'സന്ദീപിന് കടുത്ത ശിക്ഷ ഉറപ്പാക്കാതെ പിന്നോട്ടില്ല'; ഒപി ബഹിഷ്‌കരിച്ചുളള മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ സമരം തുടരും

ഡോക്ടര്‍ വന്ദന ദാസിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഹൗസ് സര്‍ജന്‍സ് അസോസിയേഷന്‍ സംഘടിപ്പിക്കുന്ന സമരം ഇന്നും തുടരും. ഒപി ബഹിഷ്‌കരിച്ച് ആണ് മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ സമരം. സംഭവത്തില്‍ വീഴ്ച വരുത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണം. പ്രതി സന്ദീപിനെതിരെ കടുത്ത ശിക്ഷ ഉറപ്പാക്കാതെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും ഹൗസ് സര്‍ജന്‍സ് അസോസിയേഷന്‍ പറഞ്ഞു. ഹൗസ് സര്‍ജന്മാരുടെ ഡ്യൂട്ടി സമയം നിജപ്പെടുത്തി ഉത്തരവിറക്കുക, മെഡിക്കല്‍ കോളേജിലടക്കം ജോലിഭാരം കുറയ്ക്കുക തുടങ്ങിയ ആവശ്യങ്ങളും മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ മുന്നോട്ടുവെച്ചു. മതിയായ സുരക്ഷയും താമസ സൗകര്യവും സര്‍ക്കാര്‍ ഉറപ്പാക്കാതെ ഇനി ജോലിക്കില്ലെന്ന് മെഡിക്കല്‍ പിജി ഡോക്ടര്‍മാരുടെ സംഘടനയായ കെഎംപിജിഎയും അറിയിച്ചു.
റസിഡന്റ് ഡോക്ടര്‍മാരുടേയും ഹൗസ് സര്‍ജന്മാരുടേയും സമരം മെഡിക്കല്‍ കോളേജുകളുടെ പ്രവര്‍ത്തനത്തെ ഗുരുതരമായി ബാധിക്കുമെന്ന് മെഡിക്കല്‍ കോളേജ് ടിച്ചേഴ്‌സ് അസോസിയേഷന്‍ പറഞ്ഞു. അതുകൊണ്ട് മെഡിക്കല്‍ കോളേജിലേക്ക് വളരെ അത്യാവശ്യമുളള രോഗികള്‍ മാത്രമെ എത്താവൂ എന്ന് ടിച്ചേഴ്‌സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു. അതേസമയം മെഡിക്കല്‍ വിദ്യാര്‍ത്ഥികളുമായി ഇന്ന് ആരോഗ്യ മന്ത്രി ചര്‍ച്ച നടത്തും. ചര്‍ച്ചയില്‍ വിദ്യാര്‍ത്ഥികളെ കൂടാതെ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍മാരും മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറും പങ്കെടുക്കും.