എസ്ബിഐ പണിമുടക്ക് മാറ്റിവച്ചു
തിരുവനന്തപുരം : തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ നടത്താനിരുന്ന എസ്ബിഐ പണിമുടക്ക് മാറ്റിവച്ചു. ജീവനക്കാരുമായി മാനേജ്‌മെന്റ് നടത്തിയ ചർച്ചയിലാണ് തീരുമാനമായത്. ശനിയും ഞായറും അവധിയും തിങ്കളും ചൊവ്വയും പണിമുടക്കും ബുധനാഴ്ച ബക്രീദ് അവധി കൂടി വരുമ്പോൾ അഞ്ചു ദിവസം ബാങ്കിങ് ഇടപാടുകൾ മുടങ്ങിയേക്കുമെന്ന തരത്തിലായിരുന്നു നേരത്തേ സൂചനകൾ വന്നത്. ചർച്ചയിൽ തീരുമാനമായതോടെ ഉപഭോക്താക്കൾക്ക് വലിയ ആശ്വാസമാണ് ഇതോടെ വരുന്നത്.
പൊതുജനത്തിന് വലിയ ആശ്വാസമാകുന്ന തീരുമാനമാണ് മാനേജ്‌മെന്റും ജീവനക്കാരുമായി നടത്തിയ ചർച്ചയിലൂടെ കൈവന്നത്. ജീവനക്കാർ ഉന്നയിച്ച ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കാമെന്ന് മാനേജ്‌മെന്റ് നൽകിയ ഉറപ്പിൻമേലാണ് പണിമുടക്ക് മാറ്റിയത്. സർക്കിൾ മാറിയുള്ള ട്രാൻസ്ഫർ ഒഴിവാക്കുക, ജീവനക്കാരുടെ കുറവ് നികത്തുക, എന്നീ ആവശ്യങ്ങളായിരുന്നു ജീവനക്കാർ പ്രധാനമായും ഉന്നയിച്ചത്.
ഇവയെല്ലാം വൈകാതെ പരിഗണിക്കുമെന്ന ഉറപ്പാണ് ജീവനക്കാർക്ക് ലഭിക്കുന്നത്. ഇന്നും നാളെയും അവധിയാണെങ്കിലും തിങ്കളും ചൊവ്വയും സാധാരണ രീതിയിൽ തന്നെ ബാങ്കിങ് ഇടപാടുകൾ നടത്താനാകും.
.jpg)

