ശബരിമല മണ്ഡല - മകരവിളക്ക് മഹോത്സവം : പന്തളം ഇടത്താവളത്തിൽ മികച്ച സൗകര്യങ്ങൾ ഒരുക്കുമെന്ന് മന്ത്രി കെ മുരളീധരൻ
ശബരിമല : ശബരിമല മണ്ഡല - മകരവിളക്ക് മഹോത്സവത്തിന്റെ ഭാഗമായി പന്തളം വലിയ കോയിക്കൽ ക്ഷേത്രത്തിൽ എത്തുന്ന തീർത്ഥാടകർക്ക് മികച്ച സൗകര്യങ്ങൾ ഒരുക്കുമെന്ന് ദേവസ്വം, ആരോഗ്യവകുപ്പ് മന്ത്രി കെ മുരളീധരൻ. പന്തളം ക്ഷേത്രം ഇടത്താവളത്തിൽ ദേവസ്വം ബോർഡും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സർക്കാർ വകുപ്പുകളും ഏർപ്പെടുത്തേണ്ട ക്രമീകരണങ്ങൾ ചർച്ച ചെയ്യാൻ ക്ഷേത്രം ഓഡിറ്റോറിയത്തിൽ ചേർന്ന അവലോകന യോഗത്തിൽ അധ്യക്ഷനായിരുന്നു മന്ത്രി. നവംബർ 17 ന് തീർത്ഥാടനകാലം ആരംഭിക്കുകയാണ്.
തീർത്ഥാടകർക്ക് ഏറ്റവും സുഗമായി ദർശനം നടത്താൻ അവസരമൊരുക്കും. ഇതിന്റെ തയ്യാറെടുപ്പുകൾ ജൂലൈ മാസം മുതൽ തന്നെ സർക്കാർ ആരംഭിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെയും ദേവസ്വം മന്ത്രിയുടെയും നേതൃത്വത്തിൽ ഉന്നതതല യോഗങ്ങൾ നടത്തി. മുഖ്യമന്ത്രി പമ്പയിലും സന്നിധാനത്തും നേരിട്ടെത്തി സ്ഥിതിഗതികൾ വിലയിരുത്തി. ശബരിമലയോളം തന്നെ പ്രാധാന്യമുള്ള പന്തളത്തും വകുപ്പുകൾ ക്രമീകരണങ്ങൾ ഉറപ്പാക്കണമെന്ന് മന്ത്രി പറഞ്ഞു. വാട്ടർ അതോറിറ്റി പന്തളത്തും സമീപ പ്രദേശത്തും തടസ്സമില്ലാതെ കുടിവെള്ളം ലഭ്യമാക്കണം. കുളികടവുകളിലെ ചെളിയും എക്കലും നീക്കം ചെയ്യുന്നത്, കടവുകളുടെ പരിപാലനം, മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കുന്നത് എന്നിവ ഇറിഗേഷൻ വകുപ്പ് ഉറപ്പാക്കണം. കെഎസ്ഇബിയുടെ അറ്റകുറ്റപ്പണികൾ തീർത്ഥാടനം ആരംഭിക്കുന്നതിന് മുമ്പായി പൂർത്തിയാക്കണം. വൈദ്യുതി തടസപ്പെടുത്തിയുള്ള പ്രവൃത്തികൾ പിന്നീട് അനുവദിക്കില്ല.
അപകടാവസ്ഥയിലുള്ള മരങ്ങളും ചില്ലകളും മുറിച്ചുമാറ്റുന്നതിനും തിരുവാഭരണ പാതയ്ക്ക് വഴിതെളിക്കുന്നതിനുമുള്ള ചുമതല വനം വകുപ്പിനാണ്. കെഎസ്ആർടിസി പന്തളത്തുനിന്ന് പമ്പയിലേക്കും തിരികെയും പ്രത്യേക ബസ് സർവീസുകൾ ക്രമീകരിക്കണം. ആരോഗ്യവകുപ്പ് ഏർപ്പെടുത്തേണ്ട ക്രമീകരണങ്ങൾ പ്രത്യേക പരിഗണന നൽകി നടപ്പാക്കും. ആവശ്യത്തിന് മരുന്നും കൂടുതൽ ആംബുലൻസുകളുടെ ലഭ്യതയും ഉറപ്പാക്കിയിട്ടുണ്ട്. പന്തളം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലും തിരുവാഭരണ ഘോഷയാത്ര കടന്നുപോകുന്ന പാതകളിലെ ആരോഗ്യ കേന്ദ്രങ്ങളിലും സൗകര്യങ്ങൾ ഏർപ്പെടുത്തും. ഹോട്ടലുകളിൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ കർശന പരിശോധന ഉണ്ടാകും.
തീർത്ഥാടനവുമായി ബന്ധപ്പെട്ട് തദ്ദേശസ്ഥാപനങ്ങൾക്ക് സർക്കാർ സഹായം വേണ്ട വിഷയങ്ങൾ അടിയന്തരമായി അറിയിക്കാനും മന്ത്രി നിർദേശിച്ചു. ദേവസ്വം ബോർഡിന്റെ പ്രവൃത്തികളുടെ പുരോഗതി യോഗത്തിൽ വിലയിരുത്തി. പരാതിരഹിത തീർത്ഥാടന കാലം ഒരുക്കുന്നതിന് വകുപ്പുകൾ ഏകോപനത്തോടെ പ്രവർത്തിക്കണം. ദീർഘകാല അടിസ്ഥാനത്തിൽ നടത്തേണ്ട പ്രവൃത്തികൾ ഈ തീർത്ഥാടന കാലം കഴിയുമ്പോൾ തന്നെ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.
.jpg)

