ശബരിമല തീർത്ഥാടകർക്കായി 24 മണിക്കൂർ പോലീസ് ഹെൽപ്പ് ലൈൻ
ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടന കാലയളവിനോടനുബന്ധിച്ച്, തീർത്ഥാടകർക്ക് സഹായങ്ങളും അവശ്യ സേവനങ്ങളും ലഭ്യമാക്കുന്നതിനായി കേരള പോലീസ് പ്രത്യേക ഹെൽപ്പ് ലൈൻ ആരംഭിച്ചു. വിവിധ അടിയന്തര സാഹചര്യങ്ങളിൽ പിന്തുണ നൽകിക്കൊണ്ട് ഈ ഹെൽപ്പ് ലൈൻ 24 മണിക്കൂറും പ്രവർത്തിക്കും. കേരളത്തിനകത്തുള്ള തീർത്ഥാടകർ 14432 എന്ന നമ്പറിലും, കേരളത്തിന് പുറത്തുനിന്ന് വിളിക്കുന്നവർ എസ്ടിഡി (STD) കോഡ് ഉൾപ്പെടെ 04735-14432 എന്ന നമ്പറിലും വിളിക്കണം.
കാണാതാകുന്നവരെ കണ്ടെത്തുന്നതിനും, റോഡപകടങ്ങളിൽ അടിയന്തര നടപടി സ്വീകരിക്കുന്നതിനും, വാഹനങ്ങൾ തകരാറിലാകുമ്പോൾ സഹായം എത്തിക്കുന്നതിനും, തകരാറിലായ വാഹനങ്ങൾ നിലയ്ക്കലിലേക്ക് മാറ്റുന്നതിനായി റിക്കവറി വാഹനങ്ങൾ ഏർപ്പാടാക്കുന്നതിനും ഹെൽപ്പ് ലൈൻ വഴി സഹായം ലഭിക്കുമെന്ന് പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ആർ. ആനന്ദ് അറിയിച്ചു. കൂടാതെ, അടിയന്തര വൈദ്യസഹായം, ആംബുലൻസ് സേവനങ്ങൾ, ആശുപത്രി സൗകര്യങ്ങൾ എന്നിവയും ഇതിലൂടെ ലഭ്യമാക്കും. നീലിമല കയറ്റത്തിനിടയിൽ ഉണ്ടാകുന്ന ഹൃദയസംബന്ധമായ അടിയന്തര സാഹചര്യങ്ങളിൽ വൈദ്യസഹായം ഏകോപിപ്പിക്കുന്നതിനും സംവിധാനമുണ്ട്.
ഇതിനുപുറമെ, നഷ്ടപ്പെട്ട മൊബൈൽ ഫോണുകളും മറ്റ് സാധനങ്ങളും കണ്ടെത്തുന്നതിനുള്ള സഹായം, സ്പോട്ട് ബുക്കിംഗ് ലഭ്യതയെക്കുറിച്ചുള്ള വിവരങ്ങൾ, ശബരിമല ദർശന സമയം, നടതുറക്കുന്ന സമയം, പൂജാ സമയങ്ങൾ എന്നിവയെക്കുറിച്ചുള്ള അന്വേഷണങ്ങൾക്കും തീർത്ഥാടകർക്ക് ഈ സേവനം പ്രയോജനപ്പെടുത്താം. എയർടെൽ, ഐഡിയ, വിഐ മൊബൈൽ നെറ്റ്വർക്ക് ഉപയോക്താക്കൾ ഹെൽപ്പ് ലൈനിലേക്ക് വിളിക്കുന്നതിനായി മെയിൻ അക്കൗണ്ടിൽ ആവശ്യത്തിന് ബാലൻസ് ഉണ്ടെന്ന് ഉറപ്പുവരുത്തേണ്ടതാണ്.
.jpg)

