ലൈംഗിക അതിക്രമക്കേസ് ; സംവിധായകൻ രഞ്ജിത്തിന്റെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിച്ചേക്കും
ലൈംഗിക അതിക്രമക്കേസിൽ റിമാൻഡിൽ കഴിയുന്ന സംവിധായകൻ രഞ്ജിത്തിന്റെ ജാമ്യാപേക്ഷ അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഭാഗം അഭിഭാഷകൻ ഇന്ന് കോടതിയെ സമീപിക്കും. മൂന്ന് ദിവസത്തെ പോലീസ് കസ്റ്റഡി അനുവദിച്ചിരുന്നെങ്കിലും ചോദ്യം ചെയ്യലും തെളിവെടുപ്പും പൂർത്തിയാക്കി രണ്ട് ദിവസത്തിനുള്ളിൽ തന്നെ അദ്ദേഹത്തെ കോടതിയിൽ ഹാജരാക്കിയിരുന്നു. രഞ്ജിത്തിന്റെ മോശം ആരോഗ്യസ്ഥിതിയും അന്വേഷണവുമായി സഹകരിക്കുന്നു എന്ന കാര്യവും ചൂണ്ടിക്കാട്ടിയാവും ജാമ്യത്തിനായി വാദിക്കുക. നിലവിൽ അടുത്ത ആഴ്ച വരെയാണ് അദ്ദേഹത്തിന്റെ റിമാൻഡ് കാലാവധി നീട്ടിയിരിക്കുന്നത്.
അന്വേഷണത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം പോലീസ് രഞ്ജിത്തുമായി ഫോർട്ട് കൊച്ചിയിലെ സിനിമാ സെറ്റിലും പരാതിക്കാരിയായ നടി സൂചിപ്പിച്ച കാരവാനിലും എത്തി തെളിവെടുപ്പ് നടത്തിയിരുന്നു. ആസ്പിൻ വാളിലെ ലൊക്കേഷനിലും എ.ആർ ക്യാമ്പിൽ എത്തിച്ച കാരവാനിലുമായിരുന്നു നടപടികൾ പൂർത്തിയാക്കിയത്. എന്നാൽ, താൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന നിലപാടിൽ രഞ്ജിത്ത് ഉറച്ചുനിൽക്കുകയാണ്. യുവനടിയുടെ പരാതിയിൽ രജിസ്റ്റർ ചെയ്ത കേസിൽ നിർണ്ണായകമായ തെളിവുകൾ ശേഖരിച്ചതായാണ് പോലീസ് നൽകുന്ന സൂചന.
.jpg)


