പ്രസവശസ്ത്രക്രിയക്കിടെ വയറില്‍ കത്രിക കുടുങ്ങിയ സംഭവം: മന്ത്രി വീണാജോര്‍ജിന്റെ ഔദ്യോഗിക വസതിക്ക് മുന്നില്‍ ഹര്‍ഷിന സത്യാഗ്രഹമിരിക്കും
നഷ്ടപരിഹാരം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ സര്‍ക്കാര്‍ തുടരുന്ന അവഗണനയ്‌ക്കെതിരെയാണ് സമരമെന്ന് ഹര്‍ഷിന പറഞ്ഞു.
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രസവശസ്ത്രക്രിയക്കിടെ വയറില്‍ കത്രിക കുടുങ്ങിയ ഹര്‍ഷിന വീണ്ടും സമരത്തിലേക്ക്. ഈ മാസം 28 ന് ആരോഗ്യമന്ത്രിയുടെ ഔദ്യോഗിക വസതിക്ക് മുന്‍പില്‍ ഹര്‍ഷിന ഏകദിന സത്യാഗ്രഹമിരിക്കും. നഷ്ടപരിഹാരം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ സര്‍ക്കാര്‍ തുടരുന്ന അവഗണനയ്‌ക്കെതിരെയാണ് സമരമെന്ന് ഹര്‍ഷിന പറഞ്ഞു.
tRootC1469263">2017 ല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നടത്തിയ പ്രസവ ശസ്ത്രക്രിയക്കിടെയാണ് ഹര്‍ഷിനയുടെ വയറില്‍ കത്രിക കുടുങ്ങുന്നത്. 2022 ല്‍ ശസ്ത്രക്രിയയിലൂടെ കത്രിക പുറത്തെടുത്തെങ്കിലും ഗുരുതരമായ ശാരീരിക ബുദ്ധിമുട്ടിലൂടെ കടന്നുപോവുകയാണ് ഹര്‍ഷിന. മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരുടെ ഭാഗത്തു നിന്നും വീഴ്ചയുണ്ടായെന്ന് വ്യക്തമായിട്ടും മന്ത്രിയോ സര്‍ക്കാരോ നീതി പുലര്‍ത്തിയില്ലെന്ന് ഹര്‍ഷിന ആരോപിക്കുന്നു. നഷ്ടപരിഹാരം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ സര്‍ക്കാര്‍ മെല്ലെപ്പോക്ക് തുടരുന്നുവെന്നാരോപിച്ചാണ് ആരോഗ്യമന്ത്രിയുടെ വീട്ടുപടിക്കല്‍ സത്യാഗ്രഹമിരിക്കാന്‍ ഹര്‍ഷിന തീരുമാനിച്ചത്.
ഹര്‍ഷിന നല്‍കിയ പരാതിയില്‍ മെഡിക്കല്‍ കോളേജ് പൊലീസ് ഡോക്ടര്‍മാരെയും നഴ്‌സുമാരെയും പ്രതിയാക്കി കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഡോക്ടര്‍മാരുടെ അപ്പീലില്‍ വിചാരണ നടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തു. നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഹര്‍ഷിന നല്‍കിയ ഹര്‍ജിയിലും തീരുമാനമായിട്ടില്ല. നീതി നിഷേധം തുടര്‍ന്നാല്‍ തുടര്‍സമരങ്ങളുമായി മുന്നോട്ടുപോകാനാണ് ഹര്‍ഷിനയുടെയും സമര സമിതിയുടെയും തീരുമാനം.
.jpg)


