ഭിന്നശേഷിക്കുട്ടികള്‍ നിര്‍മിച്ച റോബോട്ട് ചലിച്ചു; സയന്‍ഷ്യ ഗവേഷണ കേന്ദ്രത്തിന് തുടക്കമായി

google news
dg

തിരുവനന്തപുരം:  ഭിന്നശേഷിക്കുട്ടികള്‍ക്ക് ശാസ്ത്രവിഷയങ്ങളില്‍ പരീക്ഷണങ്ങള്‍ നടത്തുവാനായി ഡിഫറന്റ് ആര്‍ട് സെന്ററില്‍ സജ്ജീകരിച്ച ഗവേഷണ കേന്ദ്രം - സയന്‍ഷ്യ ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ എസ്.സോമനാഥ് ഉദ്ഘാടനം ചെയ്തു.  ഭിന്നശേഷിക്കുട്ടികള്‍ നിര്‍മിച്ച റോബോട്ടിനെ ചലിപ്പിച്ചുകൊണ്ടാണ് ഗവേഷണ കേന്ദ്രം ഉദ്ഘാടനം ചെയ്തത്.  

സ്വിച്ചില്‍ വിരലമര്‍ത്തിയതോടെ മുന്നോട്ടുനീങ്ങിയ റോബോട്ട് സഞ്ചാരപാതയില്‍ സ്ഥാപിച്ചിരുന്ന സെന്‍സര്‍ വാളില്‍ സ്പര്‍ശിച്ചതോടെ സ്‌ക്രീനില്‍ സയന്‍ഷ്യയുടെ ലോഗോ തെളിയുകയായിരുന്നു.  ഭിന്നശേഷിക്കുട്ടികളാണ് ഈ ക്രമീകരണങ്ങളൊക്കെ നടത്തിയതെന്ന് വിശ്വസിക്കാനാവുന്നില്ലെന്നും ശാസ്ത്ര പ്രതിഭകളുടെ സംഗമേവദിയാണ് സയന്‍ഷ്യയെന്നും എസ്.സോമനാഥ് അഭിപ്രായപ്പെട്ടു. കുട്ടികളുടെ കഴിവുകള്‍ അക്ഷരാര്‍ത്ഥത്തില്‍ തന്നെ ഞെട്ടിച്ചുവെന്നും നിരവധി പ്രതിഭകളെ വാര്‍ത്തെടുക്കാന്‍ ഈ സംരംഭത്തിനുകഴിയുമെന്നും ഐ.എസ്.ആര്‍.ഒയിലെ ശാസ്ത്രജ്ഞരുടെ സേവനങ്ങള്‍ ഈ ഗവേഷണകേന്ദ്രത്തിന് ലഭ്യമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ കേരള സയന്‍സ് കോണ്‍ഗ്രസില്‍ പങ്കെടുത്ത സെന്ററിലെ ഭിന്നശേഷിക്കുട്ടികളായ പാര്‍വതി എല്‍.എസ്, അപര്‍ണ പി.എല്‍, സായ മറിയം തോമസ് എന്നിവരെ അദ്ദേഹം മെമെന്റോ നല്‍കി ആദരിച്ചു. ഡിഫറന്റ് ആര്‍ട് സെന്റര്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഗോപിനാഥ് മുതുകാട്, ഡി.എ.സി അഡൈ്വസറി അംഗങ്ങളായ ഷൈലാ തോമസ്, ഫാ.വിന്‍സെന്റ് പെരേപ്പാടന്‍, സയന്‍ഷ്യ കോ-ഓര്‍ഡിനേറ്റര്‍ ഡോ.നിഷ വി.എം എന്നിവര്‍ പങ്കെടുത്തു. കാലിഫോര്‍ണിയയിലെ വെസ്റ്റേണ്‍ യൂണിവേഴ്‌സിറ്റിയാണ് ഭിന്നശേഷി കുട്ടികളുടെ ഗവേഷണ കേന്ദ്രത്തിന് മേല്‍നോട്ടം വഹിക്കുന്നത്.  മൈക്രോ ബയോളജി, വാനനിരീക്ഷണം, റോബോട്ടിക് വിഭാഗം, എക്‌സ്‌പെരിമെന്റ് ലാബുകള്‍, ഇലക്ട്രോണിക്‌സ് തുടങ്ങി നിരവധി വിഭാഗങ്ങളാണ് ഗവേഷണ കേന്ദ്രത്തില്‍ ഒരുക്കിയിരിക്കുന്നത്.

Tags