ശബരിമല യുവതി പ്രവേശന കേസ്; സുപ്രീം കോടതി ഭരണഘടന ബെഞ്ച് ഇന്ന് വീണ്ടും വാദം കേള്‍ക്കും
സംസ്ഥാനസര്‍ക്കാരിന്റെ വാദവും ഇന്നുണ്ടായേക്കുമെന്നാണ് കരുതുന്നത്.
ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട കേസില്‍ സുപ്രീംകോടതി ഭരണഘടന ബെഞ്ച് ഇന്ന് വീണ്ടും വാദം കേള്‍ക്കും. സംസ്ഥാനസര്‍ക്കാരിന്റെ വാദവും ഇന്നുണ്ടായേക്കുമെന്നാണ് കരുതുന്നത്. ശബരിമലക്കേസില്‍ ആറാം ദിവസത്തെ വാദത്തിലേക്കാണ് സുപ്രീംകോടതി കടക്കുന്നത്. കഴിഞ്ഞ തവണ കേസില്‍ മുതിര്‍ന്ന അഭിഭാഷകരായ ഗോപാല്‍ സുബ്രഹ്‌മണ്യം, രാജീവ് ധവാന്‍ വി ഗിരി എന്നിവരാണ് വാദം ഉന്നയിച്ചത്. ഇന്ന് മറ്റു മുതിര്‍ന്ന അഭിഭാഷകരുടെ വാദം പൂര്‍ത്തിയാല്‍ സംസ്ഥാനസര്‍ക്കാരിനായി മുതിര്‍ന്ന അഭിഭാഷകന്‍ ജയ്ദീപ് ഗുപത് വാദിക്കും.
സംസ്ഥാന സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം യുവതികള്‍ ശബരിമലയില്‍ പ്രവേശിക്കണോ വേണമോ എന്നതില്‍ കൃത്യമായ നിലപാട് പറഞ്ഞിട്ടില്ല. യുവതി പ്രവേശനത്തെ എതിര്‍ക്കുന്നവരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി വാദിക്കാന്‍ അനുവദിക്കണമെന്ന ആവശ്യമാണ് സംസ്ഥാനസര്‍ക്കാര്‍ മുന്നോട്ടുവച്ചത്. യുവതി പ്രവേശനത്തില്‍ മതപണ്ഡിതരുടെയും സാമൂഹികനേതാക്കളുടെ സമിതി രൂപീകരിച്ച് അഭിപ്രായം തേടണമെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നു. ശബരിമലയില്‍ സ്ത്രീകള്‍ക്കുള്ള പ്രായ വിലക്ക് അനിവാര്യ മതാചാരമാണോയെന്ന് കോടതിക്ക് പരിശോധിക്കാനാകില്ലെന്നാണ് തന്ത്രി സുപ്രീം കോടതിയില്‍ വാദിച്ചത്.
ഓരോ ക്ഷേത്രത്തിലെ പ്രതിഷ്ഠയ്ക്കുമുള്ള സവിശേഷതകളനുസരിച്ച് ആചാരത്തില്‍ മാറ്റങ്ങളുണ്ടാകാം. അവ വിശ്വാസത്തിന്റെ ഭാഗമാണ്. യുക്തി പരിശോധിക്കാനാകില്ലെന്നും തന്ത്രി കണ്ഠര് രാജീവരിനായി മുതിര്‍ന്ന അഭിഭാഷന്‍ വി.ഗിരി വാദിച്ചു. ഭരണഘടനാ തത്വങ്ങളുടെ മാത്രം അടിസ്ഥാനത്തില്‍ ഒരാള്‍ക്ക് വിശ്വാസത്തില്‍ നിലപാടെടുക്കാനാകില്ലെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. കേസില്‍ ഇനി യുവതി പ്രവേശനത്തെ അനൂകൂലിക്കുന്നവരുടെ വാദവും ഈ ആഴ്ച്ച നടന്നേക്കും.
.jpg)

