മലപ്പുറം കൊളത്തൂരില്‍ വന്‍ ചന്ദനവേട്ട;നൂറ്റിരണ്ട് കിലോ ചന്ദനവുമായി രണ്ടു പേര്‍ പിടിയില്‍

google news
sandal robbery

മലപ്പുറം കൊളത്തൂരില്‍ വന്‍ ചന്ദനവേട്ട. കാറില്‍ ഒളിപ്പിച്ചുകടത്താന്‍ ശ്രമിച്ച നൂറ്റിരണ്ട് കിലോ ചന്ദനവുമായി രണ്ടു പേര്‍ പൊലീസിന്റെ പിടിയിലായി. മഞ്ചേരി കോട്ടുപറ്റ സ്വദേശി അത്തിമണ്ണില്‍ അലവിക്കുട്ടി, ഏറ്റുമാനൂര്‍ പട്ടിത്താനം സ്വദേശി സന്തോഷ് എന്നിവരാണ് പിടിയിലായത്. വാഹന പരിശോധനക്കിടെയാണ് അന്തര്‍സംസ്ഥാന ചന്ദനക്കടത്ത് സംഘത്തിലുള്‍പ്പെട്ട ഇവര്‍ പിടിയിലായത്. ആന്ധ്ര, തമിഴ്നാട് സംസ്ഥാനങ്ങളില്‍ നിന്ന് ആഡംബര വാഹനങ്ങളില്‍ രഹസ്യ അറകള്‍ നിര്‍മിച്ച് ചന്ദനമരത്തടികള്‍ കേരളത്തിലെത്തിച്ച് വില്‍പ്പന നടത്തുന്ന കള്ളക്കടത്ത് സംഘത്തെ സംബന്ധിച്ച് പൊലീസിന് വിവരം ലഭിച്ചിരുന്നു.

ജില്ലയിലെ ചിലര്‍ ഇതില്‍ കണ്ണികളായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും രഹസ്യ വിവരമുണ്ടായിരുന്നു. തുടര്‍ന്ന് ഈ സംഘത്തെ കേന്ദ്രീകരിച്ച് പെരിന്തല്‍മണ്ണ ഡിവൈഎസ്പി എം.സന്തോഷ് കുമാര്‍, സി.ഐ.സുനില്‍ പുളിക്കല്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ വാഹനപരിശോധനയിലാണ് ഇവ കണ്ടെത്തിയത്. കാറിന്റെ ബാക്ക് സീറ്റിനടിയില്‍ രഹസ്യ അറയുണ്ടാക്കി ചന്ദനം ഒളിപ്പിച്ച് കടത്താന്‍ ശ്രമിക്കുകയായിരുന്നു പ്രതികള്‍. ചെറിയ കഷ്ണങ്ങളാക്കി സീറ്റിനടിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ചന്ദനമരത്തടികള്‍. തമിഴ്നാട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സംഘമാണ് ചന്ദനം കൈമാറിയതെന്നാണ് വിവരം. സംഘത്തിലുള്‍പ്പെട്ട മറ്റു കണ്ണികളെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്. കൂടുതല്‍ അന്വേഷണത്തിനായി പൊലീസ്, വനം വകുപ്പിനും കേസ് കൈമാറിയിട്ടുണ്ട്

Tags