സംസ്ഥാനത്ത് 10 വർഷത്തിനിടെ പട്ടികജാതി-വർഗ വിഭാഗങ്ങൾക്കെതിരായ അതിക്രമത്തിൽ രജിസ്റ്റർ ചെയ്തത് 12,000ത്തിലേറെ കേസുകൾ
തൊടുപുഴ : പത്ത് വർഷത്തിനിടെ സംസ്ഥാനത്ത് പട്ടികജാതി വിഭാഗങ്ങൾക്കെതിരായ അതിക്രമങ്ങളിൽ രജിസ്റ്റർ ചെയ്തത് 12,521 കേസുകൾ.പട്ടികജാതി-പട്ടികവർഗ അതിക്രമങ്ങൾ തടയൽ നിയമപ്രകാരം ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിലായാണ് കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
പട്ടികജാതി വികസന വകുപ്പിൻറെ കണക്കുകൾ പ്രകാരം പട്ടിക വിഭാഗങ്ങൾക്കെതിരായ അതിക്രമങ്ങളിൽ ഓരോ വർഷവും ആയിരത്തിലേറെ കേസുകൾ രജിസ്റ്റർ ചെയ്യുന്നുണ്ട്. കഴിഞ്ഞ പത്ത് വർഷത്തെ കണക്കുകളനുസരിച്ച് ഏറ്റവുമധികം കേസ് രജിസ്റ്റർ ചെയ്തത് 2023ലാണ്. 1335 പരാതികളാണ് ആ വർഷം കേസായത്. കഴിഞ്ഞ വർഷമാണ് ഏറ്റവും കുറവ് കേസ് രജിസ്റ്റർ ചെയ്തത്, 1052 കേസ്. ഈ വർഷം ജൂൺ 16 വരെയുള്ള കാലയളവിൽ വിവിധ അതിക്രമങ്ങളിൽ 456 കേസുകളാണെടുത്തതെന്നും രേഖകൾ വ്യക്തമാക്കുന്നു.
പട്ടികജാതി-പട്ടികവർഗ അതിക്രമങ്ങൾ തടയൽ നിയമപ്രകാരം കഴിഞ്ഞ പത്ത് വർഷത്തിനിടെ 15,987 പരാതികൾ ലഭിച്ചിട്ടുണ്ട്. ലഭിച്ച മുഴുവൻ പരാതികളിലും തുടർനടപടികൾ സ്വീകരിച്ചതായും വകുപ്പ് രേഖകൾ വ്യക്തമാക്കുന്നു. ഇങ്ങനെ ലഭിക്കുന്ന പരാതികളിൽ അന്വേഷണം നടത്തിയ ശേഷമാണ് പരാതികളുടെ ഉള്ളടക്കമനുസരിച്ച് കേസുകൾ രജിസ്റ്റർ ചെയ്യുന്നത്.
പട്ടിക വിഭാഗങ്ങൾക്കെതിരായ അതിക്രമങ്ങൾ തടയാനും അവരുടെ സുരക്ഷയും അവകാശ സംരക്ഷണവും ഉറപ്പാക്കാനുമായി സംസ്ഥാന പൊലീസ് മേധാവിയുടെ കീഴിൽ എസ്.സി-എസ്.ടി പ്രൊട്ടക്ഷൻ സെൽ പ്രവർത്തിക്കുന്നുണ്ട്. കൂടാതെ കേസുകളുടെ പുരോഗതി സംസ്ഥാന പൊലീസ് മേധാവിയുടെയും ആഭ്യന്തര വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറിയുടെയും നേതൃത്വത്തിൽ നിശ്ചിത ഇടവേളകളിൽ അവലോകനം ചെയ്യുന്നുമുണ്ട്. കേസന്വേഷണത്തിനായി വിവിധ ജില്ലകളിൽ സ്പെഷൽ മൊബൈൽ സ്ക്വാഡ് യൂനിറ്റുകളും പ്രവർത്തിക്കുന്നുണ്ട്.
ഈ നിയമപ്രകാരമുള്ള കേസുകളുടെ വേഗത്തിലുള്ള വിചാരണക്കായി തിരുവനന്തപുരം (നെടുമങ്ങാട്), കൊല്ലം (കൊട്ടാരക്കര), എറണാകുളം, തൃശൂർ (അയ്യന്തോൾ), പാലക്കാട് (മണ്ണാർക്കാട്), മലപ്പുറം (മഞ്ചേരി), വയനാട് (മാനന്തവാടി) എന്നിവിടങ്ങളിൽ എക്സ് ക്ലൂസിവ് സ്പെഷൽ കോടതികളും അവയില്ലാത്ത ജില്ലകളിൽ ജില്ല പ്രിൻസിപ്പൽ സെഷൻസ് കോടതികളും എസ്.സി-എസ്.ടി സ്പെഷൽ കോടതികളായി പ്രവർത്തിക്കുന്നുണ്ട്.
.jpg)

