ബിജെപിയിൽ നിന്ന് സാബു ജേക്കബ് 40 കോടി രൂപ വാങ്ങി, അദ്ദേഹം വ്യക്തിപരമായ നേട്ടങ്ങൾക്ക് വേണ്ടിയാണ് എൻഡിഎയിലേക്ക് പോയത് : വീണ്ടും വിമർശനവുമായി അഖിൽ മാരാർ

Sabu Jacob received ₹40 crore from the BJP; he joined the NDA for personal gain: Akhil Marar criticizes again.

 കൊച്ചി: സാബു എം ജേക്കബിനെതിരെ വിമർശനവുമായി അഖിൽ മാരാർ. ട്വന്റി 20യ്ക്ക് വേണ്ടി സ്ഥാനാർത്ഥികളെ കണ്ടെത്താൻ നിയോഗിച്ച ഡൽഹി സ്വദേശി റാം തന്നെ പത്തുതവണ ബന്ധപ്പെട്ടുവെന്നാണ് അഖിൽ മാരാർ പറയുന്നത്. കൊട്ടാരക്കരയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയാകാൻ താൻ ആലോചിച്ചപ്പോൾ വീണ്ടും ബന്ധപ്പെട്ടെന്നും കൊട്ടാരക്കരയിൽ മത്സരിപ്പിക്കാമെന്ന് ഉറപ്പ് നൽകിയെന്നും അഖിൽ മാരാർ പറയുന്നു. തൃക്കാക്കര തന്നിൽ അടിച്ചേൽപ്പിക്കുകയായിരുന്നു എന്നും തെരഞ്ഞെടുപ്പിന് ശേഷം ട്വന്റി 20യ്ക്ക് രാഷ്ട്രീയ പ്രവർത്തനത്തിൽ താൽപ്പര്യമില്ലാതായെന്നും അഖിൽ മാരാർ പറഞ്ഞു. ബിജെപിയിൽ നിന്ന് സാബു ജേക്കബ് 40 കോടി രൂപ വാങ്ങിയെന്നും അദ്ദേഹം വ്യക്തിപരമായ നേട്ടങ്ങൾക്ക് വേണ്ടിയാണ് എൻഡിഎയിലേക്ക് പോയതെന്നും അഖിൽ മാരാർ ആരോപിച്ചു.

'കൊട്ടാരക്കരയിൽ മത്സരിപ്പിക്കാമെന്ന് സാബു ജേക്കബും ഉറപ്പ് നൽകിയതാണ്. വാക്ക് പാലിക്കാത്തതിൽ ആർഎസ്എസ് നേതാക്കളോടും രാജീവ് ചന്ദ്രശേഖറിനോടും പരാതി പറഞ്ഞു. അങ്ങനെയാണ് എനിക്ക് മത്സരിക്കാൻ തൃപ്പൂണിത്തുറ സീറ്റ് ബിജെപി വിട്ടുനൽകിയത്. തൃക്കാക്കര എന്നിൽ അടിച്ചേൽപ്പിക്കുകയായിരുന്നു. തെരഞ്ഞെടുപ്പിന് ശേഷം ട്വന്റി 20യ്ക്ക് രാഷ്ട്രീയ താൽപ്പര്യം ഇല്ലാതായി. പലതവണ ഇക്കാര്യം പറഞ്ഞിട്ടും സാബു മറുപടി നൽകിയില്ല', അഖിൽ മാരാർ പറഞ്ഞു. തൃക്കാക്കരയിൽ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് പോലും ഉണ്ടായിരുന്നില്ലെന്നും സാബു തന്നെ പാർട്ടിയിലേക്ക് വിളിച്ചുകൊണ്ടുപോവുകയായിരുന്നെന്നും അഖിൽ പറഞ്ഞു. 1600 കോടി രൂപയിലധികം നഷ്ടത്തിലാണ് കിറ്റക്‌സ് എന്നും കേന്ദ്രസർക്കാരിന്റെ സഹായത്തിന് വേണ്ടിയാണ് സാബു ജേക്കബ് ശ്രമിക്കുന്നതെന്നും അഖിൽ മാരാർ ആരോപിച്ചു.

