു. അന്ന് എടുത്ത നിലപാട് തെറ്റായെന്ന് സ്വയം തോന്നിയിട്ടുമുണ്ട്. പിന്നീട് തനിക്കെതിരെ കേസുകൾ ഉണ്ടായപ്പോഴും ശക്തമായ സൈബർ ആക്രമണം നേരിട്ടിട്ടുണ്ടെന്നും രാഹുൽ പറഞ്ഞു.

Tags