ഉപ്പിനും മല്ലിപ്പൊടിക്കും നിലവാരമില്ല; ഭക്ഷ്യാസുരക്ഷാ വകുപ്പ് പിഴ ചുമത്തി

salt
salt

 
ആലപ്പുഴ :  ജില്ലയില്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധനയില്‍ നിലവാരമില്ലാത്തതും ലേബല്‍ വിവരങ്ങള്‍ കൃത്യമല്ലാത്തതുമായ ഉത്പന്നങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പിഴ ചുമത്തി. ആലപ്പുഴ  ഭക്ഷ്യ സുരക്ഷാ സര്‍ക്കിളില്‍ നിന്നും ശേഖരിച്ച ആര്‍സിഎം കല്ലുപ്പ്  നിലവാരമില്ലാത്തതായി ലബോറട്ടറി ഫലം വന്നതിനാല്‍ ഉപ്പ് വിറ്റ സ്ഥാപനമായ കലവൂര്‍  കെഎംജെ മിനി മാര്‍ട്ടിന് 10,000 രൂപയും ഉപ്പ് നിര്‍മ്മിച്ച സ്ഥാപനമായ തൂത്തുക്കുടി ആര്‍. ചെയര്‍മാന്‍ എന്ന സ്ഥാപനത്തിന് 50,000 രൂപയും ആലപ്പുഴ ആര്‍ഡിഒ പിഴയിട്ടു. ആലപ്പുഴ  സര്‍ക്കിള്‍ ഭക്ഷ്യ സുരക്ഷാ ഓഫീസറായിരുന്ന ചിത്ര മേരി തോമസ് ശേഖരിച്ച സാമ്പിളുകളിലാണ് നടപടി.  

ആലപ്പുഴ, ചെങ്ങന്നൂര്‍  ഭക്ഷ്യസുരക്ഷാ സര്‍ക്കിളുകളില്‍ നിന്നും ശേഖരിച്ച കീര്‍ത്തി നിര്‍മ്മല്‍ ഉപ്പിന്റെ ലേബല്‍ വിവരങ്ങള്‍ കൃത്യമല്ലാത്തതിനാല്‍ ആലപ്പുഴ ആര്‍ഡിഒ 50,000 രൂപയും ചെങ്ങന്നൂര്‍  ആര്‍ഡിഒ  75,000 രൂപയും പിഴയിട്ടു. ചിത്ര മേരി തോമസ്, ആര്‍. ശരണ്യ എന്നീ ഓഫീസര്‍മാര്‍ എടുത്ത സാമ്പിളുകളിന്മേലാണ് നടപടി.

ആലപ്പുഴ സര്‍ക്കിള്‍ ഭക്ഷ്യ സുരക്ഷാ ഓഫീസര്‍  ആയിരുന്ന ചിത്ര മേരി തോമസ് ശേഖരിച്ച ഹാബിറ്റ് ആപ്പിള്‍ സിഡര്‍ വിനാഗിരിയില്‍  നിര്‍ദിഷ്ട നിലവാരമില്ലാത്തതിനാല്‍ ഇത്  നിര്‍മ്മിച്ച സ്ഥാപനമായ  മഹാരാഷ്ട്ര എംഐഇ ഗ്ലോബല്‍ ഫുഡ്സ്  എന്ന സ്ഥാപനത്തിന് 1,50,000 രൂപയും വിതരണം ചെയ്ത സ്ഥാപനമായ എറണാകുളം, അമ്മന്‍കോവില്‍ സ്ട്രീറ്റ് തോംസണ്‍ ട്രേഡേഴ്സ് എന്ന സ്ഥാപനത്തിന് 1,00000 രൂപയും വിറ്റ സ്ഥാപനമായ പാന്‍ട്രി ആലപ്പുഴയ്ക്ക് 50,000 രൂപയും  പിഴ ചുമത്തി ആലപ്പുഴ ആര്‍ഡിഒ ഉത്തരവിട്ടു.   

അരൂര്‍ സര്‍ക്കിള്‍ ഭക്ഷ്യ സുരക്ഷാ ഓഫീസറായ ബിഎസ് അഖില സാമ്പിള്‍ എടുത്ത ക്വാളിറ്റി മല്ലിപ്പൊടിക്ക് നിര്‍ദിഷ്ട നിലവാരമില്ലാത്തതിനാല്‍ പാണാവള്ളി ക്വാളിറ്റി ഫുഡ് പ്രോഡക്ട്സ് എന്ന സ്ഥാപനത്തിന് 50,000 രൂപയും വിറ്റ വ്യക്തിക്ക് 10,000 രൂപയും ആലപ്പുഴ ആര്‍ഡിഒ പിഴ ചുമത്തിയതായി ഭക്ഷ്യസുരക്ഷാ അസി. കമ്മീഷണര്‍ വൈ ജെ സുബിമോള്‍ അറിയിച്ചു.

Tags