മദ്യനികുതി ഇളവ് പിന്‍വലിക്കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്‍

Senior Congress leader VM Sudheeran demands withdrawal of liquor tax exemption

ആലപ്പുഴ: വിഡി സതീശന്‍ അവതരിപ്പിച്ച ബജറ്റിലെ മദ്യനികുതി ഇളവ് പിന്‍വലിക്കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്‍. നിയമസഭയില്‍ ഇത്തരമൊരു പ്രൊപ്പോസല്‍ അവതരിപ്പിക്കുന്നതിന് മുന്‍പു തന്നെ പാര്‍ട്ടി തലത്തിലും യുഡിഎഫ് തലത്തിലും ചര്‍ച്ച നടത്തണമായിരുന്നു. അങ്ങനെ ചര്‍ച്ച ചെയ്തിരുന്നെങ്കില്‍ ഇപ്പോഴത്തെ വിവാദം ഒഴിവാക്കാമായിരുന്നെന്നും സുധീരന്‍ പറഞ്ഞു. മദ്യത്തിന്റെ വ്യാപനം കുറയ്ക്കുക, ലഹരിക്ക് അറുതിവരുത്തുകയെന്നാതാണ് യുഡിഎഫ് നയം. അത് നടപ്പാക്കേണ്ട ഉത്തരവാദിത്വം സര്‍ക്കാരിനുണ്ടെന്നും സുധീരന്‍ പറഞ്ഞു.

ലഹരി വ്യപാനത്തിനെതിരെ ആഭ്യന്തരവകുപ്പ് നന്നായി പ്രവര്‍ത്തിക്കുന്നുണ്ട്. ഇക്കാര്യത്തില്‍ ആഭ്യന്തരമന്ത്രിയെ അഭിനന്ദിക്കുന്നു. എക്‌സൈസ് വകുപ്പിനും അതുപോലെ ഉത്തരവാദിത്വമുണ്ട്. മദ്യത്തെ ഒഴിവാക്കിക്കൊണ്ട് ലഹരിയില്ല. മദ്യവും മയക്കുമരുന്നുമെല്ലാം ഒരേ ഗണത്തില്‍ പെടുന്നതാണെന്നും സുധീരന്‍ പറഞ്ഞു.

പിണറായി വിജയന്‍ സര്‍ക്കാരിന്റെ കാലത്താണ് സംസ്ഥാനത്ത് മദ്യവ്യാപനം ശക്തിപ്പെട്ടത് 29 ബാര്‍ ഉളളിടത്ത് നിന്ന് ആയിരത്തോളമായി. ഇപ്പോഴെങ്കിലും സംസ്ഥാനത്തെ ബാറുകളുടെ എണ്ണം പുറത്തുവരണം. മദ്യനയത്തില്‍ യുഡിഎഫിലും പാര്‍ട്ടിയിലും വിശദമായി ചര്‍ച്ച നടത്തി സമഗ്രമായ മദ്യനയം രൂപീകരിക്കണമെന്നും സുധീരന്‍ പറഞ്ഞു. മദ്യനികുതി കുറയ്ക്കുന്നത് സംബന്ധിച്ച് സമൂഹത്തില്‍ ഉയര്‍ന്നുവന്ന ആശങ്കകള്‍ നിലനില്‍ക്കുന്ന സാഹചര്യമാണ് ഉള്ളത്. ഫിനാന്‍സ് ബില്‍ അവതരിപ്പിക്കുന്ന വേളയില്‍ ഈ നിര്‍ദേശങ്ങള്‍ ഒഴിവാക്കുന്ന നടപടികള്‍ സ്വീകരിക്കണമെന്നും സുധീരന്‍ പറഞ്ഞു.

Tags