ശബരിമല മിൽമ നെയ്യ് തട്ടിപ്പ് കേസ് ; ദേവസ്വം ബോർഡ് ജീവനക്കാരൻ വിജിലൻസ് പിടിയിൽ
ശബരിമല മിൽമ നെയ്യ് തട്ടിപ്പ് കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിലെ പഞ്ചവാദ്യം ജീവനക്കാരനും നെയ്യ് സ്റ്റോർ സൂപ്രണ്ടിന്റെ ഓഫീസിലെ ജീവനക്കാരനുമായ ജയലാലിനെ വിജിലൻസ് അറസ്റ്റ് ചെയ്തു. സന്നിധാനത്തേക്ക് മിൽമ നെയ്യ് എത്തിയതായി വ്യാജ രേഖ ചമച്ച് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തതിൽ ഇയാൾക്ക് നേരിട്ട് പങ്കുണ്ടെന്നാണ് വിജിലൻസിന്റെ കണ്ടെത്തൽ. കേസിൽ നേരത്തെ അറസ്റ്റിലായ ട്രാൻസ്പോർട്ടിംഗ് കരാറുകാരൻ എസ്.എസ്. ബിനു നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ജയലാലിനെ വിജിലൻസ് പിടികൂടിയത്.
കഴിഞ്ഞ മണ്ഡല-മകരവിളക്ക് തീർത്ഥാടന കാലത്ത് സന്നിധാനത്ത് വിതരണം ചെയ്യേണ്ടിയിരുന്ന ശുദ്ധമായ മിൽമ നെയ്യ് തമിഴ്നാട്ടിലെ രണ്ട് സ്വകാര്യ ഏജൻസികൾക്ക് മറിച്ചുവിൽക്കുകയാണ് സംഘം ചെയ്തത്. ഇതിനുപകരം ഗുണനിലവാരം കുറഞ്ഞ മോശം നെയ്യ് സന്നിധാനത്ത് എത്തിച്ച് ഭക്തർക്ക് വിതരണം ചെയ്തതിലൂടെ ദേവസ്വം ബോർഡിന് വൻ സാമ്പത്തിക നഷ്ടമാണ് ഉണ്ടായിട്ടുള്ളത്. സംഭവത്തിൽ കൂടുതൽ ഉദ്യോഗസ്ഥർക്ക് പങ്കുണ്ടോയെന്ന കാര്യം വിജിലൻസ് വിശദമായി അന്വേഷിച്ചുവരികയാണ്.
.jpg)

