ഭാര്യയായാലും 18 വയസ്സിന് താഴെയുള്ള പെണ്‍കുട്ടിയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നത് പോക്‌സോ നിയമപ്രകാരം കുറ്റകരം ; ഹൈക്കോടതി
കുട്ടിയെ മുസ്ലിം വ്യക്തിനിയമപ്രകാരം വിവാഹം കഴിച്ചതിനാല്‍ കേസിലെ തുടര്‍നടപടികള്‍ നിലനില്‍ക്കില്ലെന്നായിരുന്നു ഹര്‍ജിക്കാരന്റെ വാദം.
ഭാര്യയായാലും 18 വയസ്സിന് താഴെയുള്ള പെണ്‍കുട്ടിയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നത് പോക്‌സോ നിയമപ്രകാരം കുറ്റകരമാണെന്ന് ഹൈക്കോടതി. പാലക്കാട് മണ്ണാര്‍ക്കാട് പൊലീസ് രജിസ്റ്റര്‍ ചെയ്ത പീഡനക്കേസിലെ തുടര്‍നടപടികള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് 27കാരന്‍ നല്‍കിയ ഹര്‍ജി തള്ളിയാണ് ജസ്റ്റിസ് ജോബിന്‍ സെബാസ്റ്റ്യന്‍ ഇക്കാര്യം വ്യക്തമാക്കിയത്.
പോക്‌സോ നിയമപ്രകാരം 18 വയസ്സിന് താഴെയുള്ളവരാണ് കുട്ടികള്‍. അതിനാല്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നത്, കുട്ടി പ്രതിയുടെ ഭാര്യയാണോ അല്ലയോ എന്നത് പരിഗണിക്കാതെ, പോക്‌സോ നിയമപ്രകാരം കുറ്റകരമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. വ്യക്തിനിയമങ്ങളെക്കാള്‍ പോക്‌സോ നിയമത്തിന് മുന്‍ഗണനയുണ്ടെന്നും കോടതി നിരീക്ഷിച്ചു.
കുട്ടിയെ മുസ്ലിം വ്യക്തിനിയമപ്രകാരം വിവാഹം കഴിച്ചതിനാല്‍ കേസിലെ തുടര്‍നടപടികള്‍ നിലനില്‍ക്കില്ലെന്നായിരുന്നു ഹര്‍ജിക്കാരന്റെ വാദം. എന്നാല്‍ മതാചാരപ്രകാരം വിവാഹം നടന്നിട്ടുണ്ടെങ്കിലും കുട്ടിക്ക് 18 വയസ്സ് തികഞ്ഞിട്ടില്ലെങ്കില്‍ പോക്‌സോ നിയമപ്രകാരമുള്ള കുറ്റം ഇല്ലാതാകില്ലെന്ന് കോടതി വ്യക്തമാക്കി.
സംഭവസമയത്ത് പെണ്‍കുട്ടിക്ക് 17 വയസ്സും ഒരു മാസവുമായിരുന്നു പ്രായം. 2021 ഒക്ടോബര്‍ 23ന് പ്രതി പെണ്‍കുട്ടിയുടെ വീട്ടിലെത്തി വസ്ത്രങ്ങള്‍ വാങ്ങിനല്‍കാമെന്ന് വാഗ്ദാനം ചെയ്ത് സ്വന്തം വീട്ടിലേക്ക് കൊണ്ടുപോയെന്നും തുടര്‍ന്ന് നാല് ദിവസം ലൈംഗികമായി പീഡിപ്പിച്ചെന്നുമാണ് കേസ്. സംഭവത്തെക്കുറിച്ച് അറിവുണ്ടായിരുന്നിട്ടും പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ കുട്ടിയെ വീട്ടിലേക്ക് തിരിച്ചുകൊണ്ടുവരുകയോ അധികൃതരെ അറിയിക്കുകയോ ചെയ്തില്ലെന്നും കേസില്‍ പറയുന്നു. പ്രഥമദൃഷ്ട്യാ കേസുണ്ടെന്ന് വിലയിരുത്തിയ കോടതി, തുടര്‍നടപടികള്‍ റദ്ദാക്കണമെന്ന ആവശ്യം അംഗീകരിച്ചില്ല.
ഇരുകുടുംബങ്ങളുടെയും സാന്നിധ്യത്തില്‍ മുസ്ലിം മതാചാരപ്രകാരം വിവാഹം നടന്നിരുന്നെന്നും ഇക്കാര്യം പരാതിക്കാരി തന്നെ പൊലീസിനോട് സമ്മതിച്ചിരുന്നെന്നും ഹര്‍ജിക്കാരന്‍ വാദിച്ചു. എന്നാല്‍ ഇത്തരം വിവാഹം നടന്നിട്ടുണ്ടെങ്കിലും പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുമായുള്ള ലൈംഗികബന്ധം പോക്‌സോ നിയമപ്രകാരമുള്ള കുറ്റമല്ലാതാകില്ലെന്ന് കോടതി വ്യക്തമാക്കി.
.jpg)

