യൂണിവേഴ്‌സിറ്റി കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ എസ്.എഫ്.ഐക്ക് സമ്പൂർണ്ണ വിജയം

SFI wins complete victory in University College Union elections

തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ വീണ്ടും മികച്ച വിജയം നേടി എസ്.എഫ്.ഐ. മത്സരിച്ച മുഴുവൻ സീറ്റുകളിലും മികച്ച ഭൂരിപക്ഷത്തോടെയാണ് എസ്.എഫ്.ഐ സ്ഥാനാർത്ഥികൾ വിജയിച്ചുകയറിയത്.നാമനിർദ്ദേശ പത്രികാ സമർപ്പണവുമായി ബന്ധപ്പെട്ട് നേരത്തെ ക്യാമ്പസിൽ ഉടലെടുത്ത തർക്കങ്ങളെ തുടർന്നാണ് തിരഞ്ഞെടുപ്പ് മാറ്റി വെക്കേണ്ടി വന്നത്. യൂണിവേഴ്സിറ്റി കോളേജ് ഉൾപ്പെടെയുള്ള വിവിധ കലാലയങ്ങളിൽ കെ.എസ്.യു, എസ്.എഫ്.ഐ പ്രവർത്തകർ തമ്മിൽ പത്രിക സമർപ്പണത്തിൽ ക്രമക്കേടുകൾ ആരോപിച്ചും പ്രോട്ടോകോൾ ലംഘനങ്ങൾ ഉന്നയിച്ചും ശക്തമായ പ്രതിഷേധങ്ങൾ നടന്നിരുന്നു.

തുടർന്ന് ക്രമസമാധാന പ്രശ്നങ്ങളും സംഘർഷസാധ്യതയും കണക്കിലെടുത്ത് മാറ്റിവെച്ച തിരഞ്ഞെടുപ്പ്, വിഷയത്തിൽ എസ്.എഫ്.ഐ കോടതിയെ സമീപിച്ച് അനുകൂല ഉത്തരവ് സമ്പാദിച്ചതോടെയാണ് വീണ്ടും നടത്തിയത്. തിങ്കളാഴ്ച നടന്ന വോട്ടെടുപ്പിലും വോട്ടെണ്ണലിലും എതിരാളികളെ ബഹുദൂരം പിന്നിലാക്കിയാണ് യൂണിവേഴ്സിറ്റി കോളേജിലെ മുഴുവൻ സീറ്റുകളും എസ്.എഫ്.ഐ തൂത്തുവാരിയത്.

Tags