ശബരിമല തീർഥാടനം: സുരക്ഷയ്ക്കായി വിപുലമായ പോലീസ് സംവിധാനം ഉറപ്പാക്കും:മന്ത്രി രമേശ് ചെന്നിത്തല

KPCC President Appointment; Home Minister Ramesh Chennithala meets Rahul and Priyanka

ശബരിമല തീർഥാടനത്തോടനുബന്ധിച്ച് തീർഥാടകരുടെ സുരക്ഷയും സൗകര്യങ്ങളും ഉറപ്പാക്കാൻ വിപുലമായ പോലീസ് സംവിധാനം ഒരുക്കുമെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല. പോലീസ് മുന്നൊരുക്കങ്ങൾ വിലയിരുത്താൻ മന്ത്രിയുടെ അധ്യക്ഷതയിൽ സെക്രട്ടേറിയറ്റിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.

തിരക്ക് നിയന്ത്രിക്കുന്നതിന് തീർഥാടകർ വെർച്വൽ ക്യു സംവിധാനം പരമാവധി പ്രയോജനപ്പെടുത്തണമെന്ന ബോധവത്കരണം നടത്തും. തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന, കർണാടക എന്നിവിടങ്ങളിലെ പോലീസ് മേധാവികൾക്ക് ഇത് സംബന്ധിച്ച് കേരള ഡിജിപി നേരിട്ട് അറിയിപ്പ് നൽകും. പ്രാദേശിക ഭാഷകളിൽ വാർത്താക്കുറിപ്പുകളും സാമൂഹിക മാധ്യമ പ്രചാരണങ്ങളും നടത്തുന്നതിനൊപ്പം പ്രധാന കേന്ദ്രങ്ങളിൽ സൈൻ ബോർഡുകളും അനൗൺസ്മെന്റ് സംവിധാനങ്ങളും ഒരുക്കും.

ഡ്യൂട്ടിയിലുള്ള പോലീസുകാർ തീർഥാടകരോട് സൗഹൃദപരവും സഹാനുഭൂതിയോടെയുമുള്ള സമീപനം സ്വീകരിക്കണമെന്ന് മന്ത്രി നിർദേശിച്ചു. അടിയന്തര സാഹചര്യങ്ങൾ നേരിടാൻ റാപ്പിഡ് ആക്ഷൻ ഫോഴ്‌സിന്റെയും ഫയർ ആൻഡ് റെസ്‌ക്യൂ ഫോഴ്‌സിന്റെയും സേവനം കാര്യക്ഷമമായി വിന്യസിക്കും. മരക്കൂട്ടം ഉൾപ്പെടെയുള്ള പ്രധാന പാതകളിലെ ഫയർ ഹൈഡ്രന്റുകൾ പ്രവർത്തനക്ഷമമാണെന്ന് ഉറപ്പാക്കാൻ മോക്ക് ടെസ്റ്റുകളും നടത്തും. സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ സുരക്ഷാ സംവിധാനങ്ങളും പോലീസ് സേവനങ്ങളും കുറ്റമറ്റ രീതിയിൽ ഏകോപിപ്പിക്കും.

തീർഥാടകരുടെ യാത്രാസൗകര്യം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി നിലയ്ക്കലിലും ചക്കുപാലത്തും പാർക്കിങ് സൗകര്യം കാര്യക്ഷമമാക്കും. ചക്കുപാലത്തെ മണ്ണ് നീക്കി 400 മുതൽ 500 വരെ അധിക വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള സൗകര്യമൊരുക്കും. മോട്ടോർ വാഹന വകുപ്പുമായി സഹകരിച്ച് തീർഥാടക വാഹനങ്ങളുടെ ഫിറ്റ്‌നസും വേഗവും കർശനമായി പരിശോധിക്കും.

സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിലെ സിസിടിവി നിരീക്ഷണം ശക്തിപ്പെടുത്തി പോലീസ് കൺട്രോൾ റൂമുമായി ബന്ധിപ്പിക്കും. കുന്നാർ ഡാം, പാണ്ടിത്താവളത്തെ വാട്ടർ ടാങ്ക്, എൽപിജി സിലിണ്ടർ സംഭരണ കേന്ദ്രങ്ങൾ, വെടിമരുന്ന് സൂക്ഷിപ്പ് എന്നിവയ്ക്ക് പ്രത്യേക സുരക്ഷ ഏർപ്പെടുത്തും. ആവശ്യമായ സ്ഥലങ്ങളിൽ മതിയായ വെളിച്ചവും ഉറപ്പാക്കും.

സന്നിധാനത്തും പമ്പയിലും വ്യാപാരസ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്ക് നിർബന്ധമായും പോലീസ് വെരിഫിക്കേഷൻ നടത്തണം. ഇവർ തിരിച്ചറിയൽ കാർഡ് കൈവശം വെക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. പമ്പാ നദിയിൽ വസ്ത്രങ്ങൾ ഉപേക്ഷിക്കുന്നത് കർശനമായി തടയും.

ഡ്യൂട്ടിയിലുള്ള പോലീസുകാർക്ക് ഗുണനിലവാരമുള്ള ഭക്ഷണം, ശുചിത്വമുള്ള താമസസൗകര്യം, കുടിവെള്ളം എന്നിവ ഉറപ്പാക്കും. പോലീസ് ക്യാമ്പുകളുടെയും ശുചിമുറികളുടെയും അറ്റകുറ്റപ്പണികൾ നവംബർ ഒന്നിന് മുമ്പായി പൂർത്തിയാക്കാനും മന്ത്രി നിർദേശം നൽകി.

ദേവസ്വം മന്ത്രി കെ. മുരളീധരൻ, ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി മിൻഹാജ് ആലം, സംസ്ഥാന പോലീസ് മേധാവി റവാഡ ആസാദ് ചന്ദ്രശേഖർ, ശബരിമല ചീഫ് പോലീസ് കോ-ഓർഡിനേറ്റർ പി. വിജയൻ, മറ്റ് ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

Tags