ഷാഫി പറമ്പില്‍ പാന്‍ കേരള സ്വാധീന വലയം ഉള്ള നേതാവ്, ക്രൗഡ് പുള്ളര്‍; ഷാഫി പറമ്പിലിനെ പിന്തുണച്ച് രമേശ് പിഷാരടി എംഎല്‍എ
പാലക്കാട് മണ്ഡലത്തെ കോണ്‍ഗ്രസിന്റെ ഉറച്ച സീറ്റുകളുടെ പട്ടികയില്‍ എഴുതി ചേര്‍ത്തതിന്റെ മുഴുവന്‍ ക്രെഡിറ്റും ഷാഫിക്കാണ്.
കോണ്‍ഗ്രസിലെ ആഭ്യന്തര പ്രശ്നങ്ങളില്‍ പ്രതികരണവുമായി രമേശ് പിഷാരടി എംഎല്‍എ. ഷാഫി വിദ്യാര്‍ത്ഥി രാഷ്ട്രീയത്തില്‍ തുടങ്ങിയ ആളാണെന്നും ഇടത് കാറ്റ് വീശിക്കൊണ്ടിരുന്ന പാലക്കാട് ജില്ലയില്‍ സംഘടനാ സംവിധാനം വളര്‍ത്തിയ ആളാണ് ഷാഫിയെന്നും രമേശ് പിഷാരടി പറഞ്ഞു. പാലക്കാട് മണ്ഡലത്തെ കോണ്‍ഗ്രസിന്റെ ഉറച്ച സീറ്റുകളുടെ പട്ടികയില്‍ എഴുതി ചേര്‍ത്തതിന്റെ മുഴുവന്‍ ക്രെഡിറ്റും ഷാഫിക്കാണ്. പല തെരഞ്ഞെടുപ്പുകളിലും പാര്‍ട്ടിക്കുവേണ്ടി പോരാടി ജയിപ്പിച്ച ആളാണ് ഷാഫി പറമ്പിലെന്നും രമേശ് പിഷാരടി പറഞ്ഞു. ഷാഫിയെ പിന്തുണച്ച് കൊണ്ടാണ് രമേശ് പിഷാരടിയുടെ വാക്കുകള്‍. ഫേസ് ബുക്കിലാണ് പിഷാരടിയുടെ പ്രതികരണം.
പാലക്കാട് ഷാഫിക്ക് സ്വന്തം കുഞ്ഞിനെ പോലെയാണ്. പാര്‍ട്ടിക്കുവേണ്ടി പറയുന്നതെല്ലാം ചെയ്തു മാത്രമാണ് ഷാഫിക്ക് ശീലം. പൊലീസ് സ്റ്റേഷന് ഉപരോധം മുതല്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് വരെ പാര്‍ട്ടി പറഞ്ഞതാണ് ഷാഫി ചെയ്തത്. വടകരയില്‍ നിന്ന് ലോക്സഭയിലേക്ക് പോയില്ലായിരുന്നെങ്കില്‍ ഷാഫി പറമ്പില്‍ കേരളത്തില്‍ മന്ത്രിയാകുമായിരുന്നു. പക്ഷേ പദ്ധതികളെക്കാള്‍ ഷാഫി പ്രസ്ഥാനത്തെയാണ് സ്നേഹിച്ചത്. ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഷാഫിയുടെ ശബ്ദം കേള്‍ക്കാത്ത ഒറ്റ മണ്ഡലം പോലും ഉണ്ടായില്ല. പ്രധാനപ്പെട്ട മുതിര്‍ന്ന നേതാക്കള്‍ക്കൊപ്പമാണ് ഷാഫി പ്രചരണം നടത്തിയത്. 140 മണ്ഡലങ്ങളിലും കോണ്‍ഗ്രസിന്റെ മുഖവും മുഴക്കവും ഷാഫി പറമ്പില്‍ ആയിരുന്നു.
എല്ലാ ദിവസവും അതിരാവിലെ മുതല്‍ അര്‍ദ്ധരാത്രി വരെ വിശ്രമമില്ലാതെ ഷാഫി തെരഞ്ഞെടുപ്പ് പ്രചരണം നടത്തി. ഷാഫി പറമ്പില്‍ പാന്‍ കേരള സ്വാധീന വലയം ഉള്ള നേതാവാണ്. ക്രൗഡ് പുള്ളറാണ് ഷാഫി. ഷാഫിയുടെ അധ്വാനം കാണാതിരുന്നു കൂടാ. വിമര്‍ശനങ്ങള്‍ ആകാം പക്ഷേ അത് പരിധി വിടരുതെന്നും പിഷാരടി പറയുന്നു. ഷാഫി പറമ്പിലിനൊപ്പമുള്ള ചിത്രം ഫേസ്ബുക്കില്‍ പങ്കുവെച്ചാണ് രമേശ് പിഷാരടിയുടെ കുറിപ്പ്.
.jpg)

