അടിമുടി മാറ്റത്തിനൊരുങ്ങി ശബരിമല; ഡിജിറ്റല്‍ മേക്കോവറിന് വെയ്റ്റിംഗ് ...!
കൊച്ചി: തിരക്ക് കണക്കിലെടുത്ത് അടിമുടി മാരൻ ഒരുങ്ങുകയാണ് ശബരിമല.ശബരിമലയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഡിജിറ്റല്‍ നവീകരണത്തിനാണ് ദേവസ്വം ബോര്‍ഡ് തുടക്കം കുറിച്ചിരിക്കുന്നത്. തിരക്ക് കൂടുതലായതിനാല്‍ ശബരിമലയിലേക്കുള്ള യാത്ര ഏതാനും മണിക്കൂറുകള്‍ വൈകിപ്പിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് ഭക്തരുടെ മൊബൈല്‍ ഫോണിലേക്ക് ഒരു സന്ദേശം വരുന്നു; അല്ലെങ്കില്‍ കിലോമീറ്ററുകള്‍ നീളുന്ന വരിയില്‍ നില്‍ക്കാതെ, ഒരു കൗണ്ടറിലെത്തി ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്ത് നിമിഷങ്ങള്‍ക്കകം അരവണ പ്രസാദം വാങ്ങി മടങ്ങുന്നു- ഇത്തരത്തിലാണ് പുതിയമാറ്റങ്ങൾ യാഥാർഥ്യമാക്കുവാൻ പോകുന്നത്.
റിട്ടയേഡ് ഐഎഎസ് ഉദ്യോഗസ്ഥനായ ഡോ. സന്തോഷ് ബാബുവിന്റെ നേതൃത്വത്തിലുള്ള ഉന്നതാധികാര 'പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റ്' ഇതിനായുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. ശബരിമല ഉള്‍പ്പെടെ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള 1,250 ഓളം ക്ഷേത്രങ്ങള്‍, സ്‌കൂളുകള്‍, കോളജുകള്‍, വാണിജ്യ സ്ഥാപനങ്ങള്‍ എന്നിവയെല്ലാം പുതിയ ഡിജിറ്റല്‍ ശൃംഖലയുടെ കീഴിലേക്ക് വരും. ഭക്തരുടെ ബുദ്ധിമുട്ടുകള്‍ പൂര്‍ണമായും ഒഴിവാക്കി എല്ലാ സേവനങ്ങളും സുഗമമാക്കുകയാണ് ലക്ഷ്യമെന്ന് ഡോ. സന്തോഷ് ബാബു പറഞ്ഞു.
താമസം ബുക്ക് ചെയ്യല്‍, വഴിപാടുകള്‍, ബില്ലിങ്, സ്റ്റോക്ക് വിവരങ്ങള്‍, പര്‍ച്ചേസ്, ഫിനാന്‍സ് എന്നിവയെല്ലാം ഇനി ഒരൊറ്റ പ്ലാറ്റ്ഫോമിന് കീഴില്‍ വരും. ആദ്യഘട്ടത്തില്‍ ശബരിമലയ്ക്കാണ് മുന്‍ഗണന. 'നിലവില്‍ തീര്‍ത്ഥാടകര്‍ പലപ്പോഴും ദര്‍ശന സമയത്തിന് 6 മുതല്‍ 8 മണിക്കൂര്‍ മുന്‍പ് തന്നെ യാത്ര തിരിക്കാറുണ്ട്. ഇത് വലിയ രീതിയിലുള്ള ഗതാഗതക്കുരുക്കിനും തിരക്കിനും കാരണമാകുന്നു. ഇനി മുതല്‍ ഭക്തര്‍ വീട്ടില്‍ നിന്ന് ഇറങ്ങുന്നത് മുതല്‍ അവരുടെ യാത്ര നിയന്ത്രിക്കാന്‍ ഡിജിറ്റല്‍ സംവിധാനത്തിലൂടെ സാധിക്കും. സന്നിധാനത്തെ തിരക്ക് അനുസരിച്ച്, യാത്ര അല്പം വൈകിപ്പിക്കാന്‍ ഭക്തര്‍ക്ക് നിര്‍ദ്ദേശം നല്‍കാനാകും.' -ഡോ. സന്തോഷ് ബാബു വ്യക്തമാക്കി. വിമാനത്താവളങ്ങളിലെ 'ഡിജി യാത്ര' സംവിധാനത്തിന് സമാനമായി ഭക്തര്‍ക്ക് തടസ്സമില്ലാത്ത ദര്‍ശനാനുഭവം ശബരിമലയില്‍ ഒരുക്കുകയാണ് തന്റെ സ്വപ്നമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
.jpg)

