നടിയെ ആക്രമിച്ച കേസ് ; സായ് ശങ്കറിന്റെ ലാപ്ടോപ്പിൽ തെളിവില്ല

നടിയെ ആക്രമിച്ച കേസിൽ സൈബർ വിദഗ്‌ധൻ സായ് ശങ്കറിന്റെ ലാപ്ടോപ്പ് തെളിവാകില്ല. അന്വേഷണസംഘം പിടിച്ചെടുത്ത ലാപ്ടോപ്പിൽ കേസുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നുമില്ല. ഐ മാക്കിൽ നിന്ന് കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ വീണ്ടെടുക്കാനായിട്ടില്ല.
അതേസമയം, ദിലീപ് പ്രതിയായ ഗൂഢാലോചന കേസിൽ അഭിഭാഷകരെ പ്രതിചേർക്കും. അഭിഭാഷകരായ ഫിലിപ്പ് വർഗീസ്, സുജേഷ് എന്നിവരെയാണ് പ്രതി ചേർക്കുക. ഫോണിലെ തെളിവുകൾ നശിപ്പിക്കാൻ അഭിഭാഷകർ നിർദേശിച്ചെന്ന് സൈബർ വിദഗ്‌ധൻ സായ് ശങ്കർ മൊഴി നൽകിയിരുന്നു. ഐ പി സി 302 വകുപ്പ് പ്രകാരം തെളിവ് നശിപ്പിച്ച കുറ്റത്തിനാകും പ്രതിചേർക്കുക. കേസിൽ കുറ്റപത്രം സമർപ്പിക്കുമ്പോൾ അഭിഭാഷകരെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തും.
വിവരങ്ങൾ നശിപ്പിക്കാൻ ഉപയോഗിച്ച ലാപ്‌ടോപ്പും ഐ മാക്ക് കംപ്യൂട്ടറും ദിലീപിന്റെ അഭിഭാഷകൻ രാമൻപിള്ളയുടെ ഓഫീസിലാണെന്നും സായ് ശങ്കർ ആരോപിച്ചിരുന്നു. ഫോൺവിവരങ്ങൾ നശിപ്പിച്ചത് കൊച്ചിയിലെ ആഡംബരഹോട്ടലിലും രാമൻപിള്ളയുടെ ഓഫീസിൽവച്ചാണെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. 12 നമ്പറുകളിൽനിന്നുള്ള വാട്‌സാപ് ചാറ്റുകളും ശബ്ദസന്ദേശങ്ങളുമാണ് നീക്കിയത്.