സന്ദേശ' ത്തിന്റെ സന്ദേശം പൂര്‍ണ്ണമായി ഉള്‍ക്കൊണ്ട ഒരാള്‍ കേരളത്തിന്റെ മുഖ്യമന്ത്രിയായി വരുന്നതില്‍ സന്തോഷമുണ്ടെന്ന് സത്യന്‍ അന്തിക്കാട്

Sathyan Anthikad says he is happy that someone who has fully embraced the message of 'Sandesh' is becoming the Chief Minister of Kerala.

നിയുക്ത മുഖ്യമന്ത്രി വിഡി സതീശന് ആശംസകളുമായി സംവിധായകന്‍ സത്യന്‍ അന്തിക്കാട്. വിട്ടുവീഴ്ചയില്ലാത്ത ചില നിലപാടുകള്‍ ഒരു രാഷ്ട്രീയ നേതാവിനു വേണമെന്നു എനിക്കുതോന്നിയിട്ടുണ്ടെന്നും കോണ്‍ഗ്രസ്സില്‍ അത് സതീശനില്‍ മാത്രമേ ഇന്ന് കാണുന്നുള്ളുവെന്നാണ് സത്യന്‍ അന്തിക്കാട് പറയുന്നത്.

'സന്ദേശ' ത്തിന്റെ സന്ദേശം പൂര്‍ണ്ണമായി ഉള്‍ക്കൊണ്ട ഒരാള്‍ കേരളത്തിന്റെ മുഖ്യമന്ത്രിയായി വരുന്നതില്‍ സന്തോഷമുണ്ടെന്നും സത്യന്‍ അന്തിക്കാട് പറഞ്ഞു. ഫെയ്‌സ്ബുക്കിലെഴുതിയ കുറിപ്പിലൂടെയാണ് സത്യന്‍ അന്തിക്കാട് വിഡി സതീശനെ പ്രശംസിച്ചത്. 

കുറിപ്പിന്റെ പൂർണ്ണരൂപം 


സതീശന്‍ എന്ന സന്ദേശം. വി.ഡി.സതീശന്‍ മുഖ്യമന്ത്രിയാകുന്നതില്‍ വ്യക്തിപരമായി ഒരുപാട് സന്തോഷമുണ്ട്. ഞാന്‍ പങ്കെടുത്ത ചടങ്ങില്‍ വെച്ചാണ് സന്ദേശം സിനിമയുമായി ബന്ധപ്പെട്ട ഒരു അനുഭവം അദ്ദേഹം തുറന്നു പറയുന്നത്. സന്ദേശത്തില്‍ ശ്രീനിവാസന്‍ അവതരിപ്പിച്ച കോട്ടപ്പള്ളി പ്രഭാകരന്‍ അഭിഭാഷകനാണ്. പക്ഷെ കോടതിയില്‍ പോകാറില്ല. രാഷ്ട്രീയത്തിന്റെ പേരും പറഞ്ഞ് അതൊരു തൊഴിലാക്കാമെന്നു കരുതി നടക്കുന്ന പ്രഭാകരന്‍, കഥയുടെ ക്ലൈമാക്‌സില്‍ ജീവിതയാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞ് വക്കീലായി പ്രാക്ടീസ് ചെയ്യാന്‍ പോകുന്ന രംഗമുണ്ട്. അതു കണ്ടതിന്റെ പിറ്റേ ദിവസം താന്‍ പ്രശസ്തനായ ഒരു അഭിഭാഷകന്റെ ജൂനിയറായി ചേര്‍ന്നുവെന്ന് സതീശന്‍ പറഞ്ഞു. പക്ഷെ സതീശന്‍ രാഷ്ട്രീയത്തിലേക്കു തന്നെ തിരിച്ചു വന്നു. സന്ദേശത്തിന്റെ അവസാനഭാഗത്ത് തിലകന്‍ പറയുന്നുണ്ട് 'രാഷ്ട്രീയം നല്ലതാണ്. അത് നല്ല ആളുകള്‍ കൈകാര്യം ചെയ്യുമ്പോള്‍'എന്ന്. സതീശന്‍ ആ നല്ല ആളുകളില്‍പെട്ട ഒരാളാണ്.

ആള്‍ക്കൂട്ടത്തിനുള്ളിലും തനിച്ചാകാന്‍ സാധിക്കുന്ന ആളാണ് സതീശന്‍. പാതിരാത്രി വരെ നീളുന്ന പരിപാടികള്‍ ഇല്ലാത്ത ദിവസം ഉറങ്ങുന്നതിനു മുമ്പ് നൂറു പേജെങ്കിലും വായിക്കാന്‍ ശ്രമിക്കാറുണ്ടെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. വാക്കുകളിലും പ്രവൃത്തിയിലും അതിന്റെ ഗുണം കാണാറുമുണ്ട്. സിനിമയും സമൂഹവും മാറിയതുപോലെ രാഷ്ട്രീയവും മാറിയിട്ടുണ്ട്. നമ്മുടെ പല നേതാക്കളും അതു മനസ്സിലാക്കിയിട്ടില്ല.

സതീശന്‍ ഏറ്റവും പുതിയ തലമുറയുടെ നേതാവാണ്. വിദ്യാര്‍ത്ഥികളും യുവാക്കളുമാണ് വി.ഡി.സതീശന്‍ മുഖ്യമന്ത്രിയാകണമെന്ന് ഏറ്റവും കൂടുതല്‍ ആഗ്രഹിച്ചത്. വിട്ടുവീഴ്ചയില്ലാത്ത ചില നിലപാടുകള്‍ ഒരു രാഷ്ട്രീയ നേതാവിനു വേണമെന്നു എനിക്കുതോന്നിയിട്ടുണ്ട്. കോണ്‍ഗ്രസ്സില്‍ അത് സതീശനില്‍ മാത്രമേ ഇന്ന് കാണുന്നുള്ളു. വര്‍ഗ്ഗീയതക്കെതിരെ മടിയില്ലാതെ സംസാരിക്കുന്ന കോണ്‍ഗ്രസ്സുകാരനാണ് വി.ഡി.സതീശന്‍. രണ്ട് സമുദായനേതാക്കള്‍ നിരന്തരം സതീശന്നെ കുറ്റപ്പെടുത്തുമ്പോള്‍ ജനഹൃദയങ്ങളില്‍ ഉയരുന്നത് സതീശന്റെ ഇമേജാണ്. രമേശ് ചെന്നിത്തലയോടും വ്യക്തിപരമായി ഒരുപാട് ഇഷ്ടമുണ്ട്. പക്ഷെ ഇന്നത്തെ കേരളത്തിനു വേണ്ടത് സതീശന്റെ നേതൃത്വമാണ്.

'സന്ദേശ' ത്തിന്റെ സന്ദേശം പൂര്‍ണ്ണമായി ഉള്‍ക്കൊണ്ട ഒരാള്‍ കേരളത്തിന്റെ മുഖ്യമന്ത്രിയായി വരുന്നു എന്നത് പറഞ്ഞറിയിക്കാനാവാത്ത സന്തോഷമാണ്. അത് പങ്കിടാന്‍ ശ്രീനിവാസന്‍ ഒപ്പമില്ല എന്നത് ചെറുതല്ലാത്ത സങ്കടവും.

Tags