വൃത്തിയിൽ തിളങ്ങി ശബരിമല; മണ്ഡലകാലത്തിന് മുന്നോടിയായുള്ള ശുചീകരണ ഡ്രൈവ് നിർണായകമായി

Sabarimala shines with cleanliness; Cleanliness drive ahead of Mandalakalam becomes crucial

ശബരിമല: ഈ മണ്ഡല-മകരവിളക്ക് മഹോത്സവ കാലത്ത് വൃത്തിയിലും ശുചിത്വത്തിലും വേറിട്ടുനിൽക്കുകയാണ് ശബരിമല സന്നിധാനവും പരിസരവും. മണ്ഡലകാലം തുടങ്ങുന്നതിന് ഒരു മാസം മുമ്പേ ആരംഭിച്ച മുന്നൊരുക്കങ്ങളും കൃത്യമായ ശുചീകരണ ഡ്രൈവുമാണ് സന്നിധാനത്തെ മാലിന്യമുക്തമാക്കുന്നതിൽ നിർണായകമായത്. വർഷങ്ങളായി അയ്യപ്പ സന്നിധിയിലെത്തുന്ന തീർത്ഥാടകരും ഇത്തവണത്തെ മാറ്റത്തെ ഒരേസ്വരത്തിൽ പ്രശംസിക്കുന്നു.

എവിടെയും കാര്യമായ മാലിന്യങ്ങളില്ലെന്നും, ശുചിമുറികൾ അപ്പപ്പോൾ തന്നെ വൃത്തിയാക്കുന്നുണ്ടെന്നും 37 വർഷമായി മലചവിട്ടുന്ന മാവേലിക്കര സ്വദേശി ജി. പീതാംബരൻ സാക്ഷ്യപ്പെടുത്തുന്നു. പൊതുവിൽ ശുചിത്വമുള്ള അന്തരീക്ഷമാണുള്ളതെന്നും ഇത് വലിയ മാറ്റമാണെന്നും അദ്ദേഹം പറഞ്ഞു. 9 വർഷമായി ശബരിമലയിലെത്തുന്ന തമിഴ്‌നാട് കരൂർ സ്വദേശി സഞ്ജയും സമാനമായ അഭിപ്രായമാണ് പങ്കുവെച്ചത്. ശുചിത്വത്തിന്റെ കാര്യത്തിൽ ഇത്തവണ മികച്ച മുന്നേറ്റമുണ്ടായത് ഏറെ ആഹ്ലാദകരമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ശുചീകരണ തൊഴിലാളികളുടെയും മേൽനോട്ടക്കാരുടെയും എണ്ണം വർദ്ധിപ്പിച്ചതാണ് വൃത്തിയുള്ള സന്നിധാനം യാഥാർത്ഥ്യമാകാനുള്ള പ്രധാന കാരണമെന്ന് ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ പി.എസ്. ശാന്തകുമാർ വ്യക്തമാക്കി. ദേവസ്വം മരാമത്തിന് കീഴിൽ 25 സാനിറ്റേഷൻ സൂപ്പർവൈസർമാരെ പ്രത്യേകം നിയമിച്ചിട്ടുണ്ട്. ഇതിലൂടെ ശുചീകരണ പ്രവർത്തനങ്ങൾ യാതൊരു കാലതാമസവുമില്ലാതെ നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Sabarimala shines with cleanliness; Cleanliness drive ahead of Mandalakalam becomes crucial

മണ്ഡലകാലം ആരംഭിക്കുന്നതിന് ഒരു മാസം മുമ്പ് സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിലായി 200 തൊഴിലാളികൾ ചേർന്ന് നടത്തിയ പ്രത്യേക ശുചീകരണ ഡ്രൈവിലൂടെ ഒന്നേകാൽ ടൺ മാലിന്യമാണ് നീക്കം ചെയ്തത്. ശുചിമുറികൾ വൃത്തിയാക്കുന്നതിനായി മാത്രം 150 തൊഴിലാളികളെ നിയോഗിച്ചിട്ടുണ്ട്. കൂടാതെ, സാനിറ്റേഷൻ സൊസൈറ്റിക്ക് കീഴിൽ ആയിരത്തോളം വിശുദ്ധി സേനാംഗങ്ങളും നിലയ്ക്കൽ മുതൽ സന്നിധാനം വരെ 24 മണിക്കൂറും ശുചീകരണ പ്രവർത്തനങ്ങളിൽ സജീവമാണ്.

താഴെ തിരുമുറ്റം വൃത്തിയാക്കാൻ പരീക്ഷണാടിസ്ഥാനത്തിൽ ആധുനിക യന്ത്രവും (റൈഡ്-ഓൺ ഫ്ലോർ സ്ക്രബ്ബർ ബഗ്ഗി) സന്നിധാനത്ത് എത്തിച്ചിട്ടുണ്ട്. ശുചിമുറികളുടെ ശുചീകരണം സ്വകാര്യ ഏജൻസിക്ക് കൈമാറിയതോടെ പ്രവർത്തനങ്ങളിൽ കൂടുതൽ പ്രൊഫഷണലിസം കൈവരിക്കാനായി. യൂണിഫോം ധരിച്ച തൊഴിലാളികൾ വേഗത്തിലും കാര്യക്ഷമമായും ജോലി ചെയ്യുന്നതിനാൽ ദുർഗന്ധമോ വൃത്തിഹീനമായ അന്തരീക്ഷമോ ഇപ്പോൾ അപൂർവമാണ്. ദേവസ്വം ബോർഡും വിവിധ സർക്കാർ വകുപ്പുകളും തമ്മിലുള്ള മികച്ച ഏകോപനവും പ്രവർത്തനങ്ങൾ സുഗമമാക്കി. മണ്ഡലപൂജയ്ക്ക് ശേഷം നട അടയ്ക്കുന്ന രണ്ട് ദിവസങ്ങളിൽ വലിയ രീതിയിലുള്ള അടുത്ത ഘട്ട ശുചീകരണ പ്രവർത്തനങ്ങൾ നടത്താനാണ് അധികൃതരുടെ തീരുമാനം.

Sabarimala shines with cleanliness; Cleanliness drive ahead of Mandalakalam becomes crucial

Tags