ശബരിമല തീർത്ഥാടനം; ചെങ്ങന്നൂരിൽ നിന്നുള്ള പ്രത്യേക കെ.എസ്.ആർ.ടി.സി. സർവീസുകൾ 13 മുതൽ ആരംഭിക്കും
ആദ്യഘട്ടത്തിൽ 60 ബസുകളും തിരക്ക് വർധിക്കുന്ന മുറയ്ക്ക് 80 ബസുകളും സർവീസിനായി വിന്യസിക്കും.
പത്തനംതിട്ട: ശബരിമല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് തീർത്ഥാടകർക്കായി ചെങ്ങന്നൂരിൽ നിന്നുള്ള പ്രത്യേക കെ.എസ്.ആർ.ടി.സി. ബസ് സർവീസുകൾ ഈ മാസം 13 മുതൽ ആരംഭിക്കും.
ആദ്യഘട്ടത്തിൽ 60 ബസുകളും തിരക്ക് വർധിക്കുന്ന മുറയ്ക്ക് 80 ബസുകളും സർവീസിനായി വിന്യസിക്കും. മന്ത്രി കെ. മുരളീധരന്റെ അധ്യക്ഷതയിൽ ചേർന്ന ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും അവലോകന യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമായത്. 24 മണിക്കൂറും റൗണ്ട് ദി ക്ലോക്ക് സേവനത്തിനായി ഉദ്യോഗസ്ഥരെയും ജീവനക്കാരെയും സ്ഥലത്ത് വിന്യസിക്കുന്നതായിരിക്കും.
തീർത്ഥാടകർക്കായി വിപുലമായ ആരോഗ്യ-സുരക്ഷാ ക്രമീകരണങ്ങളാണ് ചെങ്ങന്നൂരിൽ ഒരുക്കുന്നത്. ഭക്ഷ്യസുരക്ഷ, കുടിവെള്ള വിതരണം, തടസ്സമില്ലാത്ത വൈദ്യുതി ലഭ്യത എന്നിവ ഉറപ്പാക്കാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്. കൂടാതെ റവന്യൂ, പോലീസ്, ആരോഗ്യം തുടങ്ങിയ വകുപ്പുകളെ ഏകോപിപ്പിച്ച് സംയുക്ത പരിശോധനാ സ്ക്വാഡുകളും ആംബുലൻസ് സൗകര്യങ്ങളും സജ്ജമാക്കും.
ഗവ. ബോയ്സ് ഹൈസ്കൂളിലും പ്രാദേശിക ആശുപത്രിയിലുമായി കിടക്കകളും ഐ.സി.യു. സൗകര്യങ്ങളും അയ്യപ്പഭക്തന്മാർക്കായി പ്രത്യേകം നീക്കിവെക്കും. ഇതിന് പുറമെ റെയിൽവേ സ്റ്റേഷനിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ക്ലിനിക്കും ഹെൽപ് ഡെസ്കും സജ്ജമാക്കും.
സുരക്ഷ ഉറപ്പാക്കുന്നതിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന പോലീസ് കൺട്രോൾ റൂമും 250-ഓളം പോലീസ്, ഹോം ഗാർഡ് ഉദ്യോഗസ്ഥരെയും മേഖലയിൽ നിയോഗിക്കും.നഗരസഭയുടെ നേതൃത്വത്തിൽ 500 പേർക്ക് വിരിവെക്കാനുള്ള സൗകര്യവും 20 പുതിയ ശുചിമുറികളും തയാറാക്കും.
.jpg)

