ശബരിമല തീർത്ഥാടനം ആരംഭിച്ചതോടെ പമ്പയിലും ശരണപാതകളിലും ഭിക്ഷാടന മാഫിയാ പിടിമുറുക്കുന്നു

ശബരിമല: ശബരിമല തീർത്ഥാടനം ആരംഭിച്ചതോടെ പമ്പയിലും ശരണപാതകളിലും ഭിക്ഷാടന മാഫിയാ പിടിമുറുക്കുന്നു. യാചക നിരോധിത മേഖലയായ ശബരിമലയിൽ സ്ത്രീകളും കുട്ടികളുമടങ്ങുന്ന വൻ സംഘത്തെയാണ് ഭിക്ഷാടന മാഫിയ എത്തിച്ചിരിക്കുന്നത്. ഇവരെ നിലയ്ക്കൽ, പമ്പ, നീലിമല, അപ്പാച്ചിമേട്, ശബരിപീഠം ശരംകുത്തി, ചന്ദ്രാനന്ദൻ റോഡ് എന്നിവിടങ്ങളിലെത്തിച്ചാണ് ഭിക്ഷാടനം നടത്തുന്നത്.
കഴിഞ്ഞ ദിവസങ്ങളിൽ പൊലീസ് നടത്തിയ പരിശോധനയിൽ സ്ത്രീകളും വൃദ്ധരുമുൾപ്പടെ 24 പേരെ പൊലീസ് കണ്ടെത്തി. പമ്പാ പൊലീസ് ജില്ലാ സാമൂഹ്യ നീതിവകുപ്പിനെ കൈമാറിയ ഇവരുടെ സംരക്ഷണ ചുമതല ആറന്മുള കിടങ്ങന്നൂർ കരുണാലയം അമ്മവീടും അടൂർ മഹാത്മാ ജനസേവന കേന്ദ്രവും ഏറ്റെടുത്തു.
രണ്ട് ദിവസം മുൻപ് കണ്ടെത്തിയ തമിഴ്നാട് സ്വദേശികളായ ലഷ്മി (70), മുത്തമ്മ (70), മാരിയമ്മ(75), ഈശ്വരി (61), ഭാഗ്യം (60), പാഞ്ചാലി (80) എന്നിവരുടെ സംരക്ഷണ ചുമതല കരുണാലയം ചെയർമാൻ അബ്ദുൾ അസീസാണ് ഏറ്റെടുത്തത്.
ഇന്നലെ കണ്ടെത്തിയ തമിഴ്നാട് കോവിൽപ്പെട്ടി സ്വദേശിനി രാജലക്ഷ്മി (60) തേനി സ്വദേശിനികളായ ശിവനമ്മാൾ (67), മാമൈ (60), കണ്ണമ്മ (93), സുബ്ബലക്ഷ്മി (62) പഞ്ചമ്മ (75) എന്നിവരാണ് സ്ത്രീകൾ , തേനി സ്വദേശികളായ അനന്ദകുമാർ (30) കരികാലൻ (18) ബീഹാർ സ്വദേശികളായ ഗോപാൽ ഗിരി (22), അനിൽകുമാർ (24), ചന്ദകുമാർ (20, രാജ് കുമാർ (26) , മുകേഷ് കുമാർ (20), സന്തോഷ് കുമാർ (20) മനോജ് കുമാർ (20) രവികുമാർ (26) അഖിലേഷ് കുമാർ (23) അഖിലേഷ് (24 ) എന്നിവരെ പമ്പയിലെത്തിയ അടൂർ മഹാത്മാ ജനസേവന കേന്ദ്രം ചയർമാൻ രാജേഷ് തിരുവല്ല, സെക്രട്ടറി പ്രീഷിൽഡ, മാനുഷിക സേവാ പ്രവർത്തകരായ മഞ്ജുഷ വിനോദ്, നിഖിൽ ഡി, പ്രീത ജോൺ, വിനോദ് ആർ, അമൽരാജ് എന്നിവർ ചേർന്നാണ് ഏറ്റെടുത്തത്.ഇവരിൽ ആവശ്യമുള്ളവർക്ക് സംരക്ഷണമൊരുക്കുമെന്നും, ബാക്കിയുള്ളവരെ സ്വദേശത്തേക്ക് എത്തിക്കുമെന്നും രാജേഷ് തിരുവല്ല അറിയിച്ചു.