ഇൻസ്റ്റാഗ്രാം ഐഡിയിൽ പാർട്ടിയുടെ പേര്: കേരള ഗവർണർക്കെതിരെ രാഷ്ട്രപതിക്ക് പരാതി നൽകി എസ്എഫ്ഐ

SFI files complaint to President against Kerala Governor for party name on Instagram ID

 തിരുവനന്തപുരം: കേരള ഗവർണർ ഓം പ്രകാശ് മാത്തൂറിന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം ഹാൻഡിലിൽ രാഷ്ട്രീയ പാർട്ടിയുടെ പേര് ഉൾപ്പെടുത്തിയതിനെതിരെ എസ്.എഫ്.ഐ രാഷ്ട്രപതി ദ്രൗപതി മുർമുവിന് പരാതി നൽകി. ഭരണഘടനാ പദവി വഹിക്കുന്ന വ്യക്തി പാലിക്കേണ്ട രാഷ്ട്രീയ നിഷ്പക്ഷതയുടെ ലംഘനമാണിതെന്ന് ചൂണ്ടിക്കാട്ടി എസ്.എഫ്.ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി എം. എ. നന്ദനാണ് ഇമെയിൽ വഴി പരാതി അയച്ചത്. ഗവർണറുടെ ഇൻസ്റ്റാഗ്രാം ഐഡി 'ommathurbjp' എന്ന് നൽകിയിരിക്കുന്നത് ഭരണഘടനാപരമായ നിഷ്പക്ഷതയ്ക്കും പക്ഷപാതമില്ലായ്മയ്ക്കും എതിരാണെന്നും ഇത് ഭരണഘടനാ സ്ഥാപനങ്ങളുടെ മേലുള്ള ജനങ്ങളുടെ വിശ്വാസത്തെ ബാധിക്കുമെന്നും പരാതിയിൽ വ്യക്തമാക്കുന്നു.

രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധിയായല്ല, മറിച്ച് ഭരണഘടനയുടെ കാവലാളായിട്ടാണ് ഗവർണർ പ്രവർത്തിക്കേണ്ടത്. അതിനാൽ ഗവർണർ പദവിയുടെ അന്തസ്സും നിഷ്പക്ഷതയും നിലനിർത്താൻ രാഷ്ട്രപതി അടിയന്തരമായി ഇടപെടണമെന്ന് എസ്.എഫ്.ഐ ആവശ്യപ്പെട്ടു. ഒക്ടോബർ 23-നാണ് കേരളത്തിന്റെ 29-ാമത് ഗവർണറായി ഓം പ്രകാശ് മാത്തൂർ ചുമതലയേറ്റത്. ഉയർന്നുവന്ന ആരോപണങ്ങളിൽ രാജ്ഭവൻ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

Tags