എസ്എഫ്ഐ വയനാട് ജില്ലാ നേതൃത്വത്തിൽ ചേരിപ്പോര് രൂക്ഷം; ജില്ലാ ജോയിന്റ് സെക്രട്ടറിക്ക് മർദ്ദനമേറ്റതായി ആരോപണം
കൽപ്പറ്റ: എസ്എഫ്ഐ വയനാട് ജില്ലാ നേതൃത്വത്തിനുള്ളിലെ ഭിന്നതയും ചേരിപ്പോരും പരസ്യപ്പോരിലേക്ക്. ജില്ലാ ജോയിന്റ് സെക്രട്ടറി സയന് നേരെ ജില്ലാ സെക്രട്ടറി ആദർശ്, കേന്ദ്രക്കമ്മിറ്റി അംഗം സാന്ദ്ര എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ക്രൂരമായ മർദ്ദനം അഴിച്ചുവിട്ടതായി ഗുരുതര ആരോപണം ഉയർന്നു. കോളേജ് യൂണിയൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കങ്ങളെ തുടർന്നാണ് അക്രമം അരങ്ങേറിയതെന്നാണ് വിവരം. സംഘടനയുടെ മുൻ ഭാരവാഹി ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് ഞെട്ടിക്കുന്ന ഈ വിവരങ്ങൾ പുറത്തുവന്നത്.
പുൽപ്പള്ളിയിലെ പാർട്ടി ഓഫീസിൽ വെച്ചാണ് സയന് നേരെ ആക്രമണമുണ്ടായതെന്ന് സാമൂഹിക മാധ്യമ കുറിപ്പിൽ വ്യക്തമാക്കുന്നു. ഓഫീസിനകത്തിട്ട് മൈക്ക് സ്റ്റാൻഡും ഇരുമ്പ് വടിയും ഉപയോഗിച്ചാണ് മുതിർന്ന നേതാക്കൾ ഉൾപ്പെട്ട സംഘം സയനെ ക്രൂരമായി മർദ്ദിച്ചതെന്നാണ് പ്രധാന ആക്ഷേപം. സംഘടനയ്ക്കുള്ളിലെ അഭിപ്രായവ്യത്യാസങ്ങളും ഗ്രൂപ്പ് തർക്കങ്ങളുമാണ് ഇത്തരം ഒരു അക്രമത്തിലേക്ക് നയിച്ചതെന്നാണ് ലഭിക്കുന്ന വിവരങ്ങൾ.
സംഭവം നടന്ന് ഒരാഴ്ചയിലധികം പിന്നിട്ടിട്ടും കുറ്റക്കാരായ നേതാക്കൾക്കെതിരെ സംഘടനയോ പാർട്ടിയോ യാതൊരുവിധ നടപടിയും സ്വീകരിച്ചിട്ടില്ലെന്നും മുൻ ഭാരവാഹി കുറിപ്പിലൂടെ ചൂണ്ടിക്കാട്ടി. അക്രമത്തിന് ഉത്തരവാദികളായ നേതാക്കൾക്കെതിരെ നടപടിയെടുക്കാതെ നേതൃത്വം കണ്ണടയ്ക്കുകയാണെന്ന ആക്ഷേപം സംഘടനയിലെ സാധാരണ പ്രവർത്തകർക്കിടയിൽ ശക്തമായ അമർഷത്തിന് കാരണമായിട്ടുണ്ട്.
.jpg)


