കടല്‍ മണല്‍ ഖനനം:മത്സ്യത്തൊഴിലാളികള്‍ക്കായി ഏതറ്റം വരെയും പോകുമെന്ന് കെ.സി.വേണുഗോപാല്‍ എംപി


സൊമാലിയന്‍ കടല്‍ക്കൊള്ളക്കാരെ പോലെ ധാതുലവണങ്ങളും കരിമണലും കടത്തി ഈ രാജ്യത്തെ കൊള്ളയടിക്കുക എന്ന ലക്ഷ്യമാണ് കടല്‍മണല്‍ ഖനനത്തിന് അനുമതി നല്‍കിയ കേന്ദ്രസര്‍ക്കാരിന്റെ നടപടിക്ക് പിന്നിലെന്ന് കെ.സി.വേണുഗോപാല്‍ എംപി. കടല്‍ മണല്‍ ഖനനത്തിനെതിരെ അഖിലേന്ത്യ മത്സ്യത്തൊളിലാളി കോണ്‍ഗ്രസ് ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സമരസംഗമം തോട്ടപ്പള്ളിക്ക് സമീപം ആഴക്കടലില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പാരിസ്ഥിതിക പഠനം നടത്താതെയാണ് ടെന്‍ഡര്‍ നടപടി സ്വീകരിച്ചത്. ഇതിനെതിരെ പ്രതിഷേധമുയര്‍ന്നപ്പോള്‍ ടെന്‍ഡര്‍ നടപടി ലഭിക്കുന്ന കമ്പനി പാരിസ്ഥിതിക പഠനം നടത്തുമെന്ന് പറഞ്ഞ് മത്സ്യത്തൊഴിലാളി സമൂഹത്തെ അപമാനിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. കോടികളുടെ ടെന്‍ഡര്‍ ലഭിക്കുന്ന കമ്പനി തന്നെ നടത്തുന്ന പഠനം സത്യസന്ധവും നിഷ്പക്ഷവുമാകാൻ ഒരിക്കലും സാധ്യമല്ലെന്നിരിക്കെയാണ് ഇത്തരമൊരു വിചിത്രവാദം ഉയര്‍ത്തി ജനങ്ങളെ വിഡ്ഢികളാക്കാന്‍ നോക്കുന്നത്. സ്വതന്ത്രവും സുതാര്യവുമായ ഏജന്‍സിയെ ഉപയോഗിച്ച് പഠനം നടത്തണം. മത്സ്യത്തൊഴിലാളികളുടെ ജീവിതം വഴിമുട്ടിക്കാനുള്ള ഏതു ശ്രമത്തെയും ജീവന്‍ കൊടുത്തും എതിര്‍ക്കുമെന്നും കെ.സി.വേണുഗോപാല്‍ പറഞ്ഞു.
കടല്‍ മണല്‍ ഖനനത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ ഒളിച്ചുകളി നടത്തുന്നു. ടെന്‍ഡര്‍ നടപടികള്‍ വിളിച്ചപ്പോള്‍ തന്നെ നിയമസഭയില്‍ പ്രമേയം പാസ്സാക്കാന്‍ സംസ്ഥാനസര്‍ക്കാരിന് എന്തായിരുന്നു താമസം? പ്രതിപക്ഷം മുറവിളി കൂട്ടിയപ്പോള്‍ പേരിന് ഒരു പ്രമേയം പാസ്സാക്കി. പക്ഷെ ,ഈ പോരാട്ടം അവിടെ നിര്‍ത്താന്‍ സാധ്യമല്ല. സര്‍വക്ഷി സംഘത്തെ വിളിച്ചു കൂട്ടി പ്രധാനമന്ത്രിയെ നേരില്‍കണ്ട് കേരളത്തിന്റെയും മത്സ്യത്തൊഴിലാളികളുടെയും ആശങ്ക അറിയിക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണം. ഈ കടല്‍ മണല്‍ ഖനനം നിര്‍ത്തിവെയ്ക്കണമെന്ന് ആവശ്യപ്പെടണം. ആദ്യം പാരിസ്ഥിതിക പഠനം, പിന്നീട് ടെന്‍ഡര്‍ എന്ന് പ്രധാനമന്ത്രിയെ അറിയിക്കണം. അതിനുള്ള ധൈര്യം കേരള മുഖ്യമന്ത്രി കാണിക്കണമെന്നും വേണുഗോപാല്‍ ആവശ്യപ്പെട്ടു.