അഖിൽ മാരാർ ട്വന്റി 20 വിട്ടതിന് പിന്നാലെ ആരോപണങ്ങൾക്ക് മറുപടിയുമായി സാബു എം ജേക്കബ് നേരത്തെ രംഗത്തെത്തിയിരുന്നു. അഖിലിന്റെ പ്രസ്താവനകൾ വസ്തുതാവിരുദ്ധമാണെന്ന് സാബു ജേക്കബ് പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിൽ കൊട്ടാരക്കരയിൽ നിന്ന് മത്സരിക്കാൻ താത്പര്യം പ്രകടിപ്പിച്ചാണ് അഖിൽ ട്വന്റി 20 പാർട്ടിയിലേക്ക് വന്നത്. കൊട്ടാരക്കര സീറ്റ് തെരഞ്ഞെടുപ്പിന് തൊട്ടുമുൻപ് ഉണ്ടായ ചില പ്രത്യേക സാഹചര്യത്തിൽ ലഭിക്കാതെ പോയപ്പോഴാണ് തൃക്കാക്കര പകരമായി നൽകിയത്. തൃക്കാക്കര മണ്ഡലത്തിൽ മത്സരിക്കാൻ അഖിലിന് താൽപ്പര്യമില്ലായിരുന്നെങ്കിൽ മത്സരിക്കേണ്ടിയിരുന്നില്ലെന്നും സാബു ജേക്കബ് പറഞ്ഞിരുന്നു.

'2015 മുതൽ പഞ്ചായത്ത്, നിയമസഭാ, പാർലമെന്റ് തെരഞ്ഞെടുപ്പുകളിൽ മത്സരിച്ച മുഴുവൻ സ്ഥാനാർത്ഥികളുടെയും പൂർണമായ ചെലവുകൾ വഹിച്ചത് ട്വന്റി 20 തന്നെയാണ്. ഇത്തവണയും നിയമസഭയിലേക്ക് മത്സരിച്ച 19 സ്ഥാനാർത്ഥികളുടെയും മുഴുവൻ ചെലവുകൾ പാർട്ടിയാണ് വഹിച്ചത്. തൃക്കാക്കര എ ക്ലാസ് മണ്ഡലമായി പരിഗണിച്ചാണ് പാർട്ടി പോരാട്ടത്തിനിറങ്ങിയത്. തെരഞ്ഞെടുപ്പിന് ശേഷം ട്വന്റി 20 കൊല്ലം ജില്ലാ പ്രസിഡന്റ് സ്ഥാനം അഖിൽ ആവശ്യപ്പെട്ടിരുന്നു. തെരഞ്ഞെടുപ്പ് വേളയിലോ ശേഷമോ പാർട്ടിയിൽ നിന്ന് അഖിലിന് തിക്താനുഭവങ്ങൾ ഉണ്ടായിട്ടില്ലെന്ന് അതിൽ നിന്ന് തന്നെ വ്യക്തമാണ്. തൃക്കാക്കരയിൽ സ്ഥാനാർത്ഥിയായിരുന്നു എന്നതിനപ്പുറം അഖിൽ പാർട്ടിയുടെ ബൂത്ത് മുതൽ സംസ്ഥാനം വരെ ഒരു ഘടകത്തിന്റെയും ഭാരവാഹിയല്ല. പണവും അധികാരവും സ്ഥാനമാനങ്ങളും ലക്ഷ്യമിട്ട് വരുന്നവർക്ക് പറ്റിയ പ്രസ്ഥാനമല്ല ട്വന്റി 20' എന്നാണ് സാബു ജേക്കബ് പറഞ്ഞത്.

Tags