ശബരിമല സ്വർണ്ണക്കൊള്ള കേസ് ; ഉണ്ണികൃഷ്ണൻ പോറ്റിയേയും മുരാരി ബാബുവിനെയും ഇന്ന് കസ്റ്റഡിയിൽ വാങ്ങും

unnikrishnan potty
unnikrishnan potty

ശബരിമല സ്വർണ്ണക്കൊള്ള കേസിൽ റിമാൻഡിൽ കഴിയുന്ന ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയേയും മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിനെയും വിശദമായ ചോദ്യം ചെയ്യലിനായി പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) ഇന്ന് കസ്റ്റഡിയിൽ വാങ്ങും. രണ്ട് ദിവസത്തെ കസ്റ്റഡിയിൽ വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ട് അന്വേഷണ സംഘം കൊല്ലം വിജിലൻസ് കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്. സ്വർണ്ണക്കൊള്ളയിൽ ഉൾപ്പെട്ട ഉന്നത വ്യക്തികളെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കാനാണ് പ്രതികളെ കസ്റ്റഡിയിലെടുക്കുന്നത്. മുരാരി ബാബു കട്ടിളപ്പാളി, ദ്വാരപലക കേസുകളിലും പ്രതിയാണ്. ബോർഡ് തീരുമാനം അനുസരിക്കുക മാത്രമാണ് താൻ ചെയ്തതെന്നും സ്വർണ്ണക്കൊള്ളയിൽ പങ്കില്ലെന്നുമാണ് മുരാരി ബാബുവിന്റെ വാദമെങ്കിലും, ഉണ്ണികൃഷ്ണൻ പോറ്റിക്ക് സ്വർണ്ണപ്പാളികൾ കൈമാറിയതിലെ ഗൂഢാലോചനയിൽ അദ്ദേഹത്തിന് പങ്കുണ്ടെന്നാണ് എസ്ഐടിയുടെ കണ്ടെത്തൽ. അതേസമയം, മറ്റൊരു പ്രതിയായ മുൻ എക്സിക്യൂട്ടീവ് ഓഫീസർ സുധീഷ് കുമാറിന്റെ ജാമ്യാപേക്ഷയിലും കോടതി ഇന്ന് വിധി പറയും.

tRootC1469263">

അതേസമയം ശബരിമല സ്വർണ്ണക്കൊള്ള കേസ് ഇന്ന് പാർലമെന്റിന്റെ ശ്രദ്ധയിലെത്തും. യുഡിഎഫ് എംപിമാർ കേസിൽ കോടതി മേൽനോട്ടത്തിൽ കേന്ദ്ര ഏജൻസിയുടെ അന്വേഷണം ആവശ്യപ്പെട്ട് ഇന്ന് പാർലമെന്റ് കവാടത്തിൽ ധർണ്ണ നടത്തും. തദ്ദേശ ഭരണ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് തൊട്ടുപിന്നാലെയാണ് ആൻ്റോ ആൻ്റണിയുടെ ഏകോപനത്തിൽ പ്രതിഷേധ നീക്കം ശക്തമാക്കുന്നത്. സംസ്ഥാനത്തെ എസ്ഐടി അന്വേഷണത്തിന് തടസ്സങ്ങളുണ്ടെന്നും യുഡിഎഫ് എംപിമാർ ആരോപിക്കുന്നു. നേരത്തെ, കെ.സി. വേണുഗോപാലും ഹൈബി ഈഡനും ലോക്സഭയിൽ ഈ വിഷയം ഉന്നയിച്ചിരുന്നു. രാജ്യസഭയിൽ ഇന്ന് എസ്ഐആർ വിഷയത്തിലെ ചർച്ച തുടരും. അതേസമയം, ലോക്സഭയിൽ ഇന്ന് ധനവിനിയോഗ ബിൽ ചർച്ചയ്ക്കെടുക്കും.

Tags