സന്നിധാനത്തും പമ്പയിലും ആശുപത്രികളിൽ എത്തുന്നരിൽ പകുതിക്കും പനി ചികിത്സ


വിവിധ ചികിത്സയ്ക്കായെത്തിയത് 67597 പേർ
പത്തനംതിട്ട : മണ്ഡലകാലം പകുതി കഴിയുമ്പോൾ സന്നിധാനത്തും പമ്പയിലും ആശുപത്രി സേവനം തേടുന്ന തീർഥാടകാരിൽ പകുതിയും പനി ചികിത്സക്ക്. അലോപ്പതി, ആയുർവേദം, ഹോമിയോപ്പതി ആശുപത്രികളിൽ എത്തിയ അറുപത്തിനായിരത്തിലധികം പേരിൽ പകുതിയും പനി, ജലദോഷം, കഫക്കെട്ട് എന്നിവയ്ക്കാണ് ചികിത്സ തേടിയതെന്ന് ആരോഗ്യവകുപ്പ് അധികൃതർ വ്യക്തമാക്കി. സന്നിധാനത്ത് പെട്ടെന്നുള്ള കാലാവസ്ഥാ മാറ്റവും മല കയറുന്നതിലെ ആയാസവുമാണ് മിക്കപ്പോഴും പ്രതികൂല ആരോഗ്യാവസ്ഥ സൃഷ്ടിക്കുന്നതെന്നും സന്നിധാനം മെഡിക്കൽ ഓഫിസർ അനീഷ് കെ സോമൻ പറഞ്ഞു.
നിലവില്‍ വിവിധ രോഗങ്ങള്‍ക്കായി ചികിത്സയിലിരിക്കുന്നവര്‍ ദര്‍ശനത്തിനായി എത്തുമ്പോള്‍ ചികിത്സാരേഖകളും കഴിക്കുന്ന മരുന്നുകളും കൈവശം കരുതണമെന്നും ദര്‍ശനത്തിന് എത്തുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പേ നടത്തം ഉള്‍പ്പെടെയുള്ള ലഘു വ്യായാമങ്ങള്‍ ചെയ്ത് തുടങ്ങണമെന്നും ആരോഗ്യ വകുപ്പ് നിർദ്ദേശിച്ചു. മല കയറുന്നതിനിടയില്‍ ക്ഷീണം, തളര്‍ച്ച, നെഞ്ചുവേദന, ശ്വാസതടസം എന്നിവ ഉണ്ടായാല്‍ മല കയറുന്നത് നിര്‍ത്തി വൈദ്യസഹായം തേടണമെന്നും ആരോഗ്യ വകുപ്പ് നിർദ്ദേശിച്ചിട്ടുണ്ട്.
22 ദിവസത്തിനിടെ പമ്പയിലും സന്നിധാനത്തും വിവിധ ആശുപത്രികളിൽ 67597 പേർ വിവിധ ചികിത്സയ്ക്കായെത്തി. സന്നിധാനത്ത് 28839 പേർ അലോപ്പതി ചികിത്സ തേടിയപ്പോൾ 25060 പേർ ആയുർവേദ ചികിത്സ തേടി. 1107 പേരാണ് ഹോമിയോ ചികിത്സ തേടിയത്. പമ്പയിൽ വിവിധ ആശുപത്രികളിലായി12591 പേർ ചികിത്സ തേടി.
