പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ കേസ് ; പ്രതിക്ക് അഞ്ച് വർഷം കഠിന തടവും 18,000 രൂപ പിഴയും

കട്ടപ്പന: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ കേസിൽ പ്രതിക്ക് അഞ്ച് വർഷം കഠിന തടവും 18,000 രൂപ പിഴയും. പത്തനംതിട്ട ആറന്മുള അമ്പലപ്പടി ഭാഗത്ത് അമ്പലത്തുങ്കൽ വീട്ടിൽ വിപിനെയാണ് കട്ടപ്പന പോക്സോ കോടതി ജഡ്ജി വി. മഞ്ജു ശിക്ഷിച്ചത്. 2022ലാണ് കേസിനാസ്പദമായ സംഭവം.
പ്രതി പൂജാരിയായുള്ള ക്ഷേത്രത്തിൽ ദർശനത്തിന് എത്തിയ ഒമ്പത് വയസ്സുകാരിയോട് മുറിയിൽ വെച്ച് ലൈംഗികാതിക്രമം നടത്തി എന്നാണ് കേസ്. ഐ.പി.സി വകുപ്പ് പ്രകാരം അഞ്ച് വർഷം കഠിന തടവും 8000 രൂപ പിഴയും പോക്സോ വകുപ്പ് പ്രകാരം അഞ്ച് വർഷം കഠിന തടവും 10,000 രൂപ പിഴയുമാണ് ശിക്ഷ. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതി. പ്രോസീക്യൂഷന് വേണ്ടി അഡ്വ.സുസ്മിത ജോൺ ഹാജരായി.