സ്ത്രീസുരക്ഷാ പെൻഷൻ: 18 ലക്ഷത്തിന് മുകളിൽ അപേക്ഷകർ , സർക്കാരിന് വലിയ സാമ്പത്തികഭാരം

Women's safety pension: Over 18 lakh applicants, huge financial burden on the government

ആലപ്പുഴ: സംസ്ഥാന സർക്കാരിന്റെ സ്ത്രീസുരക്ഷാ പെൻഷൻ പദ്ധതിയിൽ അപേക്ഷകരുടെ എണ്ണം ഉയരുന്നു. പദ്ധതി തുടങ്ങിയ ഫെബ്രുവരിയിൽ 10.05 ലക്ഷം അപേക്ഷകരായിരുന്നു. ഇപ്പോൾ 18.18 ലക്ഷവും. ഇതോടെ, പെൻഷൻ വിതരണത്തിനു പ്രതിമാസം സർക്കാർ നീക്കിവെക്കേണ്ടത് 181 കോടിയിലേറെ രൂപ. ഫെബ്രുവരിയിൽ 100.5 കോടി രൂപയും മാർച്ചിൽ 16.24 ലക്ഷം പേർക്ക് 162.41 കോടിയും പെൻഷനായി നൽകി. ഏപ്രിൽ മാസത്തെ വിതരണം ഉടൻ തുടങ്ങും.

35 വയസ്സുപൂർത്തിയായ സ്ത്രീകൾക്ക് എപ്പോൾ വേണമെങ്കിലും പെൻഷന് അപേക്ഷിക്കാമെന്നതിനാൽ ഗുണഭോക്താക്കൾ ഇനിയും കൂടും. അപേക്ഷകർ കൂടുതൽ മലപ്പുറം ജില്ലയിലാണ്- 2.55 ലക്ഷം. ഇവരിൽ 2.4 ലക്ഷം പേർക്ക് പെൻഷൻ കിട്ടിത്തുടങ്ങി. രണ്ടാമത് തിരുവനന്തപുരം ജില്ലയാണ്- 1.91 അപേക്ഷകർ. 1.69 ലക്ഷം പേർക്ക് പെൻഷൻ കിട്ടി. കുറവ് പത്തനംതിട്ട ജില്ലയിൽ- 51,479 പേർ. 44,851 പേർക്ക് പെൻഷൻ അനുവദിച്ചു.

ബാക്കി അപേക്ഷകൾ പരിശോധനയിലാണ്. തദ്ദേശസ്ഥാപനങ്ങൾ അപേക്ഷകൾ അംഗീകരിക്കുന്ന മുറയ്ക്ക് സർക്കാർ പെൻഷൻ അനുവദിക്കുന്നതാണു രീതി. 35-60 വയസ്സിനിടയിലുള്ള മഞ്ഞ, പിങ്ക് കാർഡുകളിലെ അംഗങ്ങളായ സ്ത്രീകൾക്കാണ് പെൻഷന് അർഹത. സംസ്ഥാനത്തുനിന്നു താമസം മാറുകയോ ജോലി ലഭിക്കുകയോ ചെയ്താൽ പെൻഷൻ കിട്ടില്ല. റേഷൻകാർഡു മാറിയാലും കിട്ടില്ല. അനർഹമായി പെൻഷൻ വാങ്ങിയാൽ 18 ശതമാനം പലിശസഹിതം തിരികെ ഈടാക്കും.

:സാമൂഹികസുരക്ഷാ പെൻഷൻ കൊടുക്കാൻ പ്രതിമാസം 1,050 കോടി രൂപ സർക്കാർ ഇപ്പോൾ നീക്കിവെക്കുന്നുണ്ട്. കടമെടുത്താണ് മിക്ക മാസങ്ങളിലും ഇതു നൽകുന്നത്. ഇതിനു പുറമേയാണ് സ്ത്രീസുരക്ഷാപെൻഷനു പണം കണ്ടെത്തേണ്ടത്. രണ്ടു പെൻഷനുംകൂടി കൊടുക്കാൻ നിലവിൽ പ്രതിമാസം 1,230 കോടിയിലേറെ രൂപ വേണം.

സാമൂഹികസുരക്ഷാ പെൻഷൻ 2,000-ത്തിൽനിന്ന് 3,000 രൂപയായി കൂട്ടുമെന്ന് പ്രകടനപത്രികയിൽ എൽ.ഡി.എഫും യു.ഡി.എഫും വാഗ്ദാനം നൽകിയിട്ടുണ്ട്.

Tags