സാദിഖലി ശിഹാബ് തങ്ങള്‍ നാലാംകിട രാഷ്ട്രീയ നേതാവ്; പിഎം ശ്രീയുടെ പേരില്‍ കടുത്ത വര്‍ഗീയത മുസ്ലിം സമുദായത്തില്‍ പ്രചരിപ്പിച്ചതിന് മാപ്പുപറയണമെന്ന് കെടി ജലീല്‍

Sadiqali Shihab Thangal is a fourth-rate political leader; KT Jaleel demands apology for spreading extreme communalism in the Muslim community in the name of PM Shri

കൊച്ചി: പിഎം ശ്രീയുടെ പേരില്‍ മുസ്ലിം സമുദായത്തില്‍ കടുത്ത വര്‍ഗീയത  പ്രചരിപ്പിച്ചതിന് മുസ്ലിംലീഗും, നിരവധി പള്ളികളുടെ ഖാളിയായ സയ്യിദ് സാദിഖലി ശിഹാബ് തങ്ങളും പരസ്യമായി മാപ്പ് പറയണമെന്ന് മുന്‍മന്ത്രി കെടി ജലീല്‍. സാദിഖലി തങ്ങളുടെ പ്രസ്താവനകളെ ലീഗ് അധ്യക്ഷന്റെതിനെക്കാള്‍ മത പദവിയായ 'ഖാളി'യുടെ സത്യസന്ധമായ വാക്കുകളായാണ് സമുദായം കേള്‍ക്കുന്നത്. പറഞ്ഞ വാക്കും പഴയ ചാക്കും ഒരുപോലെയെന്ന് കരുതുന്ന വെറുമൊരു നാലാംകിട രാഷ്ട്രീയ നേതാവാണ് സാദിഖലി തങ്ങളെങ്കില്‍ 'ഖാളി' സ്ഥാനം അലങ്കരിക്കാന്‍ ഒരര്‍ത്ഥത്തിലും അദ്ദേഹം യോഗ്യനല്ലെന്ന് കെടി ജലീല്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

'വാക്കിന് സ്ഥിരതയില്ലാത്ത ഏമ്പോക്കിക്കും കയറിയിരിക്കാന്‍ പറ്റുന്ന കസേരയല്ല 'ഖാളി'മാരുടേത്. ഖാളീ സ്ഥാനം വാക്കിന് വില കല്‍പ്പിക്കുന്ന പണ്ഡിതന്‍മാര്‍ക്ക് ഒഴിഞ്ഞ് കൊടുത്ത് സാദിഖലി തങ്ങള്‍ മാന്യത കാട്ടണം. അതല്ലെങ്കില്‍ മഹല്ലു കമ്മിറ്റികള്‍ അദ്ദേഹത്തെ ഖാളിയുടെ കസേരയില്‍ നിന്ന് മാറ്റി വാക്കിന് സ്ഥിരതയുള്ള പണ്ഡിതന്മാരെ നിയമിക്കാന്‍ തയ്യാറാകണം. പി.എം ശ്രീയുടെ കാര്യത്തില്‍ സാദിഖലി തങ്ങളുടെ നിലപാട് വി.ഡി സതീശന്‍ സര്‍ക്കാരിന്റേതാണെങ്കില്‍ അദ്ദേഹത്തെ മേലില്‍ ഖാളിയായി അംഗീകരിക്കാന്‍ ഞാന്‍ സന്നദ്ധനല്ല. താങ്കളുടെ മതവിധി ഞാനടക്കമുള്ളവര്‍ ചവറ്റുകൊട്ടയില്‍ എറിയും. ഇക്കാര്യം പരസ്യമായി പ്രഖ്യാപിക്കാന്‍ എനിക്ക് അശേഷം മടിയില്ല'- ജലീല്‍ കുറിപ്പില്‍ പറയുന്നു.

'നിങ്ങള്‍ കൊടുക്കുന്ന ലിസ്റ്റിലെ ഒരു സ്‌കൂളിലും പി.എം ശ്രീയില്‍ കിട്ടുന്ന പണത്തില്‍ നിന്ന് ഒരു നയാ പൈസ വിനിയോഗിക്കാന്‍ നാട്ടുകാര്‍ സമ്മതിക്കില്ല. ആ പണം ഉപയോഗിച്ച് നരേന്ദ്രമോദിക്ക് അദ്ദേഹം ജീവിച്ചിരിക്കെ കേരളത്തില്‍ സ്മാരകം പണിയാമെന്ന് ആരും വിചാരിക്കേണ്ട. അതിന് ഞങ്ങളുടെയൊക്കെ തല മണ്ണില്‍ കുത്തണം. കാരണം അത്രമാത്രം ആ പണം നിഷിദ്ധമാണെന്നും മുസ്ലിം വിരുദ്ധമാണെന്നും പ്രചരിപ്പിച്ചവരാണ് യുഡിഎഫ്, പ്രത്യേകിച്ച് ലീഗ്. കേരളത്തിലെ എല്ലാ സര്‍ക്കാര്‍ സ്‌കൂളുകളും പിണറായി സര്‍ക്കാര്‍ നവീകരിച്ചത് ഒരു പി.എം ശ്രീ ഫണ്ടും ഉപയോഗിച്ചില്ല. ആ ഓര്‍മ്മ ഉണ്ടാകുന്നത് നല്ലതാണ്'- ജലീല്‍ കുറിപ്പില്‍ പറയുന്നു.

Tags