സനല്‍കുമാര്‍ ശശിധരന്റെ സമരം പ്രതിഷേധാര്‍ഹം; മഞ്ജുവാര്യര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഡിവൈഎഫ്ഐ
അറിയപ്പെടുന്ന കലാകാരിയായ മഞ്ജു വാര്യരുടെ വ്യക്തിസ്വാതന്ത്ര്യത്തിലും സ്വകാര്യതയിലേക്കും കടന്നുകയറി അവരെ സമൂഹമധ്യത്തില്‍ താറടിക്കുന്ന സമീപനം മനുഷ്യത്വ വിരുദ്ധവും സ്ത്രീവിരുദ്ധവുമാണ്.
സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍ നടി മഞ്ജു വാര്യര്‍ക്കെതിരെ നടത്തുന്ന അപകീര്‍ത്തി പ്രസ്താവനകള്‍ക്കെതിരെ ഡിവൈഎഫ്ഐ
ഡിവൈഎഫ്‌ഐ പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം
പ്രശസ്ത നടി മഞ്ജു വാര്യര്‍ക്കെതിരെ സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍ പൊതുസമൂഹത്തിന് മുന്നില്‍ നടത്തുന്ന വ്യക്തിഹത്യയും സമരവും ഹീനവും പ്രതിഷേധാര്‍ഹവുമാണ്. സാമൂഹ്യ പ്രതിബദ്ധതയുള്ള അറിയപ്പെടുന്ന കലാകാരിയായ മഞ്ജു വാര്യരുടെ വ്യക്തിസ്വാതന്ത്ര്യത്തിലും സ്വകാര്യതയിലേക്കും കടന്നുകയറി അവരെ സമൂഹമധ്യത്തില്‍ താറടിക്കുന്ന സമീപനം മനുഷ്യത്വ വിരുദ്ധവും സ്ത്രീവിരുദ്ധവുമാണ്.
ഒരു സ്ത്രീ തന്റെ വ്യക്തിപരമായ താല്പര്യങ്ങള്‍ തുറന്നു പറഞ്ഞതിന്റെ പേരിലും, പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന്റെ പേരിലും അവര്‍ മാഫിയയുടെ പിടിയിലാണെന്ന് സ്വയം സങ്കല്‍പ്പിച്ച് നിരന്തരം സമൂഹമാധ്യമങ്ങളിലൂടെയും അല്ലാതെയും വേട്ടയാടുന്നത് അങ്ങേയറ്റം അപലപനീയമാണ്. മഞ്ജു വാര്യര്‍ തന്നെ ഇദ്ദേഹത്തിനെതിരെ നിയമപരമായ നടപടി സ്വീകരിക്കുകയും കോടതി ഇയാള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തിട്ടു പോലും അത്തരം ആക്ഷേപങ്ങള്‍ തുടരുന്നത് നിന്ദ്യമാണ്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പോലുള്ള ഗൗരവമേറിയ വിഷയങ്ങളെ സ്വന്തം പ്രതികാരചിന്തകള്‍ക്ക് ആയുധമാക്കി സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം നടത്തുന്നത് ആഭാസകരവും ശുദ്ധമായ സ്ത്രീവിരുദ്ധതയും ബ്ലാക്ക്മെയിലിങ്ങും ആണ്.
സ്വന്തം കഠിനാധ്വാനം കൊണ്ട് സമൂഹത്തില്‍ മാന്യമായ സ്ഥാനം നേടിയ ഒരു കലാകാരിയുടെ വ്യക്തിസ്വാതന്ത്ര്യത്തെയും സ്വകാര്യതയെയും ഹനിക്കുന്ന ഇത്തരം വേട്ടയാടലുകള്‍ സാംസ്‌കാരിക കേരളം ഒറ്റക്കെട്ടായി ചെറുക്കണം, സനല്‍കുമാര്‍ ശശിധരന്‍ ഈ അപകീര്‍ത്തികരമായ ഇത്തരം പ്രവര്‍ത്തനങ്ങളില്‍ നിന്ന് പിന്തിരിയണം. നടി മഞ്ജുവാര്യര്‍ക്ക് ഡിവൈഎഫ്‌ഐ കേരള സംസ്ഥാന സെക്രട്ടേറിയറ്റ് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു.
.jpg)

