നാടൻ കലകൾ പഠിക്കാൻ ആഗ്രഹിക്കുന്ന കുട്ടികൾക്ക് സ്കോളർഷിപ്പ് ; കേരള ഫോക്ലോർ അക്കാദമി അപേക്ഷ ക്ഷണിച്ചു
നാടൻ കലകളിൽ പരിശീലനം നേടാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് സ്കോളർഷിപ്പ് നൽകുന്നതിനായി അപേക്ഷ ക്ഷണിച്ച് കേരള ഫോക്ലോർ അക്കാദമി. 10 മുതൽ 17 വയസ്സുവരെ പ്രായമുള്ള കുട്ടികൾക്കാണ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക. 2026 ജനുവരി ഒന്നിന് 10 വയസ്സ് പൂർത്തിയായിരിക്കണം. പരിശീലനത്തിന് അർഹരായ വിദ്യാർഥികൾക്ക് പ്രതിമാസം 300 രൂപ വീതം സ്കോളർഷിപ്പ് നൽകുമെന്ന് അക്കാദമിയുടെ അറിയിപ്പിൽ പറയുന്നു.
കുടുംബത്തിന്റെ വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ താഴെയുള്ള കുട്ടികൾക്കാണ് ആനുകൂല്യത്തിന് അർഹത. നാടൻ കലകളിൽ പരിശീലനം നേടുന്നതിനുള്ള അവസരത്തോടൊപ്പം സാമ്പത്തിക സഹായവും ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. അപേക്ഷാ ഫോമും കൂടുതൽ വിവരങ്ങളും കേരള ഫോക്ലോർ അക്കാദമിയുടെ ഔദ്യോഗിക വെബ്സൈറ്റായ www.keralafolklore.org വഴി ലഭിക്കും.
പൂരിപ്പിച്ച അപേക്ഷയോടൊപ്പം ആധാർ കാർഡിന്റെ പകർപ്പ്, വില്ലേജ് ഓഫീസിൽ നിന്നുള്ള കുടുംബ വാർഷിക വരുമാന സർട്ടിഫിക്കറ്റ്, പ്രായം തെളിയിക്കുന്ന രേഖയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്, ഗുരുവിന്റെ സമ്മതപത്രം എന്നിവയും സമർപ്പിക്കണം. അപേക്ഷകൾ സെക്രട്ടറി, കേരള ഫോക്ലോർ അക്കാദമി, പി.കെ. ചിറക്കൽ, കണ്ണൂർ – 670 011 എന്ന വിലാസത്തിൽ 2026 നവംബർ 30നകം ലഭിക്കണം.
.jpg)

