തൃശ്ശൂരിൽ സ്‌കൂള്‍ ബസുകളുടെ സുരക്ഷാ പരിശോധന നടത്തി

തൃശൂര്‍: പുതിയ അധ്യയനവര്‍ഷം ആരംഭിക്കുന്നതിന്റെ മുന്നോടിയായി സ്‌കൂള്‍ ബസുകളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി തൃശൂര്‍ ആര്‍.ടി.ഒയുടെ കീഴില്‍ വരുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സ്‌കൂള്‍ ബസ് പരിശോധന മണ്ണുത്തി ഡോണ്‍ബോസ്‌കോ സ്‌കൂളില്‍ നടന്നു. 200 വാഹനങ്ങളാണ് പരിശോധനയ്ക്ക് എത്തിയത്. ഇതില്‍ അടര്‍ന്നു വീഴാന്‍ സാധ്യതയുള്ള ഉള്ള പ്ലാറ്റ്‌ഫോം, ജി.പി.എസ്. കാലാവധി കഴിഞ്ഞവ, സ്പീഡ് ഗവേണര്‍ കാലിബ്രേഷന്‍ കാലാവധി കഴിഞ്ഞവ, സ്പീഡ് ഗവേണര്‍ ശരിയായി പ്രവര്‍ത്തിക്കാത്തവ, തേഞ്ഞുപോയ ടയറുകള്‍ എന്നീ അപാകതകള്‍ കണ്ട അറുപതോളം വാഹനങ്ങളെ തിരിച്ചയച്ചതായി അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ.ജെ. വിപിന്‍ പറഞ്ഞു.
ഇവ പരിഹരിച്ച വാഹനങ്ങള്‍ക്ക് മാത്രമേ ഫിറ്റ്‌നസ് സ്റ്റിക്കര്‍ നല്‍കൂ. ഫിറ്റ്‌നസ് സ്റ്റിക്കര്‍ ഇല്ലാത്ത സ്‌കൂള്‍ ബസുകള്‍ക്ക് കൂടുതല്‍ പരിശോധനകള്‍ക്ക് വിധേയമാക്കേണ്ടി വരും എന്നും അദ്ദേഹം പറഞ്ഞു. കൂടാതെ 150 ഓളം സ്‌കൂള്‍ ഡ്രൈവര്‍മാര്‍ക്ക് പരിശീനല ക്ലാസ് നല്‍കി. പരിശോധന പരിപാടിയില്‍ സ്‌കൂള്‍ വാഹനങ്ങളെ വിദ്യാ വാഹന്‍ ആപ്പുമായി ബന്ധിപ്പിച്ച് രക്ഷിതാക്കള്‍ക്ക് സ്‌കൂള്‍ വാഹനങ്ങളുടെ സഞ്ചാര പാത കണ്ടെത്താനുള്ള സംവിധാനങ്ങളെക്കുറിച്ചുള്ള ബോധവല്‍ക്കരണവും പരിപാടിയുടെ ഭാഗമായി നടത്തി.തൃശൂര്‍ ആര്‍.ടി.ഒ. കെ.കെ. സുരേഷ്‌കുമാര്‍, ജോ. ആര്‍.ടി.ഒ. കെ. രാജേഷ്, മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി.എം. രവികുമാര്‍, അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ ഒ.കെ. ബിനോയ്, കെ.ജെ. വിപിന്‍, പയസ് ഗിറ്റ്, എസ്. ദീപക്, പ്രതാപ് തുടങ്ങിയവര്‍ പങ്കെടുത്തു.