സംസ്ഥാനത്ത് ഉദ്യോഗസ്ഥ ഭരണം രൂക്ഷമെന്ന് സമസ്ത മുഖപത്രം സിറാജ്; ബ്യൂറോക്രസിയുടെ അമിതാധികാരത്തിനെതിരെ കടുത്ത വിമർശനം
കോഴിക്കോട്: സംസ്ഥാനത്ത് ഇപ്പോൾ നടക്കുന്നത് ഉദ്യോഗസ്ഥ ഭരണമാണെന്നും ബ്യൂറോക്രസിയുടെ അമിതാധികാര പ്രയോഗം കർശനമായി തടയണമെന്നും സമസ്ത എ.പി വിഭാഗം മുഖപത്രമായ സിറാജിന്റെ മുഖപ്രസംഗം. വകുപ്പ് മന്ത്രിയും സർക്കാരും അറിയാതെയുള്ള എക്സൈസ് വകുപ്പിലെ വിവാദ തീരുമാനങ്ങൾ ചൂണ്ടിക്കാണിച്ചാണ് മുഖപത്രത്തിന്റെ രൂക്ഷ വിമർശനം. മുൻ സർക്കാരിന്റെ ചട്ടങ്ങളിലെ പഴുതുകൾ ദുരുപയോഗം ചെയ്തുള്ള ഇത്തരം കള്ളക്കളികൾ വലിയ തോതിലുള്ള അഴിമതിയിലേക്കാണ് വിരൽ ചൂണ്ടുന്നതെന്നും ലേഖനം കുറ്റപ്പെടുത്തുന്നു.
സർക്കാരിന്റെയും എക്സൈസ് മന്ത്രിയുടെയും നയപരമായ തീരുമാനങ്ങളെ ഉദ്യോഗസ്ഥർ കാറ്റിൽപ്പറത്തിയെന്ന് മുഖപ്രസംഗം ചൂണ്ടിക്കാട്ടുന്നു. ഏതൊരു സംസ്ഥാനത്തും സാമൂഹിക-സാമ്പത്തിക സുരക്ഷാ മേഖലകളെ ബാധിക്കുന്ന പ്രധാനപ്പെട്ട വിഷയമാണ് മദ്യനയവും ബാർ ലൈസൻസും. എന്നാൽ, സർക്കാരിന്റെ വ്യക്തമായ മാർഗനിർദേശങ്ങൾക്കും നയരൂപവത്കരണത്തിനും വിധേയമായി മാത്രം നടപ്പാക്കേണ്ട ഇത്തരം കാര്യങ്ങളിൽ, വകുപ്പ് മേധാവിയെ പോലും ഇരുട്ടിൽ നിർത്തി കീഴുദ്യോഗസ്ഥർ ലൈസൻസുകൾ നൽകുകയായിരുന്നു.
ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ ഈ അസ്വാഭാവിക നടപടിയെക്കുറിച്ചും അതിനു പിന്നിലെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചും വകുപ്പ് മന്ത്രിക്കുതന്നെ വാർത്താസമ്മേളനത്തിൽ തുറന്നുപറയേണ്ടി വന്നത് ഉദ്യോഗസ്ഥ വൃന്ദത്തിന്റെ തന്നിഷ്ടം എത്രത്തോളം അതിരുകടന്നിരിക്കുന്നുവെന്ന് വ്യക്തമാക്കുന്നുണ്ടെന്ന് മുഖപ്രസംഗത്തിൽ പറയുന്നു. ജനാധിപത്യ സംവിധാനത്തിൽ നയരൂപവത്കരണം നടത്തേണ്ടതും ഭരണപരമായ തീരുമാനങ്ങൾ എടുക്കേണ്ടതും ജനങ്ങൾ തിരഞ്ഞെടുത്ത സർക്കാറാണ്. സർക്കാർ പദ്ധതികൾ നടപ്പാക്കാൻ ചുമതലപ്പെട്ട ഒരു ഭരണനിർവഹണ ഉപാധി മാത്രമാണ് ഉദ്യോഗസ്ഥർ. എന്നാലിവിടെ തലതിരിഞ്ഞൊരു സ്ഥിതിയാണ് പലപ്പോഴും കാണാനാകുന്നതെന്നും, മന്ത്രിസഭയുടെയും സർക്കാരിന്റെയും തീരുമാനങ്ങളെ മറികടന്ന് ചില ഉദ്യോഗസ്ഥർ സ്വയം സർക്കാരായി ചമയുകയാണെന്നും മുഖപ്രസംഗം വിമർശിക്കുന്നു.
.jpg)