എന്തുവില കൊടുത്തും ഏതറ്റം വരെപോയും കടല്‍ മണല്‍ ഖനന ടെന്‍ഡര്‍ നടപടിക്കെതിരായ പോരാട്ടം കോണ്‍ഗ്രസ് തുടരും. ദേശീതലത്തില്‍ ഈ വിഷയം കോണ്‍ഗ്രസ് ഏറ്റെടുക്കുകയും ദേശവ്യാപക പ്രതിഷേധം സംഘടിപ്പിക്കുകയും ചെയ്യും. തിങ്കളാഴ്ച തുടങ്ങുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ ഈ വിഷയത്തില്‍ ശ്രദ്ധ ക്ഷണിക്കല്‍ പ്രമേയത്തിന് അനുമതി തേടി ലോക്‌സഭാ സ്പീക്കര്‍ക്ക് കത്തു നല്‍കിയിട്ടുണ്ടെന്നും ലോക്‌സഭയില്‍ ഈ വിഷയം വീണ്ടും ശക്തമായി ഉന്നയിക്കുമെന്നും കെ.സി.വേണുഗോപാല്‍ വ്യക്തമാക്കി.
മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ പ്രയാസം അറിയാവുന്ന രാഹുല്‍ ഗാന്ധി ഈ വിഷയം ദേശീയതലത്തില്‍ ഏറ്റെടുക്കുമെന്ന് പറഞ്ഞിട്ടുണ്ട്.
ടെന്‍ഡര്‍ നടപടി പിന്‍വലിച്ച് സുതാര്യമായ പാരിസ്ഥിക പഠനം നടത്തിയ ശേഷം ഖനനം മത്സ്യത്തൊഴിലാളി സമൂഹത്തെയും കടലിന്റെ ആവാസവ്യവസ്ഥയേയും ബാധിക്കില്ലെന്ന് ഉറപ്പുനല്‍കിയെങ്കില്‍ മാത്രമെ മുന്നോട്ട് പോകാന്‍ അനുവദിക്കൂ എന്ന് വ്യക്തമാക്കിയ വേണുഗോപാല്‍ കടല്‍ മണല്‍ ഖനനത്തിനെതിരായ പോരാട്ടം കോണ്‍ഗ്രസ് ദേശ്യവ്യാപകമായി സംഘടിപ്പിക്കുമെന്നും പറഞ്ഞു.
ആഴക്കടല്‍ സമരസംഗമത്തില്‍ കടല്‍ മണല്‍ ഖനനനത്തിനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരായ രോഷം അണപൊട്ടിയൊഴുകി. രാവിലെ തന്നെ വലുതും ചെറുതുമായ വള്ളങ്ങളിലും ബോട്ടുകളിലുമായി ആയിരകണക്കിന് മത്സ്യത്തൊഴിലാളികളാണ് തോട്ടപ്പള്ളി ഹാര്‍ബറില്‍ അണിനിരന്നിരുന്നത്. പ്രത്യേകം സജ്ജീകരിച്ച വേദിയില്‍ കെ.സി.വേണുഗോപാല്‍ എംപി സമരപ്രഖ്യാപനം നടത്തിയതോടെ ആഴക്കടലിലേക്ക് ബോട്ടുകളിലുള്ള യാത്ര ആരംഭിച്ചു.
ആഴക്കടലിനുള്ളിൽ ഇതുപോലൊരു സമരം രാജ്യം കണ്ടിട്ടുണ്ടോയെന്ന് സംശയമാണ്. കേരളാ അതിര്‍ത്തിയില്‍ നിന്ന് 15 നോട്ടിക്ക് മൈല്‍ ദൂരത്തെത്തിയാണ് പ്രതിഷേധം സംഘടിപ്പിച്ചത്. ഇത്തരത്തിലൊരു വ്യത്യസ്തമായ സമരം കേരളത്തിലാദ്യമാണ്. ആഴക്കടല്‍ സമരസംഗമത്തിനിടെ കെ.സി.വേണുഗോപാല്‍ എംപിയുടെ ഫോണിലേക്ക് സമരത്തിന് ഐക്യദാര്‍ഢ്യം അര്‍പ്പിച്ച് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ വീഡിയോകോള്‍ സന്ദേശമെത്തിയത് മത്സ്യത്തൊഴിലാളികളുടെ ആവേശം ഇരട്ടിയാക്കി.
ആലപ്പുഴ അതിരൂപതാ പിതാവ് ജോസഫ് വല്യവീട്ടില്‍, കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് ടി.എന്‍ പ്രതാപന്‍, മത്സ്യത്തൊളിലാളി കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ജി.ലീലാകൃഷ്ണൻ , ഡിസിസി പ്രസിഡന്റ് ബാബു പ്രസാദ്, കെപിസിസി ഭാരവാഹികളായ എം.ലിജു, കെപി ശ്രീകുമാര്‍, എം.ജെ.ജോബ്, എംഎം നസീര്‍, രാഷ്ട്രീയകാര്യ സമിതി അംഗം ഷാനിമോള്‍ ഉസ്മാന്‍, അനില്‍ ബോസ് തുടങ്ങിയവര്‍ പങ്കെടുത്തു.